കൊല്ലം : പത്തനാപുരം കേരള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്റെ വള ഗോഡൗണിന്റെ സമീപത്തായി കഞ്ചാവ് ചെടികള്‍ കണ്ടെത്തി. എസ്റ്റേറ്റിനുള്ളില്‍ റബ്ബര്‍ തൈകള്‍ പ്ലാന്റ് ചെയ്യുന്നതിനായി തൊഴിലാളികള്‍ കാടുവെട്ടിത്തളിക്കുന്നതിനിടെയാണ് കഞ്ചാവ് കൃഷി ശ്രദ്ധയില്‍ പെടുന്നത്.
തുമ്പ ചെടിയാണെന്നാണ് സ്ത്രീകള്‍ കരുതിയത്. വെട്ടിക്കളയാന്‍ ഫീല്‍ഡ് സൂപ്പര്‍വൈസറെ കാണിച്ചതോടെയാണ് കഞ്ചാവ് ചെടിയാണെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് എസ്റ്റേറ്റ് മാനേജര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഐ. നൗഷാദ് അടങ്ങുന്ന സംഘം സ്ഥലത്തെത്തി ചെടികള്‍ പരിശോധിച്ചുറപ്പിച്ചു. ചെടികള്‍ സാമാന്യം നന്നായി വളര്‍ന്നിരുന്നു. കഞ്ചാവ് ചെടികളില്‍ ഒരെണ്ണത്തിനു 172 സെന്റീമീറ്റര്‍ നീളവും മറ്റൊന്നിന് 112 സെന്റീമീറ്റര്‍ നീളവും ഉണ്ട്. ഗോഡൗണ്‍ കെട്ടിടത്തിന്റെ മറവിലായതിനാല്‍ കഞ്ചാവ് ചെടികള്‍ വളര്‍ന്നു നിന്നത് ആരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
മഴക്കാലമായതിനാല്‍ ഈ ഭാഗത്തേക്ക് ആരും വരില്ലെന്ന് മനസ്സിലാക്കിയാണ് സംഘം കഞ്ചാവ് കൃഷി ചെയ്തതെന്നാണ് കരുതുന്നത്. പ്രദേശത്തേയ്ക്ക് ചില യുവാക്കള്‍ വരാറുണ്ടെന്നും ഇവര്‍ വെള്ളം കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നതായി തൊഴിലാളികള്‍ എക്സൈസിനെ അറിയിച്ചിട്ടുണ്ട്. ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: