(അവസാന ഭാഗം)
ഭ്രാന്തചിത്തനായ് നിന്നുപോയ് തെല്ലിട
ഒട്ടുനേരം കഴിയവേ ജാഗരം
വിട്ടുപോല് ബുദ്ധി വീണ്ടും തെളിയവേ
പാര്ത്ഥിവേന്ദ്രഹൃദയത്തില് മെല്ലെയാ-
ഥാര്ത്ഥ്യബോധമുണര്ന്നു ചിന്തിക്കയായ്
എന്തുരംഗമിതെന്തൊരു വാക്കുകള്‍
ഹന്തതാനിന്നു കാണ്മതും കേള്‍പ്പതും
പ്രാണനാഥനും പുത്രനും മൃത്യുവിന്
പാണിയില്പെട്ടനന്യശരണയായ്
വന്നുകൈനീട്ടി യാചിപ്പു ദുശ്ശള
പൊന്നിളം കുഞ്ഞുപൈതലിന് പ്രാണനെ
ജീവിതത്തില്‍ സമസ്തവും പൊയ്പ്പോയ
ജീവിതന്നേകമോഹാങ്കുരത്തിനെ
എത്രയോ താന്‍ പണിപ്പെട്ടുകൊന്നൊരു
ശത്രുവിന്ജായ മല്പ്രാണസോദരി
പുത്രശോകാര്ത്തയായ് തന്റെ മുന്‍പിലീ
പൗത്രജീവനിരക്കുന്നു ഭാമിനീ
കണ്ടുനില്ക്കാന് കഴിയുന്നതില്ലമേ
വിണ്ടുകീറുന്നു മാമകചേതന
കാളലുണ്ടായതില്ലെന്റെ ഹൃത്തിലാ-
കാളപൃഷ്ഠോഗ്രബാണമേറ്റപ്പോഴും
എന്നു മൃത്യുവശഗനായ് മല്പിതാ
വന്നുതൊട്ടേറെ വാത്സല്യവായ്പിനാല്
ആരു ലാളിച്ചു പോറ്റിവളര്ത്തിയാ-
ക്കുരുകുലാധിപനംബികാനന്ദനന്
പുത്രിയില്ലാതെ ദുഃഖിച്ചുവാഴ്കെയ-
ന്നത്രവന്നു പിറന്നവളാണിവള്
നൂറ്റുവര്ക്കല്ല തങ്ങളുള്‍പ്പെട്ടൊരു
നൂറ്റിയഞ്ചുപേര്ക്കേകസഹോദരി
മത്സരിച്ചിരുന്നന്യോന്യമെപ്പോഴും
വത്സലത്വം പകര്ന്നിവള്ക്കേകുവാന്
വേണമായിരുന്നെപ്പോഴും കൂട്ടിനു
പ്രാണതുല്യനാം കുഞ്ഞേട്ടനീയിവന്
കാലമെത്രയോ പിന്നിട്ടു മുന്പുഞാന്
പേലവാംഗിയെക്കണ്ടതില് പിന്നെയും
ഇണ്ടല്‍ പൂണ്ടു വിധവയായീവിധം
കണ്ടിടാതിരുന്നെങ്കിലെന്നാശയായ്
കല്പനകള് പുറകോട്ടു പോകവേ
നില്പു ദുശ്ശള മംഗല്യവേദിയില്‍
സുന്ദരാംഗിയായ് മന്ദാക്ഷലോലയായ്
കുന്ദബാണജയവൈജയന്തിയായ്
അഭ്രവീഥിയില് നീന്തിനീങ്ങുന്നൊരു
ശുഭ്രശാരദനീരദക്കീറുപോല്
സിന്ധുരാജന്റെ കയ്യും പിടിച്ചു നീ
ബന്ധുരാംഗി നടന്നു നീങ്ങീടവേ
തിങ്കള്‍നേര്‍മുഖി ശൂന്യമായ് മാനസം
പൈങ്കിളിപോയ പഞ്ജരം പോലവേ
തേരിലേറി ജയദ്രഥനൊത്തു നീ
വീരഭാമിനി പോവതും നോക്കി ഞാന്‍
കണ്ണില്‍ നിന്നു മറയുന്നതു വരെ
കണ്ണിമയ്ക്കാതെ നിന്നുപോയ് നിശ്ചലം
അത്ഭുതാനന്ദരോമഹര്ഷങ്ങളാല്
സുഭ്രുരത്നമേ ഹര്‍ഷാശ്രു തൂകി ഞാന്‍
അംഗനാമണി നേര്‍ന്നു ഞാനായിരം
മംഗളങ്ങള്‍ നിനക്കന്നു സോദരീ
അന്നുകണ്ടതില്പ്പിന്നെ ഞാന്‍ ദുശ്ശളേ
നിന്നെയിന്നാണു കാണുന്നതാദ്യമായ്
ഒന്നു ചിന്തിക്കുവാന്‍ കൂടി വയ്യെനി-
യ്ക്കന്നുകണ്ടതും ഇന്നു ഞാന്‍ കാണ്മതും
ഏവമാത്മവിലാപങ്ങള് ചെയ്തവന്
ഭൂവലാരിസുതയോടു ചൊല്ലിനാള്‍
നിര്ത്തിടുന്നിതാ സോദരീ സംഗരം
നിര്‍ത്തി ഞാന്‍ നിരുപാധികം നിര്‍ത്തി ഞാന്‍
ഭീതി തോന്നേണ്ടൊരിക്കലുമെന്നില് നി-
ന്നേതുമുണ്ടാകയില്ലൊരുപദ്രവം
പേര്ത്തുമേറെപ്പലതും പറഞ്ഞവള്‍-
ക്കാര്ത്തിപോക്കിനാനാശ്വാസമേകിനാന്
തന്നടുത്തു നിറുത്തി നിറുകയില്‍-
ത്തന്നെയഞ്ഞൂറുവട്ടം മുകര്‍ന്നവന്‍
നാരിതന്മേനി കെട്ടിപ്പിടിച്ചുടന്
സാരസാക്ഷിതന് കണ്ണുനീരൊപ്പിനാന്
പോക പിന്തിരിഞ്ഞെന്പ്രിയവത്സലേ
പോക മല്പ്രാണസോദരീ ദുശ്ശളെ
ഹസ്തമര്പ്പിച്ചു കുഞ്ഞിന് ശിരസ്സിലായ്
സ്വസ്തി ആയുഷ്മാനാവട്ടെ സൗമ്യ നീ
പിഞ്ചുകുഞ്ഞിനെ മാറിലണച്ചുകൊ-
ണ്ടഞ്ചിതാംഗി തിരിച്ചു നടന്നുപോയ്
പാടലാഭയില്‍ ദൂരെ മറയവെ
നെടിയവീര്പ്പൊന്നു വിട്ടു ധനഞ്ജയന്
അശ്വമേധഹയവും തെളിച്ചുകൊ-
ണ്ടശ്ശചീപതിപുത്രനും യാത്രയായ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: