പ്രൊഫ. ഡി. അരവിന്ദാക്ഷന്
കേരളം വികസന മുരടിപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് 2021 – 22 വര്‍ഷത്തെ ബജറ്റ് തെളിയിക്കുന്നത്. ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച കമ്മി പതിനാറായിരം കോടിയുടേതാണ്. റവന്യൂവരവ് പ്രതീക്ഷിച്ചതിലും 18 ശതമാനം കുറഞ്ഞു എഴുപത്തിരണ്ടായിരം കോടിയിലെത്തി. നികുതിയും മറ്റ് വരുമാനങ്ങളും കൂടിചേര്‍ന്നാണ് റവന്യൂവരവ്. ശമ്പളം, പെന്ഷന്, പലിശ എന്നിവയിലെ ചെലവ് എണ്‍പത്തി രണ്ടായിരം കോടിയാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്നും ധനക്കമ്മി നികത്താന്‍ ലഭിച്ച പത്തൊന്‍പതിനായിരം കോടിയടക്കം നാല്‍പ്പതിനായിരം കോടി കിട്ടിയത് കൊണ്ട് ആകെ വരവ് ഒരു ലക്ഷത്തി പന്ത്രണ്ടായിരം കോടിയായി. ഇതോടൊപ്പം മുപ്പത്തിരണ്ടായിരം കോടി പുതുതായി കടമെടുത്താണ് 2020 – 21 വര്‍ഷത്തെ ചെലവുകള്‍ തട്ടിമുട്ടി പോയത്. അപ്പോള്‍ പദ്ധതി ചെലവുകള്‍ക്ക് മാറ്റിവച്ച പതിനയ്യായിരം കോടി കൊണ്ട് വികസന പദ്ധതികള്‍ ഒട്ടുംതന്നെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് തെളിയുന്നത്.
ഇരുപത്ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്നാണ്സ്ഥാനമൊഴിഞ്ഞ ധനമന്ത്രി തോമസ്ഐസക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിച്ച ‘ജംബോ’ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ധനമന്ത്രിപറയുന്നത് 8300 കോടിരൂപ പലിശ സഹായമായി നല്‍കുമെന്നാണ്. ചെറുകിട – ഇടത്തരം സംരംഭങ്ങളും കുടുംബശ്രീ സംരംഭങ്ങളും വഴി അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം എന്നാണ്. ഇത് ഒട്ടും പ്രായോഗികമല്ല. ഇപ്പോള്‍ നിലവിലുള്ള ഒരുലക്ഷത്തിനാല്‍പ്പതിനായിരം ചെറുകിട യൂണിറ്റുകളില്‍ അന്പതിനായിരത്തില് താഴെമാത്രം യൂണിറ്റുകളെ നാമമാത്രമായി പ്രവര്‍ത്തിക്കുന്നുള്ളു. കുടുംബശ്രീ സംരംഭങ്ങള്‍ അയല്‍കൂട്ടങ്ങളും മറ്റുമായി ഇപ്പോള്‍ തന്നെ ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റുകിട്ടുന്നതില്‍നിന്നും തുച്ഛമായ വേതനം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. കേരളത്തിലെ മിനിമം ദിവസ വേതനം 700 രൂപ എന്നിരിക്കെ 200 രൂപനിരക്കില്‍ മാത്രമാണ്കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വരുമാനം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പി.എസ്.സി. മുഖേന രണ്ടരലക്ഷം പേര്‍ക്ക് മാത്രമേ തൊഴില്‍ നല്കാന് കഴിയൂ. നയപ്രഖ്യാപനത്തിലും ബജറ്റിലും പ്രഖ്യാപിച്ച ഐ.ടി. ഉള്‍പ്പെടെയുള്ള മറ്റ് പദ്ധതികള്‍ അടക്കം പരമാവധി അഞ്ചുലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിയ്ക്കുക.
ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ഗുരുതരമായ വീഴ്ചയും വരുത്തി. ഇരുപതിനായിരം കോടിയുടെ രണ്ടാംകൊറോണ വികസന പാക്കേജ് പ്രഖ്യാപിച്ച മന്ത്രി എണ്ണായിരത്തിതൊള്ളായിരം കോടിരൂപ പാവപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും അറിയിച്ചു. എന്നാല്‍ ബജറ്റ് അവതരണത്തിന് ശേഷം പുറത്ത് നടത്തിയ പത്രസമ്മേളനത്തില്‍ എണ്ണായിരത്തിതൊള്ളായിരം കോടി രൂപ പാവപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെയും ക്ഷേമപെന്‍ഷനുകളുടെയും തുകയാണെന്ന് മാറ്റി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ തുക കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ്. ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനുള്ള വിഹിതവും കേന്ദ്രം നല്‍കുന്നുണ്ട്. ഇത് ഗുരുതരമായ ഭരണഘടനാലംഘനവും സത്യപ്രതിജ്ഞാലംഘനവും നിയമസഭയുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ഇത് സംബന്ധിച്ച് പ്രതിപക്ഷത്തെ പരിചയസമ്പന്നരായ സാമാജികര്‍ പ്രതികരിച്ചില്ല. കേന്ദ്രസഹമന്ത്രി വി. മുരളീധരന് മാത്രമാണ് ജനങ്ങളെ പറ്റിക്കാനുള്ള ബജറ്റാണ് ഇതെന്ന് പറഞ്ഞത്. നിയമസഭയുടെ അവകാശങ്ങള്‍ ധനമന്ത്രി തന്നെ ലംഘിക്കുന്നത് അദ്ദേഹം ധനമന്ത്രിയാകാന്‍ അയോഗ്യനാണെന്നുള്ള സ്വയം പ്രഖ്യാപനമാണ്. ധനമന്ത്രിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഏതൊരാളിനും ഉന്നതാധികാര കോടതികളെ സമീപിക്കാവുന്നതാണ്.
കടം കൊണ്ട് മുടിഞ്ഞ ബജറ്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. കിഫ്ബിയുടെയും പൊതു മേഖലാസ്ഥാപനങ്ങളുടെയും കടം കൂടികണക്കിലെടുത്താല്‍ സംസ്ഥാനത്തിന്റെ പൊതുകടം നാലുലക്ഷം കോടിയില്‍ അധികമായിരിക്കുന്നു. സംസ്ഥാനത്തിന്റെ ആകെ ജിഡിപി എട്ടു ലക്ഷം കോടിയാണ്. ഇങ്ങനെ പോയാല്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ പൊതുകടം എട്ടുലക്ഷം കോടിയിലെത്തും. അപ്പോള്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങും. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങും. സര്‍ക്കാരിന്റെ നടത്തിപ്പ് എന്ന ബിസിനസ് പൂട്ടിപോകും.
245 ഏക്കര്‍ ഭൂമി നല്കി കൊച്ചിയില്‍ ആരംഭിച്ച സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ എത്രപേര്‍ക്ക് തൊഴില്‍ ലഭിച്ചെന്നോഇനി എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നോവ്യക്തമല്ല. കൊച്ചി സ്മാര്‍ട്ട്സിറ്റിയുടെ പണിയാരംഭിച്ചിട്ട് പതിനാറ് വര്‍ഷമായിട്ടും നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ പണിയാരംഭിച്ചിട്ട് അഞ്ചു വര്‍ഷമായെങ്കിലും 20% പണി മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. ഇനി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വകുപ്പ് മന്ത്രി പറയുമെങ്കിലും ഇതുവരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞത് 15 വര്‍ഷമെങ്കിലും എടുക്കും. കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളെ കുറിച്ച് നയപ്രഖ്യാപനത്തില്പറഞ്ഞെങ്കിലും ബജറ്റില്‍ പണം നീക്കിവച്ചില്ല. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍വേ സില്‍വര്‍ലൈനിന്റെ പാരിസ്ഥിതിക ആഘാതപഠനം നടത്തിയത് അംഗീകാരമില്ലാത്ത ഏജന്‍സിയാണെന്ന് ആക്ഷേപമുണ്ട്. അങ്ങനെവന്നാല്‍ പദ്ധതിക്ക് കേന്ദ്രപരിസ്ഥിതി വകുപ്പിന്റെ അനുമതിലഭിക്കാന്‍ ഇടയില്ല. ഇന്ത്യന്‍ റെയില്‍വേക്ക് 49% ഓഹരിപങ്കാളിത്തമുള്ള പദ്ധതിയാണിത്. മേല്‍പ്പറഞ്ഞ പദ്ധതികളൊന്നും അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക്തൊഴില്‍ നല്കാന് കഴിയില്ല.
തൊഴില്‍ നൈപുണ്യം നല്‍കുന്നതിനായി മൂന്നൂറുകോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കേരളത്തിലെ എംപ്ലോയ്മെന്റില്‍ രജിസ്റ്റര്‍ ചെയ്ത അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ എണ്ണം നാല്പതുലക്ഷത്തില് അധികമാണ്. ഇവരില്‍ ഇരുപത്ലക്ഷം പേരെ നൈപുണ്യ പരിശീലനം നല്കി തൊഴില്‍ദാതാക്കളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നാണ് ധനമന്ത്രിപ്രഖ്യാപിച്ചത്. കേരളത്തിലെ തൊഴില്‍ ദാതാക്കളില്‍ പ്രധാനം കേരളാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാസ്ഥാപനങ്ങളാണ്. ഇവയില്‍ ബഹുഭൂരിപക്ഷവും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അത്തരം കമ്പനികളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ കേരളാ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള 21 വന്‍കിടസ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്.
കിഫ്ബി വഴി അയ്യായിരം കോടിയില്‍ താഴെ മുതല്‍മുടക്കുള്ള മൂന്ന് പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞനാലര വര്‍ഷമായി കിഫ്ബി ചെലവഴിച്ചത് പതിനായിരം കോടിയില്‍ താഴെമാത്രമാണ്. അതും റോഡുകള്‍, പാലങ്ങള്‍, സ്കൂള്‍കെട്ടിടങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയാണ്. ഇതൊന്നും തൊഴിലവസരം ഉണ്ടാക്കുന്നതല്ല. വൈഞ്ജാനിക സമ്പദ്ഘടന എന്നത് കേന്ദ്രസര്ക്കാര്നടപ്പാക്കിയ ഡിജിറ്റല്‍ എക്കണോമിതന്നെയാണ്. ഇത് ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്.
കേരളത്തില്‍ വാക്സിന് ഉണ്ടാക്കാന്‍ മരുന്ന് കമ്പനികളെ ക്ഷണിക്കുന്നതായി മുഖ്യമന്ത്രിപറഞ്ഞു. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ തോന്നക്കലില്‍ 300 ഏക്കര്സ്ഥലത്ത് 2009 ല്‍ സ്ഥാപിച്ച ലൈഫ്സയന്സ്പാര്ക്കില് നാളിതുവരെ യാതൊരു ഉല്പ്പാദനയൂണിറ്റുകളും ആരംഭിച്ചില്ല. കാസര്‍കോട്ടെ ബെല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലുംഅവിടെ ഉത്പാദനം ആരംഭിക്കാന്‍ ബജറ്റില്തുക നീക്കിവച്ചില്ല. കോട്ടയം വെല്ലൂരിലെ ന്യൂസ്പ്രിന്റ്ഫാക്ടറി കേരളാ സര്‍ക്കാര്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പാലക്കാട്ടെ ഇന്സ്ട്രുമെന്റഷന് യൂണിറ്റ് ഏറ്റെടുക്കാം എന്ന് പറഞ്ഞെങ്കിലും സാധിച്ചില്ല. ഇങ്ങനെ നിര്‍ജീവമായ ഉത്പാദന മേഖലയില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്കൊടുക്കും എന്ന വാഗ്ദാനം നടപ്പാക്കാന്‍ കഴിയാത്തതാണ്. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ നിന്നും വ്യവസായികളെ ആട്ടിപായിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാനുള്ള ഏകമാര്‍ഗം സമഗ്രവും സുസ്ഥിരവും സുതാര്യവുമായ വികസനമാണ്. അത്അടിസ്ഥാന കാര്ഷികമേഖലയിലുംഅതിന് അനുസൃതമായി കാര്‍ഷികാധിഷ്ഠിത വ്യവസായമേഖലയിലും ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നീ സേവന മേഖലകളിലുംആനുപാതികമായി നടപ്പാക്കപ്പെടണം. കേരളത്തില്‍ കൃഷിവികസനത്തിനായി ഹരിതമിഷന്‍ ആരംഭിച്ചെങ്കിലും കുട്ടനാട്, തൃശ്ശൂര്കോള്നിലങ്ങള്, പാലക്കാട് എന്നിവിടങ്ങളില്‍ കൃഷിഭൂമി തരിശായി കിടക്കുകയാണ്. കാര്‍ഷികാ ഉല്പ്പന്നങ്ങളില്നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള വ്യവസായങ്ങള്‍ തുലോംതുച്ഛമാണ്. കഴിഞ്ഞ 20 വര്‍ഷമായി ്രപ്രവാസികളുടെ വരുമാനം കൊണ്ടാണ് സംസ്ഥാനം പിടിച്ചുനിന്നത്. കോവിഡ് മൂലംപന്ത്രണ്ട് ലക്ഷത്തോളം പ്രവാസികള്‍ തിരിച്ചുവന്നത് മൂലമാണ് ഇപ്പോള്‍ റവന്യൂവരുമാനം 18% കുറഞ്ഞത്.
കേന്ദ്ര ധനസഹായം ചെലവഴിക്കാതെ നഷ്ടപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങള്‍ സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രിയുടെ ഭവനപദ്ധതി പ്രകാരം ലഭിച്ച മുന്നൂറ്റിരണ്ട്കോടിരൂപ കേരളാ ലൈഫ്മിഷന് ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയ വിവരം സിഎജി ചൂണ്ടിക്കാട്ടുന്നുണ്ട്. അഞ്ചു ലക്ഷം ഭവനരഹിതര്‍ വീടിനു വേണ്ടികാത്തിരിക്കുമ്പോള്‍ സര്‍ക്കാരിനും ലൈഫ്മിഷനും പറ്റിയ വീഴ്ച വളരെ വലിയ കൃത്യ വിലോപമാണ്.
കേരളത്തിന് വേണ്ടി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ആകെ തുക കേരളാബജറ്റിന്റെ അടങ്കല്‍ തുകയേക്കാള്കൂടുതലാണ്. നാല്‍പ്പതിനായിരം കോടി കേന്ദ്രധനസഹായമായി കേരളത്തിന് ലഭിച്ചു. ഇതുള്‍പ്പെടെ പശ്ചാത്തല വികസനത്തിനും മറ്റ് കേന്ദ്രസ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ്വിഹിതവും കൂടി ചേര്‍ത്താല്‍ കേന്ദ്രബജറ്റില്‍ നീക്കിവച്ച ആകെതുക ഒരു ലക്ഷത്തി അന്‍പതിനായിരം കോടിയിലേറെയാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയാതെകേന്ദ്രസഹായത്തോടു കൂടി കേരളത്തിന്റെ സമഗ്രവും സുസ്ഥിരവും സുതാര്യവുമായ വികസനത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: