മാവേലിക്കര: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ രോഗികള്‍ വലഞ്ഞു. സമരത്തെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നിട്ടും രോഗികളുടെ ചികിത്സയ്ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ ബദല്‍ സംവിധാനമേര്പ്പെടുത്താഞ്ഞത് പ്രതിഷേധത്തിനിടയാക്കി.
തൊട്ടടുത്ത പ്രദേശങ്ങളായ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയതുകൊണ്ടും ചെങ്ങന്നൂര്‍ ആശുപത്രിയുടെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാലും പ്രദേശത്തെ ജനങ്ങള്‍ മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയെയാണ് ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത്.
അവധിയെടുപ്പ് സമരം മൂലം അത്യാഹിത വിഭാഗം, ഡയാലിസിസ്, ഗൈനക്കോളജി വിഭാഗം ഒഴികെ ബാക്കിയെല്ലാ വിഭാഗത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിച്ചു.ഡോക്ടര്‍മാരില്ലാത്തതു മൂലം കോവിഡ് വാക്സിനേഷനും മുടങ്ങി. ആകെയുള്ള 29 ഡോക്ടര്‍മാരില്‍ 21 പേരാണ് ഇന്നലെ കൂട്ടയവധിയെടുത്തത്.
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പോലീസുകാരന് അഭിലാഷ് ചന്ദ്രന്റെ അമ്മ കഴിഞ്ഞ മെയ് 14ന് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതേ തുടര്‍ന്ന് അഭിലാഷ് ചന്ദ്രന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാഹുല്‍ മാത്യൂവിനെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്. സംഭവത്തില്‍ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടും ഡോക്ടര്‍മാര്‍ സമരം ചെയ്തതില്‍ ജനങ്ങളുടെ ഇടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: