ജനാധിപത്യം എന്നതില്‍ തന്നെ ഒരാധിപത്യം ഉണ്ടുറങ്ങിക്കഴിയുന്നില്ലേ? എവിടുന്നാ ഈ ആധിപത്യം വന്നത്. സോ സിമ്പ്ള്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും ആധിപത്യത്തില്‍ നിന്നു തന്നെ! എന്നിട്ട് മധുര മനോഹരമായി നാം ജനങ്ങളുടെ ആധിപത്യമെന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്നു. അതിന്റെ വിസ്മയക്കാഴ്ചയില്‍ മതിമറക്കുന്നു.
അടുത്തിടെ ഇവിടെയും ഒരു ജനാധിപത്യ സംവിധാനം നിലവില്‍ വന്നു. പ്രളയം, വെള്ളപ്പൊക്കം, കോവിഡ്…. തുടങ്ങി ഒട്ടേറെ ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ശേഷമത്രേ ആയത് വന്നത്. മേപ്പടി ദുരന്തത്തെ വിദഗ്ധമായി മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞതിന്റെ ബാക്കിപത്രമാണ് അതെന്ന് പ്രതിപക്ഷം ആശ്വസിക്കുന്നുണ്ട്.
ഏതായാലും പുതിയ ജനാധിപത്യ സംവിധാനം ഒരു തുടര്‍ച്ചയായി വന്നപ്പോള്‍ എല്ലാത്തിലും അതു നിഴലിച്ചില്ല എന്നത് വസ്തുത. ചില മേഖലയില്‍ സുവര്‍ണ മുദ്ര ചാര്‍ത്തി നിന്നവര്‍ക്ക് പിന്നാമ്പുറത്താണ് ഇരിപ്പിടം കിട്ടിയത് എന്നത് വേറെ കാര്യം. തനിക്കു മുകളില്‍ ആരും വന്നു പോകരുതെന്ന മുഖ്യനേതാവിന്റെ അദൃശ്യ താല്പര്യം നിറഞ്ഞാടിയതിന്റെ കാരണമായി അതു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഏതായാലും പുതിയ സ്പീക്കര്‍ ഇമ്മാതിരി സ്ഥാനത്തിരുന്ന് പരിചയമുള്ള ആളല്ല. എന്നുവച്ച് ഇതിനെക്കുറിച്ച് ബോധ്യമില്ലെന്നും പറഞ്ഞുകൂട. നാടിന്റെ നട്ടെല്ലാണ് രാഷ്ട്രീയം എന്നു കൃത്യമായ ബോധമുള്ള യാളാണ്. പണ്ട് ബീഫ്കാര്യത്തില്‍ ഇടപെട്ട് നാട്ടിലാകെ ‘ബീഫ്മുട്ട്’ നടത്തി ജനഹൃദയങ്ങളെ ആവേശത്തിലാറാടിച്ച ബഹുമാനിതനാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയ മേമ്പൊടിയില്ലാതെ ഒന്നും അങ്ങ് വിഴുങ്ങുക പതിവില്ല.
ശങ്കരനാരായണന് തമ്പി മുതല്‍ ശ്രീരാമകൃഷ്ണന് വരെയുള്ളവര്‍ ഇരുന്ന സ്ഥലത്ത് ആസനസ്ഥനാകുമ്പോള്‍ എന്തൊക്കെ വേണമെന്ന് എം.ബി. രാജേഷിനറിയാം. രാഷ്ട്രീയാധിപത്യത്തിന്റെ വഴിയിലൂടെയാണ് എത്തിയതെന്ന ധാരണയുള്ളതിനാല്‍ സ്പീക്കര്‍ക്ക് നിഷ്പക്ഷത അത്രയ്ക്കങ്ങട് വേണ്ടന്നത്രേ അദ്യത്തിന്റെ നിലപാട്. എന്നുവച്ചാല്‍ രാഷ്ട്രീയം പറയേണ്ടിടത്ത് പറയുമെന്ന്.
ഇതുപക്ഷേ, പുതിയ പ്രതിപക്ഷ നേതാവിന് അത്ര രുചിച്ചില്ല. അത് അദ്ദേഹം നേരെചൊവ്വേ പറയുകയും ചെയ്തു. ഒരു വേള അത്ര വലിയ അളവില്‍ ആരും ശ്രദ്ധിക്കാതിരുന്ന കാര്യം പൊടുന്നനെ വളര്‍ന്നു വികസിച്ചു. അപകടം മണത്ത മുഖ്യന് തന്നെ’ സഭയുടെ മൊത്തം വികാരത്തിനനുസരിച്ച് നീങ്ങാന്‍ സ്പീക്കര്‍ക്കാകട്ടെ’ എന്നു പറയുക കൂടി ചെയ്തതോടെ’ കളരിയില്‍ നിന്ന് കാലിന് അടിയേറ്റ’ പരുവമായി സ്പീക്കര്‍. പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ അകത്ത് മറുപടി’ ഞങ്ങളും തരും’ എന്ന് പ്രതിപക്ഷ നേതാവും നിലപാടെടുത്തപ്പോള്‍ ആകെ ചെളിയില്‍ ചവിട്ടിയ പരുവം.
ഉടനെയതാ സ്പീക്കര്‍ പറയുന്നു:’ പൊതുവിലുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കേണ്ടിവരുന്നതിനെ സൂചിപ്പിച്ചാണ് താന്‍ അങ്ങനെ പറഞ്ഞത്’ എന്നായി അദ്യം. (ഈ മറുപടി പണ്ട് ചിന്ത വാരികയില്‍ ചോദ്യങ്ങള്‍ക്ക് ഇഎംഎസ് നല്കുന്ന വിശദീകരണം പോലെയുണ്ടെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയെങ്കില്‍ നല്ലത് )
ഏതായാലും രാഷ്ട്രീയമില്ലാതെ ഒന്നും ഇല്ലെന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറിമറിഞ്ഞു പോകുന്ന ഇക്കാലത്ത് സ്പീക്കര്‍ക്ക് മറ്റൊരു നിലപാട് സ്വീകരിക്കാന്‍ കഴിയുമോ? നിഷ്പക്ഷത , നിയമസഭ, നിയനിര്മാണം … എല്ലാം ഒരു കലാപരിപാടിയായി പോവുന്നുവെന്ന് അഭിപ്രായമുള്ളവരും ഉണ്ടാവുമല്ലോ. ആയതിനാല്‍ സ്പീക്കര്‍ സംസാരിക്കട്ടെ. പുതു പുതുരീതികള്‍ വരട്ടെ. വര്‍ണാഭമാക്കി മാറ്റിവച്ച തൊക്കെ മൂടി തുറന്ന് കാണാന്‍ അവസരം ഉണ്ടാവട്ടെ. എല്ലാത്തിലും ഒരു ന്യൂജന്‍ തുടിപ്പില്ലെങ്കില്‍ വിപ്ലവത്തിന് എന്തു പ്രസക്തി? മാറ്റത്തിനല്ലേ പ്രസക്തി.
ഇനി സ്പീക്കര്‍ ഉള്ളില്‍ മറ്റൊന്നു വച്ച് പുറത്ത് വേറൊന്ന് പറയുകയാണെങ്കില്‍ കണ്ടുപിടിക്കാന്‍ മാര്‍ഗമുണ്ട്. പ്രതിപക്ഷത്തിനും ജനപക്ഷത്തിനും അതു വല്ലാതെ ഉപകാരപ്പെടും. ബംഗളൂര് ഐ ഐ എസ് സി യിലെ മലയാളിയായ ഗവേഷക വിദ്യാര്‍ഥിയാണ് മനസ്സു വായിക്കുന്ന വിദ്യ കണ്ടുപിടിച്ചത്. തലച്ചോറിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ’ ന്യൂറോണ്‍ പള്‍സ്’ റീഡ് ചെയ്ത് വിശകലനം ചെയ്യുന്നതത്രെ രീതി. പ്രതിപക്ഷ നേതാവിന് നല്ല കാലം വരുമെന്ന് തന്നെ കരുതുക. അതിനൊപ്പം ആര്‍ക്കൊക്കെ പാരയാവുമെന്ന് ദൈവംതമ്പുരാന് മാത്രമേ അറിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: