ഭരണ സംവിധാനത്തെ ഒന്നടങ്കം അഴിമതി നടത്തുന്നതിനുവേണ്ടി പരുവപ്പെടുത്തിയെടുക്കുകയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ചെയ്തത്. സ്വര്‍ണ കള്ളക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്, സ്പ്രിങ്കഌ, ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ എന്നിങ്ങനെ കോടാനുകോടികള്‍ മറിഞ്ഞ അഴിമതി ഇടപാടുകളുടെ ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. കോടിയേരിയുടെ മകന് പ്രതിയായ മയക്കുമരുന്നു കടത്ത് കേസ്, മലബാറിലെ പാര്‍ട്ടി എംഎല്‍എ ആരോപണ വിധേയനായ ഭൂമി സംബന്ധമായ കേസുകള്‍, പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് എന്നിങ്ങനെ ഭരണത്തിന്റെ തണലില്‍ സിപിഎമ്മുകാര്‍ ചെയ്തുകൂട്ടിയിട്ടുള്ള അഴിമതികളും ക്രിമിനല്‍ നടപടികളും വേറെയുമുണ്ട്. അധികാര തുടര്‍ച്ച ലഭിക്കാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കി അഴിമതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതാണ് ഭരണത്തിന്റെ അവസാന നാളുകളില്‍ കണ്ടത്. ഇതു സംബന്ധിച്ച കേസുകളുടെ അന്വേഷണം വിവിധ ഘട്ടങ്ങളിലും, ചിലത് കോടതിയുടെ പരിഗണനയിലുമിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. ജയിലില്‍ പോകേണ്ടിവരുമെന്ന് ഭയന്ന മുഖ്യമന്ത്രിയടക്കമുള്ള പലരും ജനവിധി അനുകൂലമായതോടെ അടവുമാറ്റി. അഴിമതിയില്ലാത്ത സംശുദ്ധ ഭരണമായിരുന്നുവത്രേ നടന്നത്! അതിനുള്ള അംഗീകാരമാണത്രേ ഇടതുമുന്നണിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷം!!
ഒരിക്കല്‍ക്കൂടി അധികാരത്തിലേറിയതോടെ ഈ അവകാശവാദം ആവര്ത്തിച്ചുകൊണ്ടിരിക്കുന്നവരുടെ മുഖംമൂടി ഇപ്പോള്‍ അഴിഞ്ഞുവീണിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ സെക്രട്ടറിയുടെ ഉത്തരവിനെ മറയാക്കി വയനാട്ടിലെ മുട്ടില്‍ നടന്ന കോടികളുടെ വനംകൊള്ള സംബന്ധിച്ച വിവരം പുറത്തായതാണ് ഇതിലൊന്ന്. പട്ടയ ഭൂമിയുടെ ഉടമസ്ഥര്‍ക്ക് തേക്ക് ഒഴികെയുള്ള മരങ്ങള്‍ അനുമതിയോടെ മുറിക്കാനാവുമെന്ന പഴുതിലൂടെയാണ് വന്‍തോതില്‍ ഈട്ടിത്തടികള്‍ മുറിച്ചു കടത്തിയത്. എതിര്‍ത്ത ചില വനംവകുപ്പ് ഉദ്യോഗസ്ഥരെ അവഗണിച്ചും ഭീഷണിപ്പെടുത്തിയുമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഈ വനംകൊള്ള അരങ്ങേറിയത്. മുറിച്ചുമാറ്റിയ തടികള്‍ നൂറുകണക്കിന് ദൂരമുള്ള പെരുമ്പാവൂരിലെ തടിമില്ലുകളില്‍ എത്തിക്കുകയും ചെയ്തു. ലോക്ഡൗണ്‍ കാലത്ത് ഇത് എങ്ങനെ സംഭവിച്ചു, ആരൊക്കെയാണ് ഒത്താശ ചെയ്തത് എന്നതു സംബന്ധിച്ച വിവരങ്ങളെല്ലാം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വയനാട്ടില്‍ മാത്രമല്ല കാസര്‍കോട്, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ വനപ്രദേശങ്ങളില്‍നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചു കടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അഴിമതിയുടെ വ്യാപ്തിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഈ വനംകൊള്ള നടന്നതിന്റെ സമയം പ്രത്യേകം ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും തെരഞ്ഞെടുപ്പു കാലത്തുമായിരുന്നു ഇത്. പിടിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാമെന്ന ഗൂഢലക്ഷ്യത്തോടെയായിരുന്നു ഇതെന്നു വേണം കരുതാന്‍. നിയമസഭയില്‍ ആരോപണമുയര്‍ന്നപ്പോള്‍ ഇപ്പോഴത്തെ വനം മന്ത്രി എ.കെ. ശശീന്ദ്രന് നല്കിയ മറുപടിയും ഈ സംശയം ബലപ്പെടുത്തുന്നു. തന്റെ കാലത്തല്ല മരം മുറി നടന്നിട്ടുള്ളതെന്നും, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും പറയുന്ന മന്ത്രിയുടെ വാക്കുകളില്‍ ആരെയൊക്കെയോ സംരക്ഷിക്കാനുള്ള വ്യഗ്രതയുണ്ട്. ഒന്നാം പിണറായി സര്‍ക്കാരില്‍ റവന്യൂ വകുപ്പിന്റെയും വനംവകുപ്പിന്റെയും ചുമതല സിപിഐക്കാരായ മന്ത്രിമാര്ക്കായിരുന്നുവല്ലോ. അഴിമതിയാരോപണങ്ങള്‍ക്ക് ഇവരും പാര്‍ട്ടിയും മറുപടി പറഞ്ഞേ തീരൂ. അതേസമയം, വനംകൊള്ള നടത്തിയവര്‍ ഇപ്പോഴത്തെ വനംമന്ത്രിയുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണകക്ഷിയെ നയിക്കുന്ന സിപിഎമ്മിലെ ഒരു പ്രമുഖന് ഇടനിലക്കാരനായി രംഗത്തെത്തിയെന്നും പറയപ്പെടുന്നു. മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് മടിയില്‍ കനമുള്ളതിനാല്‍ മരംമുറി കേസിലെ അഴിമതിക്കാരെ രക്ഷിക്കാനാണ് എല്ലാ സാധ്യതയും. ഇത് സംഭവിച്ചുകൂടാ. വനംകൊള്ള നടത്തിയിട്ടുള്ളവര്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: