തിരുവല്ല: കൊവിഡ് ഭീതിയുടെ നിഴലില്‍ ആരംഭിച്ച എസ്എസ്എല്‍സി മൂല്യനിര്ണ്ണയത്തിനോട് നിസ്സഹരിച്ച് അധ്യാപകര്‍. തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പുകള്‍ അധ്യാപകരുടെ കുറവ് മൂലം പ്രതിസന്ധിയിലാണ്. കൊവിഡ് വ്യാപനവും യാത്രാ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് അധ്യാപകര്‍ ക്യാമ്പുകളില്‍ എത്താത്തത്. മൂല്യനിര്‍ണയത്തിന് നിയോഗിച്ച അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകളുമെടുക്കണം. ഇവരെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് ഒഴിവാക്കിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.
മൂല്യനിര്‍ണയത്തിന് ഉത്തരവ് ലഭിച്ച അധ്യാപകര്‍ എത്താതെയിരുന്നതിനെ തുടര്‍ന്ന് മറ്റ് അധ്യാപകരോട് മൂല്യനിര്‍ണയ ക്യാമ്പുകളിലെത്താന്‍ നിര്‍ദേശം നല്കി. ഡിഇഒ ഓഫീസുകളില്‍ നിന്ന് നേരിട്ട് അധ്യാപകരെ വിളിച്ചാണ് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലെത്താന്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകള്‍ അപര്യാപ്തമാണെന്ന് അധ്യാപകര്‍ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ തിങ്കളാഴ്ച വൈകിട്ട് മൂല്യനിര്‍ണ്ണയം കഴിഞ്ഞ അധ്യാപകര്‍ പല സ്ഥലങ്ങളിലും കുടുങ്ങി. കെഎസ്ആര്‍ടിസി ബസ് അയയ്ക്കാതെയിരുന്നതാണ് കാരണം. 20 പേര് ഉണ്ടെങ്കില്‍ മാത്രമായിരിക്കും ബസ് വിടുക. ജില്ലാതലത്തിലാണ് ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ക്യാമ്പുകളില്‍ അല്ലാതെ അധ്യാപകര്‍ക്ക് വിദ്യാഭ്യാസ ജില്ലയ്ക്ക് പുറത്തുള്ള താമസ സ്ഥലത്തിന് സമീപത്തെ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല. അതേസമയം, പ്ലസ്ടു അധ്യാപകര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതായും അധ്യാപകര്‍ പറയുന്നു.
എസ്എസ്എല്‍സി പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിഷമകരമായിരിക്കുകയാണെന്ന് അധ്യാപകര്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസിന്റെ സാഹചര്യത്തില്‍ പരീക്ഷ ഉദാരമാക്കിയിരുന്നു. 80 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 160 മാര്‍ക്കിന്റെ ഉത്തരങ്ങളും 40 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 80 മാര്‍ക്കിന്റെ ഉത്തരങ്ങളും എഴുതാന്‍ അനുവദിച്ചു.160 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ കുട്ടി എഴുതിയാലും 80 മാര്‍ക്ക് മാത്രമെ നല്‍കാവൂ. അതേസമയം, അധ്യാപകര്‍ മുഴുവന്‍ ഉത്തരങ്ങളും പരിശോധിച്ച് മാര്‍ക്കിടണം. ഇത് മൂലം മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണ്ടിവരും. ഒരു കെട്ടില്‍ 12 ഉത്തരക്കടലാസാണുള്ളത്. ഇക്കുറി മാര്‍ക്കും ചോദ്യങ്ങളും ഇരട്ടിയായിട്ടും മൂല്യനിര്‍ണ്ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം കുറച്ചിട്ടില്ല.
പ്ലസ്ടു പഠനത്തിനൊപ്പം ഒന്നാം വര്‍ഷ പരീക്ഷയും; കുട്ടികള്‍ ആശങ്കയില്‍
പ്ലസ്ടു ക്ലാസുകള്‍ക്കൊപ്പം ഒന്നാം വര്‍ഷ പരീക്ഷയ്ക്കും തയ്യാറെടുക്കേണ്ട അവസ്ഥയിലാണ് ഇവര്‍. ഏത് പഠിക്കണമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. കൊവിഡ് ഭീതിയെ തുടര്‍ന്ന് മാറ്റിവച്ച ഒന്നാം വര്‍ഷ പരീക്ഷ സെപ്തംബറില്‍ നടക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, പ്ലസ്ടു ക്ലാസുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ എങ്ങനെ പരീക്ഷയ്ക്ക് തയാറെടുക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. ഇപ്പോഴത്തെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം സ്കൂള്‍ കണ്ടിട്ടില്ല. അവര്‍ ഓഫ് ലൈന്‍ പരീക്ഷയും എഴുതിയിട്ടില്ല. കൊവിഡ് മൂലം ഓണ്‍ലൈനിലായിരുന്നു ക്ലാസുകള്‍. അതിനാല്‍ തന്നെ പാഠഭാഗങ്ങള്‍ വേണ്ട വിധത്തില്‍ ഗ്രഹിക്കാനും കഴിഞ്ഞിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ പ്ലസ് വണ്‍ പരീക്ഷകള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് അധ്യാപകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: