മുംബൈ: മുംബൈ നഗരത്തില്‍ മണ്‍സൂണിന്റെ വരവറിയിച്ച് പെയ്ത മഴ മണിക്കൂറുകള്‍ നീണ്ടപ്പോള്‍ നഗരം വെള്ളിത്തിനടയിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കത്തിന് സമാനമായ അന്തരീക്ഷമാണ്. മുംബൈ, താനെ, പല്‍ഘര്‍, റായ്ഗഡ് എന്നിവടങ്ങളില്‍ ശക്തമായ മഴ തുടര്‍ച്ചയായി പെയ്തു. ടൗട്ടേ ചുഴലിക്കാറ്റ് വന്നുപോയതിന് പിന്നാലെയാണ് മണ്‍സൂണ്‍ മഴയുടെ ദുരിതം.ജനജീവിതം പാടെ സ്തംഭിച്ചിരിക്കുകയാണ്.
ജൂണ്‍ 9 മുതല്‍ 12 വരെ മുംബൈ, താനെ, റായ്ഗഡ്, കൊങ്കണ്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുമെന്ന് മുംബൈ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജയന്ത സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റോഡുകളും പ്രധാന റെയില്‍വേ ലൈനുകളും വെള്ളത്തിനടിയിലായതിനാല്‍ തീവണ്ടി ഗതാഗതവും സാധാരണ ഗതാഗതവും പാടെ നിലച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറേ മുംബൈ കോര്‍പറേഷന്റെ ദുരന്തനിവാരണ സെല്ലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികള്‍ തീരുമാനിച്ചു.
പ്രധാന നാല് സബ് വേകളായ മിലന്‍, ഖാര്‍, അന്ധേരി, മലാഡ് എന്നിവ അടച്ചു. ഇതുവഴിയുള്ള വാഹനഗതാഗതം നിര്‍ത്തിയതായി മുംബൈ ട്രാഫിക് പൊലീസ് അറിയിച്ചു. നേതാജി പാര്‍ക്ക് ചൗക്ക്, എസ് വി റോഡ്, ബഹെറാംബോഗ് ജംഗ്ഷന്‍, സക്കര്‍ പഞ്ചായത്ത് ച1ക്ക്, നീലം ജംഗ്ഷന്‍, ഗോവണ്ഡി, ധാരാവി, സിയോണ്‍ ജംഗ്ഷന്‍, കിംഗ് സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ടായതിനാല്‍ വാഹനഗതാഗതം നിലച്ചു. മുംബൈ നഗരത്തില്‍ ജീവിക്കുന്നവരോട് വെളിയില്‍ ഇറങ്ങരുതെന്ന് സിറ്റി പൊലീസ് അഭ്യര്‍ത്ഥിച്ചു.
മുംബൈ കോര്‍പറേഷന്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മണ്‍സൂണ്‍ മഴ മൂലം ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കക്കെടുതികള്‍ തടയാന്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: