കൊല്ലം: ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന ട്രോളിങ്ങ് നിരോധനത്തില്‍ ഇളവ് വേണമെന്ന് ബോട്ട് ഉടമകള്‍. ട്രോളിങ് ബോട്ടുകള്‍ക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ഇതില്‍ 15 ദിവസമെങ്കിലും ഒഴിവാക്കി കിട്ടണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം.
എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ഇന്ന് തീരം വിട്ടുപോകണമെന്നാണ് നിര്‍ദേശം. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഉപരിതല മീന്‍പിടുത്തം നടത്താം. 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് ജൂലൈ 31 വരെയുള്ള നിരോധനം. 4200ലധികം ട്രോളിങ് ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിശ്ചലമാകും. ലോക്ഡൗണ്‍ ദുരിതത്തിലും ഇന്ധന വിലവര്‍ധനവിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നിരോധന കാലത്ത് സര്‍ക്കാര്‍ സഹായമാണ് ഏക പ്രതീക്ഷ. സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. ഇക്കാലയളവിലേക്ക് മാത്രം പ്രത്യേക പാക്കേജ് എന്ന ആവശ്യവുമുണ്ട്. ട്രോളിങ് നിരോധന കാലയളവില്‍ മായം കലര്‍ന്ന മത്സ്യം വിപണനം ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശമുണ്ട്.
കൊല്ലത്ത് നിരോധനം സംബന്ധിച്ച അറിയിപ്പുകള് ഇന്ന് പകല്‍മുഴുവന്‍ തീരത്തും കടലിലും നല്‍കും. നിരോധനം ആരംഭിക്കുന്നതിനു മുമ്പ് ട്രോളിങ് ബോട്ടുകള്‍ എല്ലാം നീണ്ടകര പാലത്തിന്റെ കിഴക്ക് വശത്തേക്ക് മാറ്റി പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിട്ട് ബന്ധിപ്പിക്കും. തീരദേശത്തെ എല്ലാ ഡീസല്‍ ബങ്കുകളും നിരോധന വേളയില്‍ അടച്ചിടും. നിരോധനം ബാധകമല്ലാത്ത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, മറ്റു ചെറിയ യാനങ്ങള്‍ തുടങ്ങിയവയ്ക്ക് മത്സ്യബന്ധനത്തിന് പോകുന്നതിന് ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും മത്സ്യഫെഡ് ബങ്കുകളും അഴീക്കല്‍ ഭാഗത്ത് മുന്‍വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ബങ്കുകളും പ്രവര്‍ത്തിക്കും. വള്ളങ്ങളുടെ മത്സ്യം വില്‍ക്കുന്നതിന് നീണ്ടകര ഹാര്‍ബര്‍ തുറക്കും.
ഇന്ന് അര്‍ദ്ധരാത്രിക്ക് മുന്‍പ് കടലില്‍ പോയി തിരിച്ചുവരുന്ന ബോട്ടുകള്‍ക്ക് ശക്തികുളങ്ങര, അഴീക്കല്‍ ഹാര്‍ബറുകളില്‍ 10, 11 തീയതികളില്‍ വിപണനത്തിന് അനുമതിയുണ്ട്. കടല്‍സുരക്ഷാ സ്ക്വാഡിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും സേവനം 24 മണിക്കൂറും ഉറപ്പാക്കിയതായി കളക്ടര്‍ അറിയിച്ചു. ഇതരസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തീരം വിടണം.
ട്രോളിങ് നിരോധന കാലയളവില്‍ യന്ത്രവല്‍കൃത യാനങ്ങളില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: