കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ അമരക്കാരനായ ആയുര്‍വേദ കുലഗുരു ഡോ. പി.കെ. വാരിയര്‍ക്ക് 100 പിറന്നാള്‍ ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും. കഴിഞ്ഞ ദിവസം കോട്ടയ്ക്കലില്‍ നടന്ന നാല് ദിവസം നീളുന്ന 100ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പിറന്നാള്‍ സന്ദേശം ചടങ്ങില്‍ വായിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി വി. മുരളീധരന്, മിസോറാം ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള എന്നിവരും ഡോ.പി.കെ. വാരിയര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയുര്‍വേദത്തെ സമകാലീനമാക്കുകയാണ് ഡോ.പി.കെ. വാരിയരുടെ നേതൃത്വത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ചെയ്തതെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി ഡോ. രാജേഷ് കോട്ടേച്ച പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള നാല് ദിവസത്തെ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ലോകാരോഗ്യസംഘടന 2023ഓടെ തദ്ദേശീയ വൈദ്യസമ്പ്രദായങ്ങളുടെ ഏകോപനത്തിലൂടെ ഇന്ത്യയെ ആഗോള സ്വാസ്ഥ്യകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെയും ഡോ.പി.കെ. വാരിയരുടെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ മാര്ഗദര്ശകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
യുജിസി മുന്‍ ഉപാധ്യക്ഷന്‍ ഡോ. ഭൂഷണ് പട് വര്ധന് “ആയുര്‍വേദം ഭാവിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിലെ സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ആയുര്‍വേദ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി. ജയദേവന് അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ.പി.എം. വാരിയര്‍, ആര്യവൈദ്യശാല സിഇഒ ഡോ.ജി.സി. ഗോപാലപിള്ള, ടി. ഭാസ്കരന്, ഡോ.കെ. മുരളീധരന്, ഡോ.കെ. മുരളി, പി.കെ. പ്രതാപന്, ഡോ.എം.ജെ. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
ഇനി നാല് ദിവസം വിവിധ വിഷയങ്ങളില്‍ ഇവിടെ പ്രഭാഷണ പരമ്പര നടക്കും. വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: