ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുവരുന്നു. നിലവില്‍ 12,31,415 രോഗികള്‍ ആണുള്ളത്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും / കേന്ദ്ര ഭരണപ്രദേശങ്ങളുടെയും നിരന്തരവും സഹകരണപരവുമായ ശ്രമങ്ങളുടെ ഫലമാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ച്ചയായ ഒന്‍പതാമത് ദിവസമാണ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 20 ലക്ഷത്തില്‍ താഴെ ആകുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തില്‍ 72,287 കുറവ് രേഖപ്പെടുത്തി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 4.23% ആണിത്. കൂടുതല്‍ പേര് രോഗമുക്തി നേടുന്നതോടെ, തുടര്‍ച്ചയായ ഇരുപത്തി എഴാമത് ദിവസവും പ്രതിദിന രോഗ മുക്തരുടെ എണ്ണം, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.
1,62,664 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത്. ദിവസേനയുള്ള പുതിയ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,068 പേര് കൂടുതലായി രോഗമുക്തി നേടി. മഹാമാരിയുടെ ആരംഭം മുതല്‍ ഇതുവരെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 2,75,04,126 ആണ്. രോഗമുക്തി നിരക്ക് ഉയര്‍ന്ന് 94.55% ആയി.
കഴിഞ്ഞ 24 മണിക്കൂറില്‍ 19,85,967 പരിശോധനകള്‍ നടത്തി. രാജ്യത്ത് ഇതുവരെ 37 കോടിയിലധികം (37,01,93,563) പരിശോധനകള്‍ നടത്തി. പ്രതിവാര കേസ് പോസിറ്റിവിറ്റിയില്‍ തുടര്‍ച്ചയായ കുറവ് കാണപ്പെടുന്നതിന്റെ ഭാഗമായി പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 5.66% ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.66% ആയി കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ 16മത് ദിവസവും ഇത് 10 ശതമാനത്തില്‍ താഴെയാണ്.
രാജ്യവ്യാപക വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 23.90 കോടിയിലേറെ ഡോസ് വാക്സിന് നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,76,096 വാക്സിന് ഡോസുകള്‍ നല്കി. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം 33,44,533 സെഷനുകളിലായി രാജ്യവ്യാപകമായി ആകെ 23,90,58,360 കോവിഡ് 19 വാക്സിന് ഡോസുകള്‍ ഇന്ന് വരെ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: