കോഴിക്കോട്: കൊടകരയിലെ കവര്‍ച്ചക്കേസ്, കേരളത്തില്‍ ഇതുവരെ ഉണ്ടെന്ന് പലരും സമ്മതിക്കാത്ത ‘കുഴല്‍പ്പണ’ക്കേസ് ആയി മാറ്റിയതും അതിനെ ആധാരമാക്കി ധാരാളം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ഒരു കേന്ദ്രത്തില്‍നിന്നുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്ന് കൂടുതല്‍ വ്യക്തമാകുന്നു. അത് രാഷ്ട്രീയ പകപോക്കലിന്റെ തിരക്കഥയെഴുതി നടപ്പാക്കുകയാണെന്നതിലും വ്യക്തതയേറുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് കാലംവരെ കേരളത്തില്‍ മാത്രമല്ല രാജ്യമാകെ ചര്‍ച്ചയും വിവാദവുമായ, നയതന്ത്ര ഓഫീസ് സംവിധാനം ദുരുപയോഗിച്ച് ചിലര്‍ നടത്തിയ സ്വര്‍ണ-ഡോളര്‍ കള്ളക്കടത്ത് കേസിന്റെ വാര്‍ത്താ വിവരണങ്ങള്‍ എങ്ങനെയായിരുന്നോ അതേ വഴികളിലൂടെയാണ് കൊടകര പണക്കവര്ച്ചക്കേസ് വാര്‍ത്തകളും പുരോഗമിക്കുന്നത്. എന്നാല്‍, സ്വര്‍ണ-ഡോളര്‍ കടത്ത് വാര്‍ത്തകള്‍ക്ക് കോടതിയില്‍ സമര്‍പ്പിക്കുന്ന അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്, പ്രതികളുടെ മൊഴി, ചോദ്യം ചെയ്യപ്പെടുന്നവര്‍ നല്കുന്ന വിവരങ്ങളുടെ കോടതി രേഖകളായി പുറത്തുവരല്‍ തുടങ്ങിയവ ആധാരമാക്കിയായിരുന്നു. കൊടകരക്കേസില്‍ പക്ഷേ അത്തരം തെളിവുകളും ആധാരവുമില്ല, പകരം ഒരു കേന്ദ്രത്തില്‍നിന്ന് കൊടുക്കുന്ന വിവരങ്ങള്‍ ഒരു പറ്റം മാധ്യമ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുവെന്ന് മാത്രം.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണവും മൊഴിയെടുക്കലും നടന്നത് സ്വപ്ന സുരേഷ് എന്ന ‘പ്രതിയുടെ’ മൊഴിയും അവരില്‍നിന്ന് പിടിച്ച മൊബൈല്‍ ഫോണില്‍നിന്നുള്ള വിവരങ്ങളും ആധാരമാക്കിയായിരുന്നു. അങ്ങനെയാണ് മന്ത്രിയായിരുന്ന കെ.ടി. ജലീല്‍, നിയമസഭാ മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. ശിവശങ്കര്‍ എന്നവരുള്പ്പെടെയുള്ളവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതും ചിലരെ അറസ്റ്റ് ചെയ്തതും.
കൊടകരക്കേസില്‍, ധര്മജന് എന്നയാളുടെ മൊഴിയും ഫോണ്‍ വിവരങ്ങളും ആധാരമാക്കിയാണ് പോലീസ് മറ്റ് ആളുകളെ ചോദ്യം ചെയ്യുന്നതും മൊഴിയെടുക്കുന്നതും കേസ് അറസ്റ്റ് ചെയ്യുന്നതും വാര്‍ത്ത പ്രചരിപ്പിക്കുന്നതും, കേസ് നിക്ഷിപ്ത ലക്ഷ്യത്തിലേക്ക് കൊണ്ടു പോകുന്നതും. പക്ഷേ, ഈ കേസില്‍ ധര്മജന് വാദിയാണ്. ഇത്രയും തുക പണമായി വാഹനത്തില്‍ കൊണ്ടുപോയതുവഴി പ്രതിയാണെന്ന് സാങ്കേതികമായി പറയാമെങ്കില്‍ പോലും പണം തട്ടിയ പ്രതികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നില്ല എന്നതാണ് ആസൂത്രണത്തിലെ മറ്റൊരു വശം.
വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് സാധാരണമാണ്; പ്രത്യേകിച്ച് കേരളം അതിന്റെ താവളമാണ്. അത്തരം കേസുകളില്‍ പിടിച്ച് സ്വര്‍ണത്തിന് നികുതി അടപ്പിച്ച് കേസ് തീര്‍ക്കുകയാണ് പതിവ്. ഇത്തരം കേസുകള്‍ നിത്യേന നാല് വിമാനത്താവളങ്ങളിലും നടക്കുന്നു. എന്നാല്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ആസൂത്രിതമായി, സ്വര്‍ണക്കടത്ത് ബിസിനസ് നടത്തിയതും അതിന് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം വന്നതും കാര്യങ്ങളുടെ ഗൗരവം കൂട്ടി. മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെതന്നെ സാധാരണക്കാരും ആദ്യം വിശ്വസിച്ചില്ല. പക്ഷേ എന്‍ഐഎ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സി സംഭവത്തിലെ പ്രതികളെ പിടികൂടി, കൂടുതല്‍ പ്രതികളെ കണ്ടെത്തി. ഉന്നതരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, അതുവഴി കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി.
കൊടകരക്കേസില്‍ പോലീസ് അന്വേഷിച്ച് പരാതിക്കാരന്റെ പണം പോയതിന് കേസെടുത്തപ്പോള്‍, രാഷ്ട്രീയ ഇടപെടലും സംസ്ഥാന സര്‍ക്കാരും ഇടപെട്ട് അസാധാരണ കേസാക്കാന്‍ ശ്രമിച്ചു. അന്വേഷണത്തില്‍ നിക്ഷിപ്ത ലക്ഷ്യം സാധിക്കില്ലെന്നുവന്നപ്പോള്‍, ‘കുഴല്‍പ്പണ’ ഇടപാട് കേസാക്കി പ്രചരിപ്പിച്ച് അന്വേഷിക്കാന്‍ അധികാരമില്ലാത്ത കേരള പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണ സംഘം ഒരു പാര്‍ട്ടിയിലെ നേതാക്കളെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും വിളിപ്പിച്ച് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ നടപടികളുടെ അനുകരണം നടത്തി.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ്, ചോദ്യം ചെയ്യലില്‍, കേസില്‍ പ്രതിയായ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് മൊഴിനല്‍കി. മറ്റൊരു പ്രതി എം. ശിവശങ്കരന്, മുഖ്യമന്ത്രിക്ക് തന്റെ പ്രവര്‍ത്തനങ്ങളും കോണ്‍സുലേറ്റ് ബന്ധവും സ്വപ്നയുമായുള്ള ഇടപാടുകളും അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി. അങ്ങനെ കോടതിയിലെത്തിയ ഈ വിവരങ്ങളിലൂടെ മുഖ്യമന്ത്രിയുടെ പേരും കേസിലെ ബന്ധവും വാര്‍ത്തയായി. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരും മകളുടെ പേരും വാര്‍ത്തകളില്‍ വന്നു. എന്നാല്‍, ഉത്തരവാദിത്വമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല, ഭാര്യയേയോ മകളേയോ മൊഴിയെടുക്കാന്‍ വിളിപ്പിച്ചില്ല.
പക്ഷേ, കൊടകരക്കേസില്‍ അത്തരത്തില്‍ ഇടപാട് ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും ബിജെപിയുടെ സംസ്ഥാന നേതാക്കളെ പോലീസ് സ്റ്റേഷന് കയറ്റിച്ച് പകരം വീട്ടി. അതും വാദി ഫോണില്‍നിന്ന് വിളിച്ചു എന്ന കാരണത്താല്‍, അവര്‍ പൊതു പ്രവര്ത്തകരാണെന്നിരിക്കെയും. കാരണം, കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് കേസില്‍ ഫോണ്‍ വിളികളാണ് മുഖ്യമായും ആദ്യ തെളിവാക്കിയത്.
സ്വര്‍ണക്കടത്തില്‍ തുടങ്ങിയ അന്വേഷണം ഡോളര്‍കടത്ത്, റിയല്‍ എസ്റ്റേറ്റിടപാട്, സര്‍ക്കാര്‍ പദ്ധതികളിലെ തിരിമറി, തുടങ്ങി വിവിധ കേസുകളിലെത്തിച്ചു. അതിനിടെ സ്വപ്നയുടെ ഫോണ്‍ ശബ്ദസന്ദേശം കേസ് വഴിതിരിച്ചു. കേസില്‍ സ്വപ്നയും കെ.ടി. ജലീലും ശ്രീരാമകൃഷ്ണനും മറ്റുമായുള്ള ഇടപാടുകളിലെ കരിനിഴലുകളും മറ്റും വന്‍ ചര്‍ച്ചയായി. അത് കള്ളക്കടത്തിന് അപ്പുറത്തേക്ക് കേസിനെ ചര്‍ച്ചയാക്കി, പാര്‍ട്ടിയേയും സര്‍ക്കാരിനേയും അപഹാസ്യമാക്കി. കൊടകരക്കേസിനൊപ്പം മുന്നണിയിലെ നേതാക്കള്‍ തമ്മില്‍ നടത്തിയ ഫോണ്‍ വിളി വിവരം ചേര്‍ത്ത് വാര്ത്തയാക്കുന്നതും അതില്‍ വനിതാ നേതാക്കളെ അവതരിപ്പിച്ച് മുന്‍നിര്‍ത്തുന്നതും സര്‍ണക്കടത്ത് കേസില്‍ അപഹസിക്കപ്പെട്ടതിന് പക തീര്‍ക്കാന്‍ മാത്രമാണ്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തലസ്ഥാനത്തെ കോടിയേരിവീട്ടില് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ റെയ്ഡ് നടന്നത്. അതിന് കാരണം മകന് ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് വ്യാപാര-ഇടപാടിനെ തുടര്‍ന്നായിരുന്നു. മുഖ്യമന്ത്രി പിണറായിയുടെ മകളുടെ പേര് സ്വര്‍ണക്കടത്ത് കേസില്‍ വാര്ത്തയായതിന്റെയും ബിനീഷ് കോടിയേരി ജയിലിലായതിന്റെയും പ്രതികാരമാണ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന് കൊടകരക്കേസില്‍ ബന്ധമെന്നും ചോദ്യം ചെയ്യുമെന്നും വാര്‍ത്ത പ്രചരിപ്പിച്ചത്.
കേസന്വേഷണം, 65 ദിവസമായി. 20 ല്‍ ഏറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു. അവരില്‍ ബിജെപിക്കാരില്ല. ചോദ്യം ചെയ്യല്‍ തുടരുന്നു. മാധ്യമങ്ങളില്‍ ബിജെപി ഉന്നതരെ ചോദ്യം ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പ്രതിയാകുമെന്നുമെല്ലാം വരെപോലും വാര്‍ത്തകള്‍ വരുന്നുണ്ട്. കൊടകരക്കേസില്‍ ബിജെപിയേയോ നേതാക്കളേയോ പ്രതിയാക്കാനാവില്ലെന്ന് വന്നപ്പോള്‍ കുപ്രചാരണം തുടരാനാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്ക് പിന്മാറാന് പണം നല്‍കിയെന്ന അനുബന്ധക്കേസ്. ആ കേസിന് കെ. സുരേന്ദ്രന് മുമ്പ് നടത്തി, പിന്മാറിയ തെരഞ്ഞെടുപ്പ് കേസിലെ പകയുണ്ട്. അവിടെ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടായി മുസ്ലിം ലീഗ് പാര്‍ട്ടിയും നേതാക്കളുമുണ്ട്.
നുണക്കഥകള്‍ പ്രചരിപ്പിച്ച് ബിജെപിയെ മോശക്കാരാക്കുക എന്നതൊഴിച്ച് കേസില്‍ എന്തെങ്കിലും നടപടിക്ക് സാധിക്കില്ലെന്ന് സിപിഎമ്മിനും പിണറായി സര്‍ക്കാരിനും അറിയാം. എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ആയുധം ഇപ്പോഴേ ഒരുക്കിവെക്കുകയെന്ന ലക്ഷ്യം നടപ്പിലാക്കാന്‍ അവസരം പാഴാക്കാതെ പ്രവര്‍ത്തിക്കുകയാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: