കുന്നത്തൂര്‍: കേരള ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പമ്പ് ഹൗസുകളില്‍ ആയിരക്കണക്കിന് താത്ക്കാലിക ഓപ്പറേറ്റര്‍മാരെ പിരിച്ചുവിട്ടു. റിമോട്ട് സംവിധാനം വഴി പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കൊവിഡ് കാലത്ത് ഇവരെ പിരിച്ചുവിട്ടത്. ജിപിഎസ് സാങ്കേതിക വിദ്യയില്‍ മൂന്നു മുതല്‍ അഞ്ച് പമ്പുകള്‍ക്ക് ഒറ്റ ഓപ്പറേറ്റര്‍ എന്ന നിലയ്ക്കാണ് പ്രവര്‍ത്തനം വിഭാവനം ചെയ്യുന്നത്. സ്ഥിരം ഓപ്പറേറ്റര്‍മാരാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുക.
സംസ്ഥാന വ്യാപകമായി ഈ സംവിധാനം നിലവില്‍ വരുന്നതോടെ വന്‍ തുക പ്രവര്‍ത്തന ലാഭമാണ് ജല അതോറിറ്റിക്ക് ലഭിക്കുക. എന്നാല്‍ ഇതിന്റെ പേരില്‍ നൂറുകണക്കിന് താത്ക്കാലിക ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 20 വര്‍ഷത്തിലേറെയായി ഇതേ ജോലി ചെയ്യുന്നവരുണ്ട്. മണിക്കൂറിന് 57 രൂപ എന്ന നിരക്കിലാണ് അടുത്ത കാലത്തായി ഇവര്‍ക്ക് കൂലി ലഭിക്കുന്നത്. 47 രൂപയായിരുന്നു മുമ്പ് നല്‍കിയിരുന്ന വേതനം. വേതനം നല്കുന്നതല്ലാതെ മറ്റൊരാനുകൂല്യങ്ങളും സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നില്ല. ഗ്രാമീണ മേഖലകളില്‍ പലയിടത്തും ജലത്തില്‍ ക്ളോറിനേഷന്‍ നടത്തുക, ഓരോ മേഖലയിലേക്കും പമ്പിംഗ് ക്രമപ്പെടുത്തുക തുടങ്ങിയ ജോലികള്‍ ഓപ്പറേറ്റര്‍മാരാണ് നിര്‍വഹിച്ചിരുന്നത്. ജല വിനിമയം, ശുദ്ധജല ലഭ്യത എന്നിവ സംബന്ധിച്ച് നാട്ടുകാര്‍ക്ക് പരാതിപ്പെടാനുള്ള സാഹചര്യവും ഇതോടെ ഇല്ലാതാവുകയാണ്.
അതിനിടെ പിഎസ്സി ജല അതോറിറ്റിയുടെ പമ്പ് ഹൗസുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിഎസ്സി ഇതിനായുള്ള ശ്രമം തുടരവേയാണ് ധൃതി പിടിച്ച് സര്‍ക്കാര്‍ പമ്പ് ഓപ്പറേറ്റര്‍മാരെ ഒഴിവാക്കിയത്. ജീവനക്കാര്‍ക്കായി സിഐടിയുവിന്റെ നേതൃത്വത്തില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ കാര്യമായി പ്രതികരിച്ചില്ലെന്ന ആക്ഷേപവും ഉണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയില്പ്പോകാന് പോലും യൂണിയന് തയ്യാറായില്ലെന്നും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ സിഐടിയു നേതാക്കന്മാര്ക്ക് ഭയമാണെന്നും ചില ജീവനക്കാര്‍ പറയുന്നു. പുതിയതായി സ്ഥാപിക്കുന്ന പമ്പ് ഹൗസുകളില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുകയും നിലവിലെ പമ്പ് ഹൗസുകളില്‍ പഴയ രീതി തുടര്‍ന്ന് ജീവനക്കാരെ സംരക്ഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഉണ്ടായിരുന്ന ചെറിയ വരുമാനം കൂടി നിലച്ചതോടെ കൊവിഡ് കാലത്ത് പട്ടിണിയിലാണ് താത്ക്കാലിക ജീവനക്കാരുടെ കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: