ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തിയെ പിടിച്ചുകെട്ടി ഇന്ത്യ. രാജ്യത്തെ കൊറോണ രോഗബാധിതരുടെ ഒരു ലക്ഷത്തില്‍ താഴെയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 66 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഏപ്രില്‍ രണ്ടിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1,82,282 പേര് രോഗമുക്തി നേടി. നിലവില്‍ 13,03,702 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 2123 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,51,309 ആയി. 23,61,98,726 പേര് രാജ്യത്തൊട്ടാകെ വാക്സിന് സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
തുടര്‍ച്ചയായ 26ാം ദിവസമാണ് കൊറോണ രോഗം ബാധിച്ചവരെക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നത്. 5.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തമിഴ്നാട്ടില്‍ നിന്നാണ് ഇപ്പോഴും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 19448 കേസുകളാണ് തിങ്കളാഴ്ച ഇവിടെയുള്ളത്. കര്‍ണാടകയില്‍ 11958ഉം മഹാരാഷ്ട്രയില്‍ 10,219ഉം കേരളത്തില്‍ 9313 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: