ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് രണ്ട് പ്രളയ ദുരന്തങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ഇടതുമുന്നണിക്ക് നേതൃത്വം നല്കുന്ന സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അന്നു മുതല്‍ ആവര്‍ത്തിക്കുന്നതാണ് നവകേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനം. ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റുകളിലും നവകേരള സൃഷ്ടിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച പദാവലികള്‍ക്ക് പഞ്ഞമൊന്നുമുണ്ടായില്ല. പ്രളയാനന്തര കാലത്തെ കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി പലതും പറഞ്ഞുകേട്ടെങ്കിലും ക്രിയാത്മകമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പണപ്പിരിവില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കിഫ്ബിയിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും, കടമെടുത്തായാലും ക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നുമാണ് മുന്‍ ധനമന്ത്രി ഐസക്ക് ഒരുതരം വാശിയോടെ പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ വളരെ അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണെന്ന സത്യം മറച്ചുപിടിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ പൊതുകടം ലക്കുംലഗാനുമില്ലാതെ വര്‍ധിക്കുന്നതിനെക്കുറിച്ച് നവകേരള സൃഷ്ടിയുടെ വക്താക്കള്‍ കുറ്റകരമായ മൗനം പാലിച്ചു. പുതിയ ധനമന്ത്രി കെ.എന്‍. ബാലഗോപാലും മുന്‍ഗാമിയായ ഐസക്കിന്റെ പാതയാണ് പിന്തുടരുന്നത്. പൊതുകടത്തെക്കുറിച്ചോ അത് കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ചോ ബാലഗോപാലിനും ഒന്നും പറയാനില്ല.
സംസ്ഥാനത്തിന്റെ പൊതുകടം നാല് ലക്ഷം കോടിയിലേക്ക് അടുക്കുകയാണെന്ന വിലയിരുത്തല്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിക്കുന്ന ആപല്‍ക്കരമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കാരണം വ്യക്തമാണ്. സമ്മതിച്ചാല്‍ ഇതിനുള്ള പരിഹാരം കണ്ടെത്തേണ്ടിവരും. അതിനുള്ള യാതൊരു സാധ്യതയും മുന്നില്‍ കാണുന്നില്ല. കിഫ്ബി വഴിയും മറ്റും കിട്ടാവുന്നിടത്തുനിന്നൊക്കെ കടമെടുക്കുന്ന രീതിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ പോയാല്‍ എവിടെനിന്നും കടം കിട്ടാത്ത സ്ഥിതി വരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ പൊതുകടം വലിയ തോതില്‍ വര്‍ധിച്ചിരുന്നു. മന്ത്രി ഐസക്ക് ഈ അപകടത്തെ ലഘൂകരിച്ചു കാണുകയായിരുന്നു. എങ്ങനെയെങ്കിലും അധികാരത്തില്‍ തുടരണമെന്ന ചിന്ത മാത്രമാണ് സര്‍ക്കാരിന് ഉണ്ടായിരുന്നത്. തുടര്‍ഭരണം ലഭിച്ചിരിക്കുന്ന സ്ഥിതിയില്‍ ഇനിയങ്ങോട്ട് ഭരണമെന്ന കേവല ചിന്തയാണ് ഇക്കൂട്ടരെ നയിക്കുന്നതെന്നു വേണം മനസ്സിലാക്കാന്‍. ചെലവു ചുരുക്കുകയെന്നതാണ് പൊതുകടം കുറച്ചുകൊണ്ടുവരാനുള്ള മാര്‍ഗം. അപ്പോള്‍ ജനപ്രിയ നടപടികള്‍ വേണ്ടെന്നു വയ്ക്കേണ്ടി വരും. അതിന് പിണറായി സര്‍ക്കാര്‍ തയ്യാറല്ല. കടം ക്രമാതീതമായി വര്‍ധിച്ച് സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാവുന്നതോ തകരുന്നതോ പ്രശ്നമാക്കേണ്ടെന്ന മനോഭാവമാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക്. കടം കേറി മുടിഞ്ഞാല് തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന നിരുത്തരവാദപരമായ സമീപനം ആപത്കരമാണ്. പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗമൊന്നും മുന്നോട്ടുവയ്ക്കാന്‍ ഇല്ലാത്തതിനാല്‍ കണ്ണടച്ചിരുട്ടാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചുരുക്കത്തില്‍ സമ്പദ്വ്യവസ്ഥ അതിരൂക്ഷമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: