ഇസ്ലാമബാദ്: പാകിസ്ഥാനും ചൈനയും സംയുക്തമായി ഒരു മാധ്യമസ്ഥാപനത്തിന് രൂപം നല്‍കുന്നതായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച രേഖകള്‍ പറയുന്നു. പാശ്ചാത്യമാധ്യമങ്ങളുടെ വിവരങ്ങളുടെ മേലുള്ള ആധിപത്യം തടയാന്‍ ടെലിവിഷന്‍ ചാനല്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.
ഖത്തറിന്റെ അല്‍-ജസീറ, റഷ്യയുടെ ആര്‍ടി നെറ്റ് വര്‍ക്ക് എന്നീ മാതൃകയിലുള്ള ഒരു ആധുനിക വാര്‍ത്താചാനലാണ് ഒരുക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള പത്രപ്രവര്‍ത്തകരായിരിക്കും ജോലി ചെയ്യുക. ഇതിനുള്ള സാമ്പത്തിക നിക്ഷേപം ചൈന നടത്തും. വാര്‍ത്താവിനിമയ രംഗത്ത് നടക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങളുടെ ആധിപത്യം ചെറുക്കുകയാണ് ലക്ഷ്യം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ അതിശക്തമായ ആരോപണങ്ങള്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ അതിശക്തമായി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സംരംഭം ചൈനയ്ക്കൊരു പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കും. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇസ്ലാമിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കി പുതിയൊരു മുഖം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ഈ പുതിയ മാധ്യമമുഖം സഹായിക്കും.
ചൈനയുടെ ആഭ്യന്തരസാഹചര്യം ഒരു തുറന്ന മാധ്യമ സംസ്കാരത്തെ അനുവദിക്കുന്ന ഒന്നല്ല. പക്ഷെ സാമ്പത്തിക നിക്ഷേപം നടത്താനുള്ള കഴിവ് എത്രയെങ്കിലുമുണ്ട്. അതുപോലെ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം തുറന്ന മാധ്യമസ്ഥാപനങ്ങളുണ്ടെങ്കിലും അതിനെ നിലനിര്‍ത്താനുള്ള സാമ്പത്തിക ശക്തിയില്ല. ഇതുരണ്ടും യോജിപ്പിച്ചുകൊണ്ടുള്ളതായിരിക്കും പുതിയ സംരംഭം. മിക്കവാറും പാകിസ്ഥാനിലായിരിക്കും ഈ മാധ്യമസ്ഥാപനം പ്രവര്‍ത്തിക്കുക. ചൈനയില്‍ നിന്നായിരിക്കും പണമെത്തുക. നേരത്തെ പാകിസ്ഥാന് മലേഷ്യ, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളുമായി സഹകരിച്ച് ഒരു ഇംഗ്ലീഷ് ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പായില്ല. ഇസ്ലാമിന്റെ കൃത്യമായ പ്രതിച്ഛായ അവതരിപ്പിക്കുക, ഇസ്ലാമിനോടുള്ള ഭയം മൂലമുള്ള വെല്ലുവിളികള്‍ നേരിടുക എന്നീ ലക്ഷ്യങ്ങളായിരുന്നു അന്ന് പാകിസ്ഥാന്റെ മനസ്സില്‍. നടക്കാതെ പോയ ആ പദ്ധതിക്ക് പകരമാണ് ചൈനയുമായി ചേര്‍ന്നുള്ള പുതിയ മാധ്യമസ്ഥാപനം.
മെയ് 31ന് നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ചൈനയെക്കുറിച്ചുള്ള സത്യസന്ധവും പ്രിയം ജനിപ്പിക്കുന്നതും ആദരവുണര്ത്തുന്നതുമായ പ്രതിച്ഛായ സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു. ഭയംജനിപ്പിക്കുന്ന നയതന്ത്രമുഖത്തിന് പകരം കുറെക്കൂടി സൗമ്യമായ മുഖം ലോകത്തിന് മുന്നില്‍ പ്രദര്ശിപ്പിക്കുകയെന്നതുമായിരിക്കും ചൈനയെ സംബന്ധിച്ചിടത്തോളം ഈ മാധ്യമസംരംഭത്തിന് പിന്നിലെ പ്രചോദനമെന്ന് കരുതുന്നു. പാകിസ്ഥാനും അവരുടെ പ്രതിച്ഛായയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നു.
ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച് പാശ്ചാത്യരാജ്യങ്ങളുമായി സാങ്കേതിക വിദ്യയിലും സമ്പദ് ഘടനയിലും മത്സരിച്ചുനില്ക്കുന്നുവെങ്കിലും വാര്‍ത്താവിനിമയ രംഗത്ത് ചൈനയ്ക്ക് യാതൊരു ആധിപത്യവുമില്ലെന്ന കുറവ് പരിഹരിക്കുകയാണ് പുതിയ മാധ്യമസ്ഥാപനത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: