ലക്നൗ: സമാജ്വാദി പാര്‍ട്ടി(എസ്പി) സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് കോവിഡ് വാക്സിന് സ്വീകരിച്ചു. തിങ്കളാഴ്ച ലക്നൗവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുത്തിവയ്പ് എടുത്തത്. ‘ഇന്ന്, മുന്‍ പ്രതിരോധമന്ത്രിയായ സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ വാക്സിന് സ്വീകരിച്ചതായി’ ചിത്രമുള്‍പ്പെടെ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ട്വീറ്റ് ചെയ്തു. എന്നാല്‍ ഡോസ് ആദ്യത്തെയോ, രണ്ടാമത്തെയോ എന്ന് വ്യക്തമാക്കിയിട്ടില്ല.
‘നല്ല സന്ദേശം’ എന്ന് ഇതിനോട് പ്രതികരിച്ച ബിജെപി സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരും അധ്യക്ഷനും മുലായം സിംഗിന്റെ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെട്ട് മുലായത്തിന്റെ മകന് അഖിലേഷ് യാദവിനെ പരിഹസിക്കുകയും ചെയ്തു. ‘ഒരു നല്ല സന്ദേശം… സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരും ദേശീയ അധ്യക്ഷനും പാര്‍ട്ടി സ്ഥാപകനില്നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.’ -ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന ഘടകം അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് ട്വീറ്റ് ചെയ്തു. കുത്തിവയ്പ് എടുക്കില്ലെന്ന് വ്യക്തമാക്കി, നേരത്തേ കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തെ വിമര്‍ശിച്ച് അഖിലേഷ് യാദവ് രംഗത്തുവന്നിരുന്നു.
വാക്സിന് വികസിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും അപമാനിക്കുകയാണെന്ന് കാട്ടി ബിജെപി പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പിന്നാലെ വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞരോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് വിശദീകരിച്ച് അഖിലേഷ് യാദവ് പ്രസ്താവന മയപ്പെടുത്തി. യാദവിന്റെ കുടുംബത്തിലെ നിരവധി പേര് ഇതിനോടകം വാക്സിന് സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: