തിരുവനന്തപുരം: ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു. പാര്‍ട്ടി മുഖപത്രം ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ആവശ്യം. ലക്ഷദ്വീപിലെ മനുഷ്യരുടെയും മണ്ണിന്റെയും പ്രത്യേകതകളും ദ്വീപിന്റെ പൂര്‍വകാല ചരിത്രവും ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനെ സാധൂകരിക്കുന്നതാണെന്ന് പ്രകാശ്ബബു. അതിനാവശ്യമായ ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നിയമ നിര്‍മ്മാണത്തിന് കേന്ദ്ര ഗവണ്മെന്റും പാര്‍ലമെന്റും തയ്യാറാവണം. കശ്മീരിന്റെ മണ്ണ് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വിലയ്ക്കു വാങ്ങി സ്വന്തമാക്കാന്‍ കളമൊരുക്കിയ കേന്ദ്രഭരണകൂടം ലക്ഷദ്വീപ് സമൂഹത്തിലെ ചില ദ്വീപുകള്‍ ദേശീയവിദേശ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതി നല്‍കാനുള്ള ശ്രമവും നടത്തും. അതോടുകൂടി ദ്വീപുനിവാസികളെ വ്യാപകമായി കുടിയൊഴിപ്പിക്കാനുള്ള നിയമ നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ തിരിയുമെന്നടക്കം കാര്യങ്ങളാണ് ലേഖനത്തില്‍ പറയുന്നത്.
ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍-
1956 ലെ സംസ്ഥാന പുനഃസംഘടനാ നിയമം നടപ്പിലാക്കുന്നതിനു തൊട്ടുമുന്‍പു വരെ ലക്ഷദ്വീപ് സമൂഹം മലബാറിന്റെ ഭാഗമായിരുന്നു. ചേര രാജാക്കന്മാരുടെയും തുടര്‍ന്ന് ചോള രാജാക്കന്മാരുടെയും അധികാരത്തിലിരുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ചേരമാന്‍ പെരുമാള്‍ മക്കയ്ക്കു പോയപ്പോള്‍ അദ്ദേഹത്തെ അന്വേഷിച്ചു വന്നവര്‍ ലക്ഷദ്വീപില്‍ തങ്ങിയെന്നും അവര്‍ ”ഉബൈദുള്ള” എന്നു പേരുള്ള പുണ്യവാനായ ഒരു തങ്ങളുടെ സ്വാധീനത്തില്‍ ഇസ്ലാം മതം സ്വീകരിച്ച് അവിടെ തന്നെ സ്ഥിരവാസമാക്കിയെന്നും ഒരു ചരിത്ര ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ ബുദ്ധമതവും ഇവിടെ പ്രചാരം നേടിയിരുന്നു. ഏഴാം നൂറ്റാണ്ടിലാണ് ഇസ്ലാം മതപ്രചാരകര്‍ ലക്ഷദ്വീപിലെത്തിയതെന്നാണ് പറയപ്പെടുന്നത്. എന്തായാലും കോലത്തിരി രാജാവിന്റെ വംശത്തില്‍പ്പെട്ട ചിറയ്ക്കല്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ സ്ഥലങ്ങള്‍. ചരിത്രരേഖകള്‍ പരിശോധിക്കുമ്പോള്‍ ടിപ്പു സുല്‍ത്താന്റെ ഭരണത്തിന് കീഴിലും ലക്ഷദ്വീപ് എത്തിച്ചേര്‍ന്നിട്ടുണ്ട്. പിന്നീട് കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കല്‍ രാജവംശത്തിന്റെ കൈവശവുമായി. അറയ്ക്കല്‍ രാജവംശം ബ്രിട്ടീഷ് സിംഹാസനത്തിനു കൊടുക്കാനുണ്ടായിരുന്ന പണത്തിന്റെ കുടിശിക കൂടിയപ്പോള്‍ അവര്‍ ലക്ഷദ്വീപ് അറയ്ക്കല്‍ രാജവംശത്തില്‍ നിന്നും കൈവശപ്പെടുത്തി. മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായ മലബാറില്‍ ഉള്‍പ്പെട്ട ലക്ഷദ്വീപും അങ്ങനെ ബ്രിട്ടീഷ് ഭരണത്തിലായി. ആ കാലഘട്ടത്തില്‍ ലക്ഷദ്വീപ് കോഴിക്കോട് താലൂക്കിന്റെ ഭാഗവുമായിരുന്നു. 1956 നവംബര്‍ ഒന്നിന് ലക്ഷദ്വീപിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു എങ്കിലും 1964 വരെ കോഴിക്കോട് ലക്ഷദ്വീപിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സായി തുടര്‍ന്നു. പിന്നീടാണ് കവരത്തി ദ്വീപ് തലസ്ഥാനമായി മാറുന്നത്. എന്നാലും കേരള ഹൈക്കോടതിയുടെ ജുഡീഷ്യല്‍ അധികാരപരിധിയിലാണ് ലക്ഷദ്വീപ് ഇപ്പോഴും നിലനില്‍ക്കുന്നത്. മലയാളം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ലക്ഷദ്വീപ് മലബാറിന്റെ അഥവാ കേരളത്തിന്റെ ഭാഗമാക്കി 1956 ല്‍ തന്നെ മാറ്റാവുന്നതായിരുന്നു. അങ്ങനെ ഉണ്ടായില്ലായെന്നു മാത്രം. എന്നാല്‍ ഒരു കേന്ദ്രഭരണ പ്രദേശമായി 1956 മുതല്‍ തുടരുന്ന ലക്ഷദ്വീപിലെ സമീപകാല സംഭവവികാസങ്ങള്‍ ഒരു പുനര്‍ചിന്തനത്തിന് വഴിയൊരുക്കുന്നു.
ലക്ഷദ്വീപിലെ മനുഷ്യരുടെയും മണ്ണിന്റെയും പ്രത്യേകതകളും ദ്വീപിന്റെ പൂര്‍വകാല ചരിത്രവും ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനെ സാധൂകരിക്കുന്നു. അതിനാവശ്യമായ ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നിയമ നിര്‍മ്മാണത്തിന് കേന്ദ്ര ഗവണ്മെന്റും പാര്‍ലമെന്റും തയ്യാറാവണം. കശ്മീരിന്റെ മണ്ണ് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വിലയ്ക്കു വാങ്ങി സ്വന്തമാക്കാന്‍ കളമൊരുക്കിയ കേന്ദ്രഭരണകൂടം ലക്ഷദ്വീപ് സമൂഹത്തിലെ ചില ദ്വീപുകള്‍ ദേശീയവിദേശ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതി നല്‍കാനുള്ള ശ്രമവും നടത്തും. അതോടുകൂടി ദ്വീപുനിവാസികളെ വ്യാപകമായി കുടിയൊഴിപ്പിക്കാനുള്ള നിയമ നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ തിരിയും. ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അശാന്തിയുടെയും ആശങ്കയുടെയും ഭയപ്പാടിന്റെയും അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് എവിടെയും ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുന്നത്. ലക്ഷദ്വീപ് ഒരു കേന്ദ്രഭരണ പ്രദേശമായി നിലനിന്നാല്‍ ഇതുതന്നെ അവിടെയും സംഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: