കൊല്‍ക്കത്ത: രാജ്ഭവനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. രാജ്ഭവനില്‍ ഓഫിസേഴ്സ് ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി(ഒഎസ്ഡി)യില്‍ കുടുംബാംഗങ്ങളെയും പരിചയക്കാരെയും നിയമിച്ചുവെന്നായിരുന്നു മഹുവ മോയിത്രയുടെ ആരോപണം.
‘നിശ്ചിതകാലത്തേക്ക് ഒഎസ്ഡിമാരായി പേഴ്സണല്‍ സ്റ്റാഫില്‍ നിയമനം ലഭിച്ച ആറുപേര്‍ ബന്ധുക്കളാണെന്ന മഹുവ മോയിത്രയുടെ ട്വീറ്റിലെയും മാധ്യമങ്ങളിലെയും അവകാശവാദം വസ്തുതാപരമായി തെറ്റാണ്. ഒഎസ്ഡിമാര്‍ മൂന്ന് സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരും നാല് വ്യത്യസ്ത സമുദായങ്ങളില്‍ പെട്ടവരുമാണ്. അവര്‍ക്കാര്‍ക്കും കുടുംബവുമായി ബന്ധമില്ല. നാലുപേരും എന്റെ സംസ്ഥാനത്തുനിന്നോ, സമുദായത്തില്‍നിന്നോ ഉള്ളവരല്ല’- ഗവര്‍ണര്‍ തിങ്കളാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.
ഗവര്‍ണറുടെ ഒഎസ്ഡി അബ്ഭുദോയ് സിംഗ് ശെഖാവത്, ഒഎസ്ഡി-കോര്‍ഡിനേഷന്‍ അഖില്‍ ചൗധരി, ഒസ്ഡി-അഡ്മിനിസ്ട്രേഷന് രുചി ദുബെ, ഒസ്ഡി-പ്രോട്ടോക്കോള്‍ പ്രശാന്ത് ദിക്സിത്, ഒഎസ്ഡി-ഐടി കൗസ്തവ് എസ് വാലികര്‍ തുടങ്ങിയവരുടെ പട്ടിക ട്വീറ്റ് ചെയ്തായിരുന്നു ഞായറാഴ്ച മഹുവ മോയിത്ര ആരോപണമുന്നയിച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദിയെ വിളിപ്പിക്കുന്നതിനെപ്പറ്റി ധന്‍കര്‍ ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
ക്രമസമാധാന നില അങ്ങേയറ്റം ഭയപ്പെടുത്തതാണെന്നായിരുന്നു സാഹചര്യത്തെക്കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശം. പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ മഹുവ മോയിത്ര രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: