സോല്‍ഹാന്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ഭീകരാക്രമണത്തില്‍ മരണസംഖ്യ 132 കടന്നു. സമീപകാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ജിഹാദി ആക്രമണമാണ് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി അരങ്ങേറിയത്. നൈജറുമായി അതിര്‍ത്തി പങ്കിടുന്ന യാഘാ പ്രവിശ്യയിലെ സോള്‍ഹന്‍ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഇസ്ലാമിക ഭീകരര്‍ ഗ്രാമത്തിലേക്ക് കടന്നു കയറി വീടുകളും മാര്‍ക്കറ്റുകളും കത്തിയ്ക്കുകയും ഗ്രാമവാസികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേ്ഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരുക്കു പറ്റിയതായും സര്‍ക്കാര്‍ വക്താവ് ഔസ്സെനി തംബൗര അറിയിച്ചു. രാജ്യത്ത് 72 മണിക്കൂര്‍ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുറ്റെറസ് സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ആക്രമണത്തില്‍ ഇരയായവരില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു.
ആയിരക്കണക്കിന് യുഎന്‍ സമാധാന സേനാംഗങ്ങളുടെ സാന്നിദ്ധ്യത്തിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സാഹെല്‍ പ്രദേശത്ത് ഈ വര്‍ഷാദ്യം മുതല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. അല്‍-ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയവയുമായി ബന്ധമുള്ള ജിഹാദി സംഘങ്ങളാണ് അക്രമങ്ങള്‍ക്കു പിന്നില്‍. ബുര്‍ക്കിനാ ഫാസോ, മാലി, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലെ സിവിലിയന്മാരാണ് അക്രമികളുടെ ഇരകളാവുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ബുര്‍ക്കിനാ ഫാസോയില്‍ മാത്രം 1.14 ദശലക്ഷം ജനങ്ങളാണ് ആക്രമണങ്ങള്‍ കാരണം നാടു വിട്ടോടിയത്. അതേസമയം അയല്‍രാജ്യമായ മാലിയില്‍ നിന്നുള്ള 20,000 അഭയാര്‍ഥികള്‍ ഈ ദരിദ്രരാജ്യത്ത് അഭയം തേടിയിട്ടുമുണ്ട്.
ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടനയുടെ പശ്ചിമാഫ്രിക്കന്‍ ഡയറക്ടര്‍ കോറിന് ദുഫ്ക്ക പറയുന്നത് ഏറ്റവും പുതിയ ഈ സംഭവത്തോടെ ഈ വര്‍ഷം ജനുവരി മുതല്‍ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറു കവിഞ്ഞിട്ടുണ്ട് എന്നാണ്.
‘ജിഹാദികള്‍ ഇരച്ചു കയറി, ആദ്യം സിവില്‍ ഡിഫന്‍സ് പോസ്റ്റ് തകര്‍ക്കുന്നു. തുടര്‍ന്ന് ഗ്രാമത്തില്‍ ബാക്കിയുള്ള പൊതുജനങ്ങളെ ഒന്നടങ്കം ശിക്ഷിയ്ക്കുന്നു. ഇതാണ് ഇവിടെ ഇപ്പോള്‍ കാണുന്ന പൊതുവായ ആക്രമണരീതി’ ദുഫ്ക്ക പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം നൈജറില്‍ 137 പേര് ഇത്തരത്തില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: