ആലപ്പുഴ: എസി റോഡിനെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനായി ആദ്യ പിണറായി സര്‍ക്കാര്‍ തുടക്കം കുറിച്ച ആലപ്പുഴ-ചങ്ങനാശേരി സെമി എലിവേറ്റഡ് ഹൈവേ പദ്ധതി മുന്‍നിശ്ചയിച്ച പ്രകാരം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി സജി ചെറിയാനോടൊപ്പം എ.സി. റോഡ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്തും മറ്റു വകുപ്പുകളുമായി ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ടതുണ്ട്. വനംവകുപ്പുമായും റവന്യൂ വകുപ്പുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പാലത്തിന്റെ നിര്‍മാണം ആരംഭിക്കുമ്പോള്‍ ഗതാഗതം വഴിതിരിച്ചുവിടണം. ഇതിനായി ജില്ല കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. 24 കിലോമീറ്റര്‍ വരുന്ന ഹൈവേയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ഉടന്‍ ഉന്നതതല യോഗം ചേരും.
നിലവില്‍ 851 മരങ്ങള്‍ മുറിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇതില്‍ 787 മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടിയായി. 64 മരങ്ങളുടെ കാര്യത്തില്‍ അന്തിമ നടപടിയായിട്ടില്ല. വനംവകുപ്പുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളും തിരുവനന്തപുരത്തു നടക്കുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: