കൊല്ലം: ഓണ്‍ലൈന്‍ പഠനം സാധാരണക്കാര്‍ക്ക് കീറാമുട്ടിയാകുന്നു. സ്മാര്‍ട് ഫോണുകള്‍ക്കും ലാപ്പ്‌ടോപ്, ടാബ്, സ്മാര്‍ട്ട് ടിവി എന്നിവയുടെ ഉയര്‍ന്ന വിലയാണ് കാരണം. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഫോണ്‍ വേണം. പക്ഷെ വിലയാണ് പ്രശ്‌നം. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ മൊബൈല്‍ കടകളും ഇലക്ട്രോണിക്‌സ് കടകളും അടച്ചിട്ടിരിക്കുന്നു. ഒരു വശത്ത് വിലനിലവാരം ഉയരുമ്പോള്‍ മറുഭാഗത്ത് കടകള്‍ അടച്ചിട്ടിരിക്കുന്നു. ഇതിനിടയില്‍ ആശ്രയം ഓണ്‍ലൈന്‍ വ്യാപാരമാണ് അവിടെ പൊള്ളുന്ന വിലയും.
കഴിഞ്ഞ വര്‍ഷം പലരും ഉപയോഗിച്ച ഫോണുകള്‍ കുട്ടികള്‍ക്ക് കൈമാറിയിരുന്നു. ഇവയെല്ലാം ഇപ്പോള്‍ കേടായതോടെ കുട്ടികള്‍ പുത്തന്‍ ഫോണ്‍ ആവശ്യപ്പെടുമ്പോള്‍ രക്ഷിതാക്കള്‍ നെട്ടോട്ടത്തിലാണ്. പഴയ ഫോണുകള്‍ അമിത ഉപയോഗം മൂലം പണിമുടക്കി. ഇവ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്ന കാശുണ്ടെങ്കില്‍ പുതിയ ഫോണ്‍ വാങ്ങാമെന്ന സ്ഥിയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. അത്യാവശ്യക്കാര്‍ മൊബൈല്‍ ഷോപ്പുടമകളെ സമീപിച്ച് അവരുടെ വീടുകളിലെത്തി ഫോണ്‍ വാങ്ങുകയാണ്. വിദ്യാര്‍ത്ഥികള്‍ പഠന ആവശ്യത്തിനായി പുതിയ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുമ്പോള്‍ രക്ഷിതാക്കള്‍ പണത്തിനായി ബുദ്ധമുട്ടുകയാണ്.
ഇപ്പോഴത്തെ ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന മാതാപിതാക്കള്‍ ഭക്ഷണത്തിന് തന്നെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ജോലിക്ക് പോകാനാവാതെ വീട്ടിലിരിക്കുന്ന രക്ഷിതാക്കള്‍ക്ക് പുത്തന്‍ സ്മാര്‍ട്ട് ഫോണുകളും മറ്റും വാങ്ങുന്നത് ഇരട്ടി ഭാരമാകുകയാണ്. ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങണമെങ്കില്‍ ചുരുങ്ങിയത് 6000 രൂപ മുടക്കണം. സാമ്പത്തിക ശേഷിയില്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പും സേവാഭാരതിയും ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: