കണ്ണൂര്‍: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കൊവിഡ് വ്യാപനവും ലോക്ഡൗണും പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് വര്‍ഷം മാത്രമായ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ മുടങ്ങിയതോടെയാണ് രാജ്യത്തെ പുതിയ വിമാനത്താവളങ്ങളിലൊന്നായ കണ്ണൂരിന് തിരിച്ചടിയായത്.
വിമാനത്താവള കമ്പനിയായ കിയാലിന് വിവിധ പൊതുമേഖലാ ബാങ്കുകളിലായി 888 കോടിയുടെ കടബാധ്യത നിലവിലുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വായ്പകളുടെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം എന്നിവയടക്കം വിമാനത്താവളം നടത്തിക്കൊണ്ടു പോകാന്‍ ഏതാണ്ട് മൂന്നര കോടിയോളം ഒരു മാസം ചെലവുണ്ട്. പുതുതായി തുടങ്ങിയ വിമാനത്താവളമെന്ന നിലയില്‍ നിരവധി അടിസ്ഥാന പ്രശ്നങ്ങള്‍ നിലനില്‍ക്കേയാണ് കൂനിന്മേല് കുരുവായി കൊവിഡ് മഹാമാരി കടന്നു വന്നത്. ഇതോടെ വിമാനത്താവളത്തിന്റെ സമസ്ത മേഖലകളിലും പ്രതിസന്ധിയുടലെടുത്തിരിക്കുന്നത്. കസ്റ്റംസുകാരുടെ ശമ്പള ചെലവ് ഉടന്‍ അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
വിമാനത്താവളം ആരംഭിച്ചതു മുതല്‍ കൃത്യമായി ബാങ്ക് വായ്പകളുടെ തിരിച്ചടവ് നടന്നിരുന്നുവെങ്കിലും തുടര്‍ന്നുളള നാളുകളില്‍ തിരിച്ചടവില്‍ വീഴ്ച വന്നു തുടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലോക് ഡൗണ്‍ തുടങ്ങിയതു മുതലാണ് ബാങ്ക് വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാതെ കൂടുതല്‍ ബുദ്ധിമുട്ടിലായത്. പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ ദിവസം മൊറോട്ടോറിയം അനുവദിച്ചിട്ടുണ്ടെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തിന്റെ നടത്തിപ്പിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥിതിയാണ്.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേതിന് സമാനമായി കണ്ണൂര്‍ വിമാനത്താവളത്തിലും ആഭ്യന്തര സര്‍വീസ് മാത്രമേ നടത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ വളരെ കുറവ് യാത്രക്കാര്‍ മാത്രമാണ് വിമാനത്താവളവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നത്. നേരത്തെ കസ്റ്റംസ്, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കേന്ദ്രസര്‍ക്കാരിലേക്ക് മുന്‍കൂട്ടി നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ശബള കുടിശ്ശിക അടയ്ക്കാനായി കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചതായി അറിയുന്നു. ഭീമമായ ശമ്പളം പറ്റുന്ന കസ്റ്റംസ് വിഭാഗത്തില്‍ മാത്രം 34 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലേക്ക് മുന്‍കൂട്ടി അടയ്ക്കണമെന്നാണ് വ്യവസ്ഥ.
കുടിശ്ശിക തുക വേഗം അടയ്ക്കാമെന്ന് കസ്റ്റംസ് കമ്മീഷണറെ അറിയിച്ച കിയാല്‍ ശമ്പള ചെലവ് അടയ്ക്കുന്നതില്‍ നിന്നും അഞ്ചു വര്‍ഷത്തേക്ക് ഒഴിവാക്കണമെന്ന നിവേദനവും നല്‍കിയിട്ടുണ്ട്. ഉത്തര മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകി പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളം കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുമ്പോള്‍ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്കുന്ന കിയാല്‍ ഭരണസമിതിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളാണെന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. വിദേശ കയറ്റുമതി സാധ്യമാകുന്ന കാര്‍ഗോ കോംപളക്സടക്കം ഉടന്‍ പ്രവര്‍ത്തനമാരംഭിച്ചില്ലെങ്കില്‍ അടച്ചുപൂട്ടലിന്റെ അനിവാര്യതയിലേക്കോ വില്പനയിലേക്കോ കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നീങ്ങുമെന്ന ആശങ്ക ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: