പത്തനംതിട്ട: കൊവിഡ് പ്രതിസന്ധിമൂലം സാമ്പത്തികമായി നട്ടംതിരിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രതിമാസം അരക്കോടിയിലേറെ രൂപ അധിക ബാധ്യത വരുന്ന തരത്തില്‍ നിയമനം നടത്തുന്നതായി ആക്ഷേപം.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വരുമാനം തീരെയില്ല. ദേവസ്വം ബോര്‍ഡിനെ സാമ്പത്തികമായി ശാക്തീകരിച്ചിരുന്നത് ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവക്കാലമായിരുന്നു. എന്നാല്‍, 2018ല്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മുതല്‍ ശബരിമലയില്‍ നിന്നുള്ള വരുമാനത്തിലും ഇടിവുണ്ടായി. തുടര്‍ന്ന് കൊവിഡ് മഹാമാരി പരന്നതോടെ കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്തും ശബരിമലയില്‍ നിന്നുള്ള വരുമാനം തീരെ ഇല്ലാതായി. മഹാക്ഷേത്രങ്ങള്‍ അടക്കമുള്ള മറ്റ് അമ്പലങ്ങളില്‍ ഭക്തര്‍ക്ക് കൊവിഡ് കാലത്ത് പ്രവേശനം പരിമിതപ്പെടുത്തിയതോടെ ആവഴിക്കുള്ള വരുമാനവും നഷ്ടമായി. ഇതോടെ ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പിനായി സര്‍ക്കാര്‍ സഹായം തേടിയെങ്കിലും സര്‍ക്കാരും കനിഞ്ഞില്ല. ക്ഷേത്രങ്ങളുടെ ദൈനംദിന നടത്തിപ്പിനും ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിനും വക കണ്ടെത്താന്‍ പെടാപ്പാടുപെടുന്നതിനിടയിലാണ് പുതിയ ജീവനക്കാരെ നിയമിച്ച് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതെന്നാണ് ആക്ഷേപം. ഒഴിവാക്കപ്പെടണമെന്നു കണ്ടെത്തിയ തസ്തികകളില്‍ പോലും പുതുതായി ആളെ നിയമിക്കുന്നതായാണ് പരാതികള്‍ ഉയരുന്നത്.
കൊവിഡ് പ്രതിസന്ധി ദേവസ്വം ബോര്‍ഡിനെ ബാധിച്ചു തുടങ്ങിയ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നൂറിലേറെ നിയമനങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയത്. ദേവസ്വം മരാമത്ത് വിഭാഗത്തിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണത്രേ. സര്‍ക്കാര്‍ പിഡബ്ല്യുഡി വിഭാഗത്തിലെ സ്റ്റാഫ് പാറ്റേണ്‍ വച്ചു നോക്കിയാല്‍ ദേവസ്വം മരാമത്ത് വിഭാഗത്തില്‍ ജീവനക്കാര്‍ ഇപ്പോഴും അധികമാണ്. രണ്ട് ചീഫ് എഞ്ചിനീയര്‍ തസ്തിക നിലവിലുള്ളപ്പോള്‍ മൂന്നാമത് ഒരു ചീഫ് എഞ്ചിനീയര്‍ തസ്തിക കൂടി സൃഷ്ടിക്കാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമാണ് എന്നാണറിയുന്നത്. പിഡബ്ല്യുഡി വിഭാഗത്തിലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണെങ്കില്‍ ഇപ്പോഴുള്ള ജീവനക്കാര്‍ അധികമാണെന്നിരിക്കേ പുതിയതായി ഓവര്‍സിയര്‍മാരെ നിയമിക്കാനാണ് നീക്കം.
കഴിഞ്ഞ രണ്ടുവര്‍ഷമായി ദേവസ്വം മരാമത്ത് പണികള്‍ നാമമാത്രമാണ് നടത്തുന്നത്. അടിയന്തര പ്രവൃത്തികള്‍ മാത്രമേ നടത്തുന്നുള്ളു. ഇപ്പോഴത്തെ ദേവസ്വം മരാമത്ത് പണികളുടെ വ്യാപ്തി വച്ച് നോക്കിയാല്‍ സര്‍ക്കാര്‍ മരാമത്ത് വിഭാഗത്തിലെ ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴില്‍ നടത്താനുള്ള പ്രവൃത്തികളെ നടത്തുന്നുള്ളൂയെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. ആ സമയത്താണ് ഏകദേശം മുപ്പതോളം ഓവര്‍സിയര്‍മാരെ നിയമിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതായി സൂചനകള്‍ ഉയരുന്നത്.
ഭണകക്ഷിയുടെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നതത്രേ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അറുപതിലേറെ എല്‍ഡി ക്ലാര്‍ക്കുമാരേയും നിയമിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്ട്രോങ് റൂം ഗാര്‍ഡുമാരുടെ എണ്ണം കുറയ്ക്കാവുന്നതാണെങ്കിലും പുതുതായി നാല്‍പ്പതിലേറെ ഗാര്‍ഡുമാരേയും നിയമിക്കുന്നു. ഈ പുതിയ നിയമനങ്ങളിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിമാസം അരക്കോടിയോളം രൂപ അധിക ബാധ്യത വരുമെന്നാണ് ഏകദേശ കണക്ക്. നിലവില്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിമാസം മുപ്പതു കോടിയിലേറെ രൂപ കണ്ടെത്തേണ്ടതുണ്ട്. ഇതുവരെ ശമ്പളം മുടങ്ങിയില്ലെങ്കിലും ഈ സ്ഥിതി തുടര്‍ന്നാല്‍ അതും വേണ്ടിവരുമെന്നാണ് ജീവനക്കാരുടെ ആശങ്ക. അതിനിടയില്‍ 2019 മുതല്‍ വിരമിച്ച ഇരുനൂറോളം ജീവനക്കാരുടെ പെന്ഷന് ആനൂകൂല്യങ്ങള്‍ ദേവസ്വംബോര്‍ഡിന് നല്‍കാനായില്ലെന്ന പരാതിയും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: