ന്യൂദല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ പേജിലെ നീല ടിക് ചിഹ്നം ട്വിറ്റര്‍ എടുത്തുമാറ്റിയത് വന്‍വിവാദമായി. കേന്ദ്രം കൊണ്ടുവന്ന ഐടി ചട്ടങ്ങള്‍ പാലിക്കാത്ത ട്വിറ്ററിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ പേജിലെ നീല ടിക് ബാഡ്ജ് മുന്നറിയിപ്പൊന്നുമില്ലാതെ ട്വിറ്റര്‍ നീക്കിയത്. ഒരു ട്വിറ്റര്‍ പേജ് ഔദ്യോഗികമാണെന്ന് ട്വിറ്റര്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവായി നല്കുന്ന ചിഹ്നമാണ് നീല ടിക് ബാഡ്ജ്. പ്രശ്നം വിവാദമായതോടെ ട്വിറ്റര്‍ ബ്ലൂടിക് തിരികെ നല്കി.
നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത പേജിലെ നീല ടിക് ചിഹ്നം നീക്കിയത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന ഉപരാഷ്ട്രപതിയെ ട്വിറ്റര്‍ അപമാനിച്ചുവെന്നും രാജ്യത്തിന്റെ നിയമം പാലിക്കാന്‍ തയ്യാറില്ലാത്ത ട്വിറ്ററിനെതിരെ നടപടിയെടുക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യമയുര്‍ന്നിരുന്നു. ഉടനെ ട്വിറ്റര്‍ നീല ടിക് ചിഹ്നം പുനസ്ഥാപിച്ചു നല്കി തടിയൂരുകയായിരുന്നു.
ഈയിടെ ആര്‍എസ് എസ്-ബിജെപി നേതാക്കളായ സുരേഷ് ബയ്യാജി ജോഷി, സുരേഷ് സോണി, അരുണ്‍ കുമാര്‍ എന്നിവരുടെ പേജിലെ നീല ടിക് ചിഹ്നം നീക്കിയത് വിവാദമായതിന് പിന്നാലെയാണ് മോഹന്‍ ഭാഗവതിന്റെ പേജിലെ നീല ടിക് ബാഡ്ജും നീക്കിയത്. ഏറെക്കാലം ഉപയോഗിക്കാതിരുന്നാല്‍ ട്വിറ്ററിന്റെ അല്‍ഗൊരിതം തന്നെ ആ പേജിലെ ബ്ലൂ ടിക് ചിഹ്നം തനിയെ നീക്കം ചെയ്യുന്നു എന്നതാണ് ട്വിറ്ററിന്റെ ഔദ്യോഗിക ഭാഷ്യം.
ഒരു അക്കൗണ്ട് നിര്ജ്ജീവമായാലോ അതിന്റെ ഉപയോക്താവിന്റെ പേര് മാറ്റിയാലോ, ആ പേജ് അപൂര്‍ണ്ണമാണെങ്കിലോ, നേരത്തെ ട്വിറ്റര്‍ അംഗീകരിച്ച പേജിലെ സ്ഥാനത്ത് നിന്നും അതിന്റെ ഉടമ മാറിയിട്ടുണ്ടെങ്കിലോ, എല്ലാം ട്വിറ്റര്‍ തന്നെ നല്കിയ വെരിഫൈഡ് ബാഡ്ജായ നീല ടിക് ചിഹ്നം പിന്‍വലിക്കാന്‍ കമ്പനിയ്ക്ക് അധികാരമുണ്ട്. അതുപോലെ ഒരു അക്കൗണ്ട് തുടര്‍ച്ചയായി ട്വിറ്റര്‍ മുന്നോട്ട് വെച്ച നിയമങ്ങള്‍ ലംഘിച്ചാലും ആ അക്കൗണ്ടിലെ നീല ടിക് ബാഡ്ജ് പിന്‍വലിക്കാം. അതായത് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയോ, വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയോ, അക്രമനയങ്ങളെ വെള്ളപൂശാന്‍ ശ്രമിച്ചാലോ, അപലപനീയമായ രീതിയില്‍ പെരുമാറുകയോ ചെയ്താലെല്ലാം നീല ടിക് ചിഹ്നം ട്വിറ്റര്‍ പിന്‍വലിക്കും.
പക്ഷെ ഇത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക മുന്നറിയിപ്പുകളും നല്കാതെയുള്ള ട്വിറ്ററിന്റെ ഈ നീക്കം സംശയമുണര്‍ത്തിയിരുന്നു. അതും കേന്ദ്രത്തിന്റെ ഐടി ചട്ടങ്ങള്‍ പാലിക്കാത്തതിനെച്ചൊല്ലി ട്വിറ്ററും കേന്ദ്രവും തമ്മില്‍ വലിയ സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്താണ് ഈ വിവാദ നീക്കങ്ങള്‍ എന്നതും ആശങ്കയുളവാക്കിയിരുന്നു. പക്ഷെ ബ്ലൂ ടിക് ട്വിറ്റര്‍ തന്നെ പുനസ്ഥാപിച്ചു നല്‍കിയതോടെ വിവാദം തല്ക്കാലം കെട്ടടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: