തിരുവനന്തപുരം: നട്ടെല്ല് തകര്‍ന്നു തരിപ്പണമായ കേരളത്തിലെ വ്യാപാരമേഖലയെ വാക്കാല്‍ പോലും ആശ്വസിപ്പിക്കുവാന്‍ കന്നി ബജറ്റില്‍ മന്ത്രി തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
കഴിഞ്ഞ നാലു കൊല്ലമായി പ്രതിസന്ധികളുടെ പടുക്കുഴിയില്‍ വീണ വ്യാപാര മേഖലയെ പൂര്‍ണ്ണമായും തഴഞ്ഞു. വ്യാപാരമേഖലയെ മാത്രം ഒഴിച്ചു നിര്‍ത്തി മറ്റെല്ലാ മേഖലകള്‍ക്കും നാലു ശതമാനം പലിശയ്ക്ക് വായ്പകള്‍ നല്‍കുമെന്ന് മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത് വ്യാപാരികളോടുള്ള അവഗണനയുടെ ആഴം സൂചിപ്പിക്കുന്നു. 8300 കോടി രൂപ പലിശ സബ്സിഡിക്കായി നീക്കി വയ്ക്കുന്നു എന്ന് ബജറ്റിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ വ്യാപാരികള്‍ ആശിച്ചു.
എന്നാല്‍ അതിന്റെ ഗുണഭോക്താക്കളുടെ പട്ടികയില്‍ വ്യാപാരികളെ മാത്രം ഉള്‍പ്പെടുത്താത്തത് കടുത്ത അനീതിയാണ്. വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേരളത്തിലെ വ്യാപാരികളുടെ കണ്ണീരിന് ഒരു താല്‍ക്കാലിക പരിഹാരമെങ്കിലും കാണണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത്, സംസ്ഥാന ഭാരവാഹികളായ ടി.എഫ്. സെബാസ്റ്റ്യന്‍, ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ. എസ്. രാധാകൃഷ്ണന്, എസ്.എസ്. മനോജ് എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: