പത്തനാപുരം: ജോലിക്കിടെ വൈദ്യുതിപോസ്റ്റില്‍ നിന്ന് വീണ് മരിച്ച സുനിലിന്റെ കുടുംബത്തിന് സഹായവുമായി കാവല്‍പ്പുരയിലെ കൂട്ടുകാരെത്തി. ഒരു ദിവസം കൊണ്ട് സ്വരൂപിച്ച തുകയും അവശ്യ സാധനങ്ങളും മാതാപിതാക്കള്‍ക്ക് കൈമാറി.
ഒരാഴ്ച മുമ്പാണ് കേബിള്‍ ടിവി ജീവനക്കാരനായ ബിനു (36) എന്ന സുനില്‍കുമാര്‍ ജോലിക്കിടെ പോസ്റ്റില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചത്. കമുകുംചേരി കൂരാംവിളവീട്ടില്‍ സോമന്‍പിള്ള-തങ്കമണി ദമ്പതികളുടെ മകനായിരുന്നു. നിര്‍ധന കുടുംബത്തിന്റെ ഏകആശ്രയമായ സുനിലിന്റെ വിയോഗം നാടിനും വീടിനും തീരാദുഃഖമായി. ഏഴ് വര്‍ഷമായി കുന്നിക്കോട് കാവല്‍പ്പുരയില്‍ കേബിള്‍ ജീവനക്കാരനായി ജോലി ചെയ്ത് വന്നിരുന്ന യുവാവ് നാടിന് പ്രിയപ്പെട്ടവനായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് സുനിലിന്റെ സഹോദരിയുടെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചത്. ഈ ദുഃഖത്തില്‍ നിന്ന് കുടുംബം കരകയറവെയാണ് സുനിലിനെ വിധി തട്ടിയെടുത്തത്. കാവല്‍പ്പുരയിലെ സുഹ്യത്തുക്കളായ അഫ്‌സല്‍, വിമല്‍, വിനീഷ്, രാജേഷ് എന്നിവരാണ് സഹായവുമായി എത്തിയത്. കമുകുംചേരി വാര്‍ഡ് മെമ്പര്‍ ഹരികുമാറും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: