തിരുവനന്തപുരം: കൊവിഡ് തരംഗത്തില്‍ നിന്നും കരകയറാന്‍ ബജറ്റില്‍ 20000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ പാക്കേജ് പൊള്ളയാണെന്നാണ് പ്രധാന ആരോപണം. മാത്രമല്ല കേന്ദ്ര ധനകാര്യ കമ്മീഷന് റവന്യു കമ്മി നികത്താന്‍ ഗ്രാന്റിനത്തില്‍ അനുവദിച്ച 19,891 കോടിയിലധികം രൂപയും കേന്ദസര്‍ക്കാരിന്റെ നികുതി വിഹിതമായി അനുവദിച്ച 12812 കോടി രൂപയും മനസില്‍ കണ്ടാണ് ഈ പ്രഖ്യാപനം. ഈ തുക മാസം തോറും വിഭജിച്ച് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു തുടങ്ങി. ഈ സാമ്പത്തികവര്‍ഷം നികുതി, നികുതിയിതര വരുമാനത്തില്‍ 1700 കോടിയുടെ നഷ്ടമുണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ പിടിച്ചുനിന്നത് ഈ കേന്ദ്രഫണ്ടു കൊണ്ടാണ്. എന്നാല്‍ ഈ ഫണ്ടിനെക്കുറിച്ച് ബജറ്റ് എസ്റ്റിമേറ്റില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ധനസമാഹരണത്തിന് പദ്ധതികളുമില്ല. കൊവിഡ് രണ്ടാം തരംഗം ഉയര്‍ത്തുന്ന ആരോഗ്യ സാമ്പത്തിക സാമൂഹ്യ വെല്ലുവിളികള്‍ നേരിടാനാണ് പാക്കേജ്. എന്നാല്‍ തുക ബജറ്റ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അധികചെലവായി 1715 കോടി മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 20000 കോടിയുടെ പാക്കേജ് നടപ്പാക്കുമെങ്കില്‍ അധിക ചെലവായി ഈ തുക ഉള്‍പ്പെടുത്തേണ്ടതാണ്. അങ്ങനെയെങ്കില്‍ 21715 കോടി അധിക ചെലവായി ബജറ്റില്‍ സൂചിപ്പിക്കണം. എന്നാല്‍ അങ്ങനെ ബജറ്റിലില്ല. റവന്യൂകമ്മി 16910.12 കോടിയെന്നാണ് ബജറ്റില്‍. അതിലും 20000 കോടിയുടെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല.
20000 കോടി എവിടെ നിന്നും ലഭിക്കുമെന്നും പറയുന്നില്ല. മാത്രമല്ല വിഭവ ധന സമാഹരണത്തിന് പ്രത്യേക പദ്ധതികളോ അതിനുള്ള മാര്‍ഗ്ഗങ്ങളോ നിര്‍ദേശിച്ചിട്ടുമില്ല. പെന്‍ഷനും ഭക്ഷ്യകിറ്റും കുടിശ്ശികയ്ക്കും നല്കുന്ന തുകയാണ് പാക്കേജ് എന്ന പേരില്‍ പ്രഖ്യാപിച്ചത്. സൗജന്യ വാക്സിന് വാങ്ങി നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും ബജറ്റില്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാരും 20000 കോടിയുടെ ഒന്നാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം ചെലവാക്കി എന്നാണ് പുതിയ ബജറ്റില്‍ സൂചിപ്പിച്ചത്. എന്നാല്‍ ഈ തുക എന്തിനെല്ലാം ഏതൊക്കെ തലത്തില്‍ ഉപയോഗിച്ചുവെന്നും വ്യക്തമാക്കിയിട്ടുമില്ല. കഴിഞ്ഞ തവണ ചൂണ്ടിക്കാണിച്ച പാക്കേജില്‍ നിന്നും കരാറുകാര്‍ക്ക് നല്‍കാനുള്ള തുക, പെന്ഷന് കുടിശ്ശിക നല്കല്, പെന്ഷന് വര്‍ദ്ധനവ്, ശമ്പളം നല്കല് എന്നിവ അടക്കമുള്ള സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കാണ് ഉപയോഗിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിപണയിലേക്ക് പണം എത്തിക്കാനുള്ളവ ഒന്നും ചെയ്തിരുന്നില്ല.
കഴിഞ്ഞ പാക്കേജിന്റെ അതേ മാതൃകയിലാണ് രണ്ടാം പാക്കേജും. ജനങ്ങളിലേക്ക് നേരിട്ട് പണം എത്തുന്ന പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കുടുംബശ്രീകള്‍ വഴി ലോണുകള്‍, വ്യവസായങ്ങള്‍ക്ക് ലോണുകള്‍, ലാപ്ടോപിന് ലോണ്‍ തുടങ്ങിയ വായ്പാ പദ്ധതികളാണ് ബജറ്റ് ലക്ഷ്യം വച്ചിരിക്കുന്നത്. പലിശയിനത്തില്‍ ഒരു വിഭാഗം സര്‍ക്കാര്‍ അടയ്ക്കും എന്നത് ഒഴിച്ചാല്‍ ജനങ്ങളെ കൂടുതല്‍ കടത്തിലേക്ക് തള്ളിവിടുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ചെലവ് ചുരുക്കില്ലെന്നും കഴിഞ്ഞ തവണത്തെ സര്‍ക്കാര്‍ സ്വീകരിച്ച കടമെടുപ്പ് തുടരുമെന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഖജനാവില്‍ ബാക്കി ഉണ്ടെന്ന് തോമസ് ഐസക്ക് പ്രഖ്യാപിച്ച 5000 കോടിയെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശം ഇല്ല. സര്‍ക്കാര്‍ ഗുരുതര ധന പ്രതിസന്ധിയിലാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: