തിരുവനന്തപുരം: കൊവിഡ് രണ്ടാം പാക്കേജിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുമെന്ന പ്രഖ്യാപനവും വ്യാജമെന്ന് തെളിഞ്ഞു. ബജറ്റ് പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ധനമന്ത്രിയും മലക്കം മറിഞ്ഞു. പണം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ബാധ്യതകള്‍ തീര്‍ക്കാനെന്നും വ്യക്തമായി.
കൊവിഡിലൂടെ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കാനായി 8900 കോടി രൂപ ലഭ്യമാക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക എങ്ങനെ കൈമാറും എന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നതോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മലക്കം മറിയുകയായിരുന്നു. ജനങ്ങളുടെ കൈകളിലേക്ക് പണം നേരിട്ടെത്തില്ലെന്നും വ്യക്തമാക്കി.
നിലവിലുള്ള പദ്ധതികള്‍ക്ക് മാത്രമാണ് തുക മാറ്റിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 8900 കോടിയില്‍ 3100 കോടിയും നീക്കിവച്ചത് തൊഴിലുറപ്പ് പദ്ധതിക്കാണ്. ഇത് കേന്ദ്രവിഹിതവും കൂട്ടിയാണോ എന്നത് വ്യക്തമല്ല. സര്‍ക്കാരിന്റെ മറ്റൊരു ബാധ്യതയായ സാമൂഹ്യ പെന്ഷന് തുക നല്‍കാനായി മാറ്റവച്ചത് 847 കോടിയാണ്. കോണ്‍ട്രാക്ടേഴ്സിന് നല്‍കാനുള്ള പണത്തിനായി 1700 കോടി നീക്കി വച്ചിട്ടുണ്ട്. കുടുംബശ്രീ അടക്കമുള്ളവയ്ക്ക് വിവിധ ലോണ്‍ സബ്സിഡികള്‍ നല്‍കാനുള്ള തുകയായ 300 കോടിയും നേരിട്ട് പണം എത്തിക്കുന്നതില്‍ നിന്നാണ് മാറ്റിയത്.
മറ്റൊന്ന് കിറ്റ് വിതരണത്തിന് 1740 കോടി മാറ്റി വച്ചിട്ടുണ്ട് എന്നതാണ്. ഇത് എത്രകാലം കൊടുക്കുമെന്ന് വ്യക്തമാക്കാനാകിലെന്ന് ധനമന്ത്രി തന്നെ സമ്മതിച്ചിട്ടുമുണ്ട്. ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആയവര്‍ക്ക് ധനസഹായം നല്കാന് 1100 കോടി വകയിരുത്തിയിട്ടുണ്ട്. ഈ തുക കഴിഞ്ഞ തവണയും നല്‍കിയിരുന്നു. ഇത് അംഗങ്ങള്‍ അടച്ച ക്ഷേമനിധി വിഹിതത്തില്‍ നിന്നുകൂടി പിടിച്ചാണ് നല്‍കുന്നതെന്ന് ആരോപണവും കഴിഞ്ഞ തവണ തന്നെ നേരിട്ടതാണ്. ഒരു ആനുകൂല്യവും കിട്ടാത്തവര്‍ക്കായി 147 കോടിയും മാറ്റിവച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ തവണയും പ്രഖ്യാപിച്ചിരുന്നു. അപേക്ഷ നല്കിയ കലാകാരന്മാര് അടക്കമുള്ള നിരവധി പേര്‍ക്ക് കഴിഞ്ഞ തവണ ഒരുരൂപപോലും കിട്ടിയിരുന്നില്ല. ധനമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്കിയ വിവരം അനുസരിച്ച് എല്ലാം കൂടി 8934 കോടി വരുമെങ്കിലും ബജറ്റില്‍ 8900 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൊവിഡ് രണ്ടാം പാക്കേജിലെ 20000 കോടിയില്‍ നിന്നാണ് ഈ 8900 കോടി മാറ്റുക എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ വിവിധ ലോണുകള്‍ പലിശ സബ്സിഡി എന്നിവയക്കായി 8300 കോടിയും ലഭ്യമാക്കും എന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇതും ഏതൊക്കെ ലോണുകള്‍ക്കാണെന്നോ ഏതൊക്കെ വിധത്തില്‍ വിതരണം ചെയ്യുമെന്നോ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: