തിരുവനന്തപുരം: കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ നിയമ സഭ ഐകകണ്ഠ്യേന പാസാക്കി. നേരത്തെ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ബില്‍ നിയമമായതോടെ ഓര്‍ഡിനന്‍സ്, 1897 ലെ കൊച്ചി- തിരുവിതാംകൂര്‍ സാംക്രമിക രോഗങ്ങള്‍ ആക്ട് എന്നിവ റദ്ദാക്കപ്പെട്ടു.
പുതിയ നിയമം അനുസരിച്ച് വിജ്ഞാപനം വഴി ഏതൊരു രോഗത്തേയും സാംക്രമിക രോഗമായി പ്രഖ്യാപിക്കാം. സംസ്ഥാനത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ സാംക്രമിക രോഗം പിടിപെടുകയോ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയോ ഉയരുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കളക്ടര്‍മാരെ അധികാരപ്പെടുത്താന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ബില്ല്. ഇതനുസരിച്ച് ഏത് നിയന്ത്രണവും സര്‍ക്കാരിന് ഏര്‍പ്പെടുത്താം. ഏതെങ്കിലും ആഘോഷങ്ങളിലോ ആരാധനാലയങ്ങളിലോ ഏത് ആചാരവും നിര്‍ത്തിവയ്ക്കാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും കൂട്ടം കൂടുന്നത് നിരോധിക്കാം. ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന ഏതൊരാളേയും ഉദ്യേഗസ്ഥന് പരിശോധിക്കുകയും ക്വാറന്റൈനിലാക്കുകയും ചെയ്യാം. അതിര്‍ത്തികള്‍ അടച്ചിടാം. കടകള്‍, വാണിജ്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വര്ക്ഷോപ്പുകള്, സംഭരണശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമോ നിരോധനമോ ഏര്പ്പടുത്താം. പൊതു-സ്വകാര്യ ഗതാഗതം നിയന്ത്രിക്കാം. ബാങ്ക്, മാധ്യമം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യവിതരണം, വൈദ്യുതി, വെള്ളം, ഇന്ധനം തുടങ്ങിയ അവശ്യ അടിയന്തര സേവനങ്ങളുടെ സമയ ദൈര്‍ഘ്യം പരിമിതപ്പെടുത്താം.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുകയോ ലംഘിക്കാന്‍ പ്രേരിപ്പിക്കുകയോ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെ തടസപ്പെടുത്തുകയോ ചെയ്താല്‍ രണ്ട് വര്‍ഷം വരെ ശിക്ഷയോ, പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതേ സമയം ഈ കുറ്റങ്ങള്‍ക്കെല്ലാം ജാമ്യം ലഭിക്കും. പിഴത്തുക അടച്ചുകഴിഞ്ഞാല്‍ പ്രോസിക്യൂഷന് നടപടികള്‍ അവസാനിപ്പിക്കും. പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചാല്‍ കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കാനും വ്യവസ്ഥയുണ്ട്. കേസ് പിന്‍വലിക്കലിന് 2020 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന വകുപ്പുകള്‍ക്ക് 2020 മാര്‍ച്ച് 27 മുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ട്.
സബ്ജക്ട് കമ്മറ്റിക്ക് വിടാതെയാണ് നിയമം പാസാക്കിയത്. കേന്ദ്ര നിയമം നിലനില്‍ക്കെ ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നത് നിലനില്‍ക്കുമോ, നിയമനടപടികള്‍ക്ക് കാരണമാകുമോ തുടങ്ങിയ സാങ്കേതികത്വം പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ കേരള സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന പൊതുജനാരോഗ്യം ലക്ഷ്യമിട്ടുള്ള നിയമമാണ് കൊണ്ടുവന്നതെന്ന് ബില്ല് അവതരിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ ആരോപണം നിലനില്കുന്നത് അല്ലെന്ന് സ്പീക്കര്‍ റൂളിങ്ങ് നടത്തി. 655 ഭേദഗതികള്‍ അംഗങ്ങള്‍ നല്കി. അതില്‍ 12 ഭേദഗതികള്‍ അംഗീകരിച്ചാണ് ഐകകണ്ഠ്യേന നിയമം പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: