ദല്‍ഹിയില്‍നിന്നുള്ള സുപ്രധാനവും നടുക്കുന്നതുമായ ഒരു വാര്‍ത്ത ഒട്ടുമിക്ക മലയാള പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല. രാജ്യ തലസ്ഥാനത്തെ ഒരു മസ്ജിദിലെ നാല്‍പ്പത്തിയെട്ട് വയസ്സുകാരനായ മൗലവി രാത്രിയില്‍ അവിടെ കുടിവെള്ളമെടുക്കാന്‍ വന്ന പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്തയാണിത്. വിവാഹിതനും നാലു മക്കളുടെ പിതാവുമായ ഇയാള്‍ നടത്തിയ അതിക്രമത്തെക്കുറിച്ച് പെണ്‍കുട്ടി വീട്ടുകാരോടു പറയുകയും, വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാവുകയും ചെയ്തു. വിവരമറിഞ്ഞ് മൗലവിയെ രക്ഷിക്കാന്‍ മസ്ജിദിനു മുന്നില്‍ തടിച്ചു കൂടിയവരെ നേരിടാന്‍ പോലീസിനെ വിന്യസിക്കേണ്ടിവന്നു. സംഭവത്തിനുശേഷം ദല്‍ഹിയില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് അറസ്റ്റു ചെയ്തതും, കോടതി റിമാന്റ് ചെയ്തതും. ബലാത്സംഗത്തിനു പുറമെ പോക്സോ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അത് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. എന്നിട്ടും പ്രമുഖ മലയാള പത്രങ്ങളോ ചാനലുകളോ ഇക്കാര്യം വാര്‍ത്തയാക്കിയില്ല.
മലയാള മാധ്യമങ്ങളുടെ ഈ നിശ്ശബ്ദത ഇതാദ്യമല്ല. മസ്ജിദിലും മദ്രസ്സകളിലുമൊക്കെയുള്ള മതപണ്ഡിതന്മാര് പിഞ്ചുകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും, ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ദല്‍ഹിയിലെ നരേലയില്‍ എഴുപതുകാരനായ മൗലവി ഒന്‍പത് വയസ്സുകാരിയെ മസ്ജിദില്‍ പീഡിപ്പിച്ചത് വലിയ വിവാദമാവുകയുണ്ടായി. ഗാസിയാബാദിലെ മസ്ജിദില്‍ ഒരു മൗലവി പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച വിവരവും പുറത്തുവന്നു. ഇവിടത്തെ മറ്റൊരു മസ്ജിദില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിരുന്നു. ഈ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മസ്ജിദിന്റെ മട്ടുപ്പാവില്‍ നിന്നാണ് കണ്ടെടുത്തത്. ലൈംഗിക ആക്രമണത്തിന് ഇരയായ 36 കുട്ടികളെ പൂനയിലെ ഒരു മദ്രസയില്‍നിന്ന് പോലീസ് രക്ഷപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു മൗലാനയെ അറസ്റ്റു ചെയ്യുകയുമുണ്ടായി. പത്ത് വയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതിന് മധ്യപ്രദേശിലെ ഖജ്രാന ജില്ലയിലുള്ള മൗലവിക്കെതിരെയും പോലീസ് കേസെടുത്തു. ഇസ്ലാമിക മതപഠനശാലകളില്‍ പിഞ്ചുകുട്ടികള്‍ പലതരം ലൈംഗികാക്രമണങ്ങള്‍ക്ക് വിധേയരാകുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും വിവരങ്ങള്‍ എടുത്തു പറഞ്ഞത്. പലയിടങ്ങളിലും ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാരായ മതപുരോഹിതര്ക്കൊപ്പമാണ് തദ്ദേശവാസികളായ പ്രസ്തുത മതവിശ്വാസികള്‍ നിന്നത്.
ഉത്തരേന്ത്യയില്‍നിന്ന് മാത്രമല്ല, വടക്കന്‍ കേരളത്തിലെ പല മദ്രസകളില്‍നിന്നും കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. പീഡനങ്ങള്‍ക്ക് മതമില്ല. അവിടെ ഇരകളും വേട്ടക്കാരുമാണുള്ളത്. പിച്ചിച്ചീന്തപ്പെടുന്ന ഇരകളുടെ വേദനയും സങ്കടങ്ങളും അവര്‍ ഏത് മതത്തില്‍പ്പെട്ടവരായാലും ഒന്നുപോലെയാണ്. പലപ്പോഴും ജീവിതം മുഴുവന്‍ ഇത് അനുഭവിക്കേണ്ടിയും വരുന്നു. പക്ഷേ മലയാളത്തിലെ പല മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും മതം നോക്കിയാണ് പീഡനങ്ങളോട് പ്രതികരിക്കുക. ജമ്മുകശ്മീരിലെ കത്വയില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയായതിനെതിരെ കേരളത്തില്‍ വാട്സാപ്പ് ഹര്‍ത്താല്‍ പോലും അരങ്ങേറി. ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊലചെയ്യപ്പെട്ടപ്പോഴും കേരളത്തില്‍ വലിയ കോലാഹലങ്ങളുണ്ടായി. ഈ സംഭവത്തിന്റെ പേരില്‍ അവിടെ ജാതീയവും വര്‍ഗീയവുമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരന് സിദ്ദിഖ് കാപ്പന് ഇപ്പോള്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. കാപ്പനെ വിട്ടയയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതിപോലും തള്ളിയിട്ടും അതിനുവേണ്ടിയുള്ള മുറവിളി തുടരുന്നു. പക്ഷേ മൗലവിമാരും മൗലാനാമാരുമൊക്കെ പ്രതികളാകുന്ന ലൈംഗിക പീഡനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. ഇത്തരം വാര്‍ത്തകള്‍ വായനക്കാരിലെത്താതിരിക്കാന് മലയാള ‘മാധ്യമ’ങ്ങള് ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നു. ഇസ്ലാമിക രാഷ്ട്രീയം മതത്തിന്റെ പേരില്‍ കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുകയും, സമൂഹത്തെ അപമാനവീകരിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: