തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കവര്‍ച്ച സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലി ആണ് പോലീസ് പിടിയിലായത്. മലപ്പുറത്ത് ഒളിവില്‍ താമസിക്കുന്നതിനിടെയാണ് സുല്‍ഫിക്കറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാളാണ് കവര്‍ച്ചയുടെ സൂത്രധാരനെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 21 ആയി.
അതേസമയം, കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്കെതിരായി കള്ളപ്രചാര വേലയും നുണപ്രചാരണവും നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ബിജെപിക്കെതിരായ ആരോപണങ്ങള്‍ തള്ളുന്നതായും അദ്ദേഹം അറിയിച്ചു.
കൊടകരയില്‍ നടന്ന പണം കവര്‍ച്ച കേസില്‍ ബിജെപിക്കെതിരെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കേസുമായി ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നതാണ്. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കില്‍ എന്തിനാണ് കേസ് കൊടുക്കുന്നത്. ബിജെപി നേതാക്കളായിട്ടോ സുഹൃത്തുക്കളായോ ആരെല്ലാം ആയി ധര്‍മ്മരാജന്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 38 കോടിയുടെ കള്ളപ്പണം കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെടുത്തിട്ടുണ്ട്. ആരും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും കേസ് കൊടുത്തിട്ടില്ല. ഒരു മനസാക്ഷിയും ഇല്ലാതെയാണ് ബിജെപിക്കും നേതാക്കള്‍ക്കും എതിരെ വാര്‍ത്തകള്‍ കൊടുത്തത്. ഒരു തരത്തിലും ചോദ്യം ചെയ്യപ്പെടേണ്ടതില്ലാത്ത ആളുകളെയാണ് പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: