തൊടുപുഴ: ഓട ശുചിയാക്കിയതിനെതിരെ വ്യാജവാര്‍ത്ത നല്കിയ മലയാള മനോരമ ദിന പത്രത്തിനെതിരെ വ്യാപാരികള്‍ രംഗത്ത്. തൊടുപുഴ നഗരസഭയിലെ കാഞ്ഞിരമറ്റം റോഡരികിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപിന്റെ നേതൃത്വത്തില്‍ ഓടകളിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തിരുന്നു. എന്നാല്‍, ശുചിയാക്കല്‍ പ്രക്രിയ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ മനോരമ ഇതിനെതിരെ രംഗത്തുവന്നു.
ഓടകള്‍ പൂര്‍ണ്ണമായി ശുചിയാക്കിയിട്ടും വെള്ളക്കെട്ട് മാറ്റാനായില്ലെന്നും ഇതില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലാണെന്നും ഇന്നു പുറത്തിറങ്ങിയ പത്രത്തിലൂടെ വ്യാജപ്രചരണം നടത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും പത്തുവര്‍ഷമായി മുടങ്ങിക്കിടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഓടകള്‍ വൃത്തിയാക്കിയിട്ടും പ്രശ്ന പരിഹാരം ഉണ്ടായില്ലായെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത് ശരിയല്ലെന്നും വ്യാപാരികള്‍ ഒന്നടങ്കം വ്യക്തമാക്കി. രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് മനോരമ ഇത്തരത്തില്‍ ഒരു കെട്ടിച്ചമച്ച റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സംയുക്ത പ്രസ്താവനയില്‍ വ്യാപാരികള്‍ വ്യക്തമാക്കി.
ശുചിയാക്കല്‍ പുരോഗമിക്കുന്നതിനിടെ അഴുക്കുചാലിനുള്ളിലൂടെ കടന്നുപോകുന്ന വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് പൊട്ടി താല്‍ക്കാലിക വെള്ളക്കെട്ടാണ് ഉണ്ടായത്. എന്നാല്‍, ഇതു മാലിന്യം നീക്കം ചെയ്തിട്ടും വെള്ളക്കെട്ടുമാറിയില്ലെന്ന് മനോരമ ചിത്രീകരിക്കുകയായിരുന്നു. തെറ്റിദ്ധാരണജനകമായ വാര്‍ത്ത നല്കിയ മനോരമക്കെതിരെ വ്യാപാരികള്‍ രേഖാമൂലം പരാതിനല്‍കി. വാര്‍ത്ത തിരുത്തി നല്‍കണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ പ്രതികരണവുമായി തൊടുപുഴ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മിയും രംഗത്തുവന്നു. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് വസ്തുതകള്‍ തന്നോടെങ്കിലും അന്വേഷിക്കണമായിരുന്നു. വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കിയത് ആരുടെ ഒത്താശയോടെ ആണെങ്കിലും അത് വിലപോകില്ലെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: