ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ ജ്വല്ലറിബിസിനസ് ഉടമ മെഹുല്‍ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്ക കോടതി. അധധികൃതമായി ഡൊമിനിക്കയില്‍ പ്രവേശിച്ചു എന്ന കുറ്റത്തിന്റെ പേരിലാണ് ജാമ്യം നിഷേധിച്ചത്.
മെഹുല്‍ ചോക്സിയെ തട്ടിക്കൊണ്ടുപോയി, മര്‍ദ്ദിച്ചതിന് ശേഷം ഡൊമിനിക്കയിലേക്ക് കൊണ്ടുവന്നതാണെന്ന് മെഹുല്‍ ചോക്സിയുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. മെഹുല്‍ ചോക്സിയ്ക്ക് ജാമ്യം നല്കിയാല് കടന്നുകളയാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറ്റോര്‍ണി ഷെര്‍മ ഡാല്‍റിംപിള്‍ വാദിച്ചു. ഇദ്ദേഹത്തിന്റെ പേരില്‍ ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് ഉണ്ടെന്നും ഇദ്ദേഹത്തെ കൈമാറണമെന്നാവശ്യപ്പെട്ട് ആന്റിഗ്വയുടെ ഹര്‍ജിയും ഇന്ത്യയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത കേസും ഉണ്ടെന്നും അതിനാല്‍ കടന്നുകളയാന്‍ സാധ്യതയുണ്ടെന്നും ഷെര്‍മ ഡാല്‍റിംപിള്‍ വിശദീകരിച്ചു. ഇനി ജൂണ്‍ 14ന് കോടതി വീണ്ടും വാദം കേള്‍ക്കും.
ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് വിട്ടുകിട്ടുന്നതിനായി ഏഴംഗ സിബി ഐ സംഘം ഡൊമിനിക്കയില്‍ എത്തിയിട്ടുണ്ട്. മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് വിട്ടുനല്‍കണമെന്ന് വാദിക്കാന്‍ സിബിഐയും ഇഡിയും ശക്തമായ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: