കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതി താളംതെറ്റി. പദ്ധതിയില്‍ നിന്നും കര്‍ഷകര്‍ വ്യാപകമായി പിന്മാറുകയാണ്. കഴിഞ്ഞവര്‍ഷം ലോക്ഡൗണില്‍ കെട്ടിയാഘോഷിച്ച് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളില്‍ ഉദ്ഘാടനങ്ങള്‍ നടത്തിയെങ്കിലും പദ്ധതിയുടെ ഭാഗമായ കര്‍ഷകരോട് തികഞ്ഞ അവഗണയാണ് സര്‍ക്കാര്‍ കാട്ടിയത്.
തരിശുനിലങ്ങളടക്കം ഉപയോഗപ്പെടുത്തി ആവേശത്തോടെ കൃഷിയിലേക്ക് തിരിച്ചെത്തിയ വലിയൊരു വിഭാഗം കര്‍ഷകര്‍ ഇനി കൃഷി നടത്താനില്ല എന്ന പ്രഖ്യാപനവുമായി പിന്മാറി കഴിഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാത്തതും കൃഷി വിപണന കേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതുമാണ് പ്രധാന പ്രശ്നം. കാലവര്‍ഷം മുന്നിലെത്തിയിട്ടും കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ താല്പര്യമില്ല. വളത്തിന്റെ വിലവര്‍ധനവും കൃഷി ഉപേക്ഷിക്കാന്‍ കാരണമായി. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിക്കാത്തതും പ്രഖ്യാപന വേളയില്‍ അധികൃതര്‍ക്ക് ഉണ്ടായിരുന്ന ആവേശം ഇപ്പോള്‍ ഇല്ലാത്തതുമാണ് കാരണങ്ങള്‍. ഭൂരിഭാഗം കര്‍ഷകരെയും പിന്തിരിപ്പിക്കുന്നത് വിപണി ഇല്ലാത്തതും വിലയിടിവുമാണ്.
തരിശായി കിടന്ന സ്ഥലമെല്ലാം ഉഴുതുമറിച്ച് നെല്‍കൃഷി, പച്ചക്കറി, മരച്ചീനി, നേന്ത്രവാഴ, മത്സ്യകൃഷി തുടങ്ങിയ വിവിധതരം പ്രൊജക്റ്റുകള്‍ വച്ച് വ്യാപകമായി കൃഷി ചെയ്യുകയായിരുന്നു പോയ വര്‍ഷം. എന്നാല്‍ മരച്ചീനി, ഏത്തയ്ക്ക എന്നിവയ്ക്ക് വന്‍ വിലത്തകര്‍ച്ചയുണ്ടായി. ഇതോടൊപ്പം കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചതും കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: