കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച വേമ്പനാട്ട് കായലിന്റെ രക്ഷകന് എന്‍.എസ്. രാജപ്പനെ തേടി തായ്വാനില് നിന്ന് പുരസ്കാരം. സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ആണ് രാജപ്പനെ തേടിയെത്തിയത്. പതിനായിരം യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
രാജപ്പനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ച ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയായ കെ.എസ്. നന്ദുവിനാണ് സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രതിനിധിയുടെ ഇത് സംബന്ധിച്ച സന്ദേശം ലഭിച്ചത്. എന്നാല്‍ നന്ദു ഇത് വിശ്വസിച്ചില്ല. കൊറിയറായി പ്രശംസാപത്രവും ഫലകവും നന്ദുവിന്റെ കൈകളില്‍ എത്തിയപ്പോഴാണ് സംഭവം സത്യമാണെന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് രാജപ്പന് ചേട്ടനെ വിവരം അറിയിക്കുകയും പുരസ്കാരം കൈമാറുകയുമായിരുന്നു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ സേവനം ജനങ്ങളെ മുഴുവന്‍ പ്രചോദിപ്പിക്കുന്നതാണെന്ന് പ്രശംസാപത്രത്തില്‍ പറയുന്നു. ശുദ്ധമായ ജലപാതകളെ പ്രോത്സാഹിപ്പിക്കാനും നദീ സംരക്ഷണത്തിനായും നടത്തിയ പ്രവര്‍ത്തി മാതൃകാപരമാണ്. പുഴകള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ പ്രകൃതിയെയും ഭൂമിയെ തന്നെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പ്രശംസാപത്രത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍, 2021 ജനുവരി 31നാണ് വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യുന്ന എന്‍.എസ്. രാജപ്പനെ അഭിനന്ദിച്ചത്. പക്ഷാഘാതം ബാധിച്ചതു കാരണം നടക്കാന്‍ കഴിയാത്ത രാജപ്പന് തോണിയില്‍ സഞ്ചരിച്ച് മീനച്ചിലാറിലേക്കും വേമ്പനാട്ട് കായലിലേക്കും വലിച്ചെറിയുന്ന കുപ്പിയും മറ്റും പെറുക്കി വിറ്റ് ജീവിതം കണ്ടെത്തുകയായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ പ്രവര്‍ത്തി മാതൃകാപരമാണെന്നും പ്രചോദനപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് പിന്നാലെ നിരവധി പേര് രാജപ്പന് പിന്തുണയുമായെത്തി. ഇപ്പോള്‍ വീണ്ടും രാജ്യാന്തര പുരസ്കാരം കൈകളിലെത്തുമ്പോള്‍ രാജപ്പനും ഒപ്പം നന്ദുവും അതിരറ്റ സന്തോഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: