ആലുവ: വേഗവരയിലൂടെ പ്രശസ്തനായ യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (37) അന്തരിച്ചു. കോവിഡാനന്തരം ന്യുമോണിയയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം. കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനും കാര്‍ട്ടൂണ്‍ ക്ലബ്ബ് ഓഫ് കേരള കോര്‍ഡിനേറ്ററുമായിരുന്നു.
കോവിഡ് അവബോധത്തിന് ഉള്‍പ്പെടെ കാര്ട്ടൂണുകള് ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പ്രചാരണത്തിലും സജീവ പങ്കാളിയായിരുന്നു. ‘കാര്‍ട്ടൂണ്‍മാന്‍ ബാദുഷ’ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചിത്രകലാ അധ്യാപകനും ടെലിവിഷന്‍ ചാനലുകളിലും ചിത്രകലാ ക്ലാസുകള്‍ നയിക്കുകയും ചെയ്തിരുന്നു.സ്പീഡ് കാരിക്കേച്ചര്‍ രംഗത്ത് തന്റേതായ പ്രതിഭ തെളിയിച്ചയാളായിരുന്നു.
നിരവധി പ്രമുഖരെയടക്കം നിമിഷങ്ങള്‍ക്കുള്ളില്‍ കാന്‍വാസിലാക്കി പ്രശസ്തനായ വ്യക്തികൂടിയായിരുന്നു ബാദുഷ. തോട്ടുംമുഖം കല്ലുങ്കല്‍ വീട്ടില്‍ പരേതനായ ഹംസയുടെ മകനാണ്. ആലുവ തോട്ടുമുഖം സ്വദേശിയാണ് ഇബ്രാഹിം ബാദുഷ. ഭാര്യ: ഫസീന. മക്കള്‍: ഫനാന്, ഐഷ, അമാന്‍. കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ വിയോഗത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചിച്ചു. ഖബറടക്കം തോട്ടുംമുഖം പടിഞ്ഞാറേ പള്ളിയില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: