പുനലൂര്‍: കൊവിഡിന്റെ മറവില്‍ ജില്ലയുടെ കിഴക്കന്‍മേഖലയില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉത്പാദനവും, വിപണനവും തകൃതി. ലഹരിമാഫിയകള്‍ പിടിമുറുക്കുമ്പോഴും പോലീസ്, എക്സൈസ് സംഘങ്ങളുടെ റെയ്ഡുകള്‍ പേരിനുമാത്രം.
വ്യാജചാരായം, അരിഷ്ടം, കഞ്ചാവ് എന്നിവയുടെ നിര്‍മ്മാണവും തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച ശംഭു, ഹാന്‍സ് എന്നിവയുടെയും മറ്റ് പാന്‍മസാലകളുടെയും വിപണനകേന്ദ്രമാണ് മലയോര മേഖല. മുന്‍പ് തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ വനമേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന വ്യാജചാരായ, അരിഷ്ട നിര്‍മാണങ്ങള്‍ ഇപ്പോള്‍ വീടുകളില്‍ തന്നെയായി. കോടയുടെയും ചാരായ നിര്‍മാണത്തിലേയും ഗന്ധം പുറത്തു പോകാതിരിക്കാനുള്ള ടെക്നിക്കുകളുമുണ്ട്.
യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുറമെ ലഹരി തേടുന്നവരില്‍ ഏറെയുള്ളത് ഇതരസംസ്ഥാന തൊഴിലാളികളാണ്. മുന്‍പ് പെട്ടിക്കടകളും, മുറുക്കാന്‍ കടകളും കേന്ദ്രീകരിച്ചായിരുന്നു എങ്കില്‍ ഇന്ന് മൊബൈല്‍വഴി ആവശ്യക്കാരന് സാധനമെത്തും. ഒറ്റ ഫോണ്‍കാളില്‍ ഏത് ലഹരി വസ്തുക്കളും ആവശ്യക്കാരന്റെ കൈകളില്‍ എത്തിക്കാന്‍ ആളുണ്ട്. ഇപ്പോള്‍ കുട്ടികളും ലഹരിയുടെ ഉപഭോക്താക്കളാകുന്നു. ബേക്കറികളിലും മറ്റും ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഫിസ് സ്വീറ്റ് ബിയര്‍ നുണയുന്നതില്‍ ഏറെയും കുട്ടികളാണ്. ഇത് കുടിച്ചാല്‍ മികച്ച ലഹരിയാണെന്നതാണ് വസ്തുത.
കഞ്ചാവും മദ്യവുമാണ് കിഴക്കന്‍മേഖലയില്‍ വ്യാപകമാകുന്ന മറ്റ് ലഹരിവസ്തുക്കള്‍. പൂവന്, അരിയന് വിഭാഗത്തിലെ കഞ്ചാവ് ചെടികളാണ് കിഴക്കന്‍മേഖല കേന്ദ്രീകരിച്ച് ലഭ്യമാക്കുന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെടിയില്‍ നിന്ന് 500 ഗ്രാം കഞ്ചാവ് വരെ ലഭിക്കുമെന്നും പറയപ്പെടുന്നു. പ്രഷര്‍ കുക്കറിലെ മദ്യനിര്‍മാണമാണ് മറ്റൊരു ഭീഷണി. ഇങ്ങനെ നിര്‍മിക്കുന്ന ഒരു കുപ്പി മദ്യത്തിന് 1500 രൂപ മുതല്‍ 2000 രൂപ വരെയാണ് വില. ജില്ലയുടെ കിഴക്കന്‍ മേഖല നിരവധി മദ്യദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1981 മാര്‍ച്ച് 16ന് പുനലൂരില്‍ കവര്ചാരായം കഴിച്ച് 30 പേരും, 1993 ആഗസ്റ്റില്‍ അഞ്ചല്‍, ഏറത്ത് 6 പേരും 2000 ഒക്ടോബറില്‍ കൊട്ടാരക്കര പള്ളിക്കല്‍, പട്ടാഴി ദുരന്തങ്ങളില്‍ 32 പേരും മരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: