ന്യൂദല്‍ഹി : രാജ്യത്ത് വിദേശ വാക്സിനുകള്‍ ഉപയോഗിക്കുന്നതിനായുള്ള മാനദണ്ഡങ്ങളില്‍ ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇളവ് വരുത്തി. വാക്സിന് ലഭ്യത ഉറപ്പുവരുത്താന്‍ വേണ്ടിയാണ് മാനദണ്ഡങ്ങളില്‍ ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. ഇതുപ്രകാരം തദ്ദേശീയമായ വാക്സിന് പരീക്ഷണം, വാക്സിന്റെ ഓരോ ബാച്ചിനും സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി അനുമതി വേണമെന്നതും ഡ്രഗ്സ് കണ്ട്രോള് താത്കാലികമായി ഒഴിവാക്കി.
പുതിയ ഈ നടപടി രാജ്യത്ത് ഫൈസറിനും മോഡേണയ്ക്കും അനുമതി വേഗത്തില്‍ കിട്ടാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ വാക്സിനേഷന് കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. വാക്സിന് ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ പകുതിയോടെ പ്രതിദിനം ഒരുകോടി വാക്സിന് വീതം നല്‍കാനാണ് തീരുമാനം.
ഇതിനായി വിദേശത്തെ അംഗീകൃത വാക്സിനുകള്‍ കൂടി രാജ്യത്ത് ലഭ്യമാക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് കണക്കിലെടുത്താണ് മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത്. നിലവില്‍ വിദേശ വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് രാജ്യത്ത് വാക്സിന് പരീക്ഷണം നടത്തേണ്ടതുണ്ട്. കൂടാതെ വാക്സിന്റെ ഓരോ ബാച്ചിനും സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയുടെ അനുമതിയും ആവശ്യമാണ്. ഇത് രണ്ടും ഒഴിവാക്കിയതോടെ വിദേശ വാക്സിനുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ 100 പേരില്‍ ഏഴു ദിവസത്തേക്ക് വാക്സീന് കുത്തിവെച്ച് നിരീക്ഷിച്ച ശേഷമേ വിതരണം ആരംഭിക്കാവൂ എന്ന നിബന്ധന നിലനില്ക്കും.
അതേസമയം അമേരിക്കയിലെ എഫ്ഡിഐ, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെഎംഎച്ച്ആര്‍എ, പിഎംഡിഎ ജപ്പാന്, ലോകോരോഗ്യസംഘടന എന്നിവയുടെ അടിയന്തര ഉപയോഗ പട്ടിക എന്നിങ്ങനെ വിവിധ തലത്തില്‍ അംഗീകാരമുള്ള വാക്സിനുകള്‍ക്കാണ് ഡ്രഗ്സ് കണ്ട്രോളര് ഇളവ് അനുവദിച്ചത്. ഇതോടെ മൊഡേണ, ഫൈസര്‍ പോലുള്ള വിദേശ വാക്സിനുകള്‍ ഇന്ത്യയില്‍ ഉടന്‍ തന്നെ ഇറക്കുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: