കോഴിക്കോട്: സൈക്കിളില്‍ നിന്ന് ബൈക്കിലേക്കും ബൈക്കില്‍ നിന്ന് കാറിലേക്കും മലയാളിയുടെ വാഹനലോകം മാറിയെങ്കിലും കൊവിഡ് കാലത്ത് സൈക്കിള്‍ വിപണിയില്‍ വന്‍ മുന്നേറ്റം.
ആഡംബര ജീവിതത്തിലേക്ക് മലയാളി സമൂഹത്തിലെ വലിയൊരു വിഭാഗം തിരിഞ്ഞതോടെ സൈക്കിള്‍ നമുക്ക് പഴഞ്ചനായിരുന്നു. എന്നാല്‍, ഈ ജീവിതശൈലി തിരിഞ്ഞുകൊത്താന്‍ തുടങ്ങിയതോടെ മലയാളിയും മാറാന്‍ തീരുമാനിച്ചു. അതോടെ വ്യായാമത്തിനായി സൈക്കിള്‍ ചവിട്ടല്‍ എന്ന ആശയം മുന്നോട്ടുവന്നു. ഇതോടെ സൈക്കിള്‍ അതിന്റെ പ്രതാപകാലം വീണ്ടെടുക്കാന്‍ തുടങ്ങി. കൊവിഡും, ലോക്ഡൗണുമായതോടെ ആളുകള്‍ക്ക് വ്യായാമ കേന്ദ്രങ്ങളായ ജിമ്മില്‍ പോകാന്‍ പറ്റാതെയായി. ഇതോടെയാണ് സൈക്കിളുകള്‍ക്ക് പ്രിയമേറിയത്. ഈ അവസരം മുതലെടുത്ത് വിദേശ കമ്പനികളും ഇന്ത്യന്‍ വിപണിയിലേക്ക് ചേക്കേറിത്തുടങ്ങി. ഫിറ്റ്നെസ് തന്നെയാണ് വര്‍ധിച്ചുവരുന്ന സൈക്കിള്‍ പ്രേമത്തിന് പ്രധാന കാരണം എന്ന് വിപണി വിലയിരുത്തുന്നുണ്ട്.
എന്നാല്‍, നിരത്തുകളിലെ പതിവ് സൈക്കിളുകളായ ഹീറോ മോഡലുകള്‍ മാത്രമല്ല ഇന്നുള്ളത്. ഗീയറും ഡിസ്ക് ബ്രേക്കും വരെയുള്ള സ്പോര്‍ട്സ് സൈക്കിള്‍ ആണ് കൂടുതലും. സൈക്കിളിന്റെ വില ആര്‍ക്കും പ്രശ്നമല്ലെന്നും ലക്ഷങ്ങള്‍ വിലയുള്ള സൈക്കിളുകള്‍ വരെ വിറ്റുപോകുന്നുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. സാധാരണ റൈഡുകള്‍ക്ക് പുറമെ സൈക്കിളുമായുള്ള ട്രക്കിങ്ങിനും മറ്റും പ്രചാരമേറുന്നുണ്ട്.
സൈക്കിളിന്റെ ആവശ്യകത വര്‍ധിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈക്കിള്‍ നിര്‍മാതക്കള്‍ ഇന്ത്യയായി. മോണ്ട്ര, ഹെര്‍ക്കുലീസ് റോഡിയോ, ഹീറോ യുടി, യുഎസ് കമ്പനിയായ ട്രെക്സ്, ഫയര്‍ ഫോക്സ്, ട്രെക്ക് എലൈറ്റ് 9.9 എന്നീ കമ്പനികളോടാണ് ജനങ്ങള്‍ക്ക് ഏറെ പ്രിയം. 20,000 മുതല്‍ നാല് ലക്ഷം വരെയാണ് സൈക്കിളിന്റെ വില. ഡിമാന്‍ഡ് കൂടിയതോടെ വിപണിയില്‍ സൈക്കിളിന് ക്ഷാമം നേരിടുന്നുണ്ട്. കഴിഞ്ഞ ലോക്ഡൗണ്‍ മുതലാണ് കേരളത്തില്‍ സൈക്കിളിന് ആവശ്യക്കാരേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: