ശ്രീനഗര്‍: ഓണ്‍ലൈന്‍ ക്ലാസുകളില്‍ അധ്യാപകര്‍ ഒരുപാട് ഹോം വര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആറു വയസുകാരിയുടെ പരാതി. ജമ്മു കശ്മീര്‍ സ്വദേശിനിയാണ് കൗതുകകരമായ രീതിയില്‍ മോദിയോട് പരാതി പറഞ്ഞതും മോദി സാബ് ഇടപെടണമെന്ന് അഭ്യര്‍ഥിച്ചതും. കാര്യങ്ങള്‍ വിശദമാക്കുന്ന വീഡിയോ വൈറലാണ്. അധ്യാപകര്‍ അധിക ഹോം വര്‍ക്ക് നല്‍കുകയാണെന്നും ഇത്രയും ജോലി തങ്ങളെ പോലുള്ള കൊച്ചുകുട്ടികള്‍ക്ക് നല്‍കാതെ വലിയ കുട്ടികള്‍ക്ക് കൊടുക്കണമെന്നും പെണ്‍കുട്ടി പറയുന്നതും കാണാം.
കൊച്ചുകുട്ടികള്‍ക്ക് ഇത്രയധികം ഹോം വര്‍ക്കുകള്‍ തരുന്നത് ശരിയാണോ? രാവിലെ തുടങ്ങുന്ന ഓണ്‍ലൈന്‍ ക്ലാസ്… ഒന്നിന് പുറകെ ഒന്നായി ഇംഗ്ലീഷ്, കണക്ക്, ഇവിഎസ്, ഉറുദു അങ്ങനെ ഉച്ചവരെ നീളും. ഇത്രയധികം പഠിക്കാന്‍ തരുന്നത് തീരെ ശരിയല്ലെന്നും കുട്ടി വീഡിയോയില്‍ പറഞ്ഞു. ഞങ്ങള്‍ എന്ത് ചെയ്യും മോദി സാബ് എന്ന് ആറു വയസുകാരി ചോദിക്കുന്നതും ശ്രദ്ധേയം. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പരാതിയില്‍ ഇടപെട്ടു. രണ്ട് ദിവസത്തിനകം പുതിയ നയം രൂപീകരിക്കാനും അദ്ദേഹം വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്കി.
വളരെ മനോഹരമായ പരാതിയാണിത്. കുഞ്ഞുങ്ങളുടെ ഹോംവര്‍ക്കുകളുടെ ഭാരം കുറയ്ക്കാനും 48 മണിക്കൂറില്‍ പുതിയ നയം രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ നിഷ്കളങ്കത ദൈവത്തിന്റെ സമ്മാനമാണ്. അവരുടെ നാളുകള്‍ സന്തോഷം നിറഞ്ഞതായിരിക്കണമെന്നും മനോജ് സിന്‍ഹ വീഡിയോ പങ്കുവച്ച് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: