ന്യൂദല്‍ഹി : രാജ്യത്ത് പ്രതിദിനമുള്ള വാക്സിനേഷനുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജൂലൈ പകുതി മുതല്‍ ദിവസേന ഒരുകോടി ആളുകള്‍ക്ക് വീതം വാക്സിന് നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കോവിഡ് വാക്സിനേഷന് ദേശീയ ടാസ്ക് ഫോഴ്സ് ചെയര്‍പേഴ്സണ്‍ എന്‍.കെ അറോറ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ആഗസ്റ്റ് മാസത്തോടെ നമുക്ക് പ്രതിമാസം 20 മുതല്‍ 25 കോടി വരെ വാക്സിന് ഡോസുകള്‍ ലഭിക്കും. ഇത് കൂടാതെ മറ്റൊരുഉല്പാദന യൂണിറ്റുകളില്‍ നിന്നും അല്ലെങ്കില്‍ അന്തര്‍ദ്ദേശീയ വാക്സിന് ഉത്പാദകരില്‍ നിന്നുമായി 5-6 കോടി വാക്സിന് ഡോസുകള്‍ കൂടി ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എന്നതിലേക്ക് എത്തിച്ചേരുമെന്നും എന്‍.കെ. അറോറ പറഞ്ഞു.
ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കോവിഷീല്‍ഡ് നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കോവാക്സിന് വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക് എന്നിവരില്‍നിന്ന് വരും മാസങ്ങളില്‍ കൂടുതല്‍ വാക്സിനുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത് ലഭിച്ചാല്‍ ജൂലൈ പകുതി മുതല്‍ പ്രതിദിനം ഒരു കോടി വാക്സിന് എന്ന ലക്ഷ്യം നടപ്പിലാക്കാന്‍ സാധിക്കും. റഷ്യയുടെ സ്പുട്നിക് വാക്സിന് അടുത്തുതന്നെ ഇന്ത്യയില്‍ പ്രാദേശികമായി ഉത്പ്പാദനവും ആരംഭിക്കും.
ഇതുവരെ 23 കോടി കോവിഡ് വാക്സിന് ഡോസുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ വേസ്റ്റേജടക്കം 21,51,48,659 ഡോസുകളാണ് മൊത്തം ഉപയോഗിച്ചിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: