തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം പുതിയതല്ല. കഴിഞ്ഞ സര്‍ക്കാരിനെതിരെ പൊതുസമൂഹം ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നില്ലെന്ന് രൂക്ഷവിമര്‍ശനവുമായി ആര്‍എംപി എംഎല്‍എ കെ.കെ. രമ. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അവര്‍ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് നയപ്രഖ്യാപമെന്നാണ് ഭരണപക്ഷം പറയുന്നത്. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ ആഭ്യന്തര നയം പരാജയമാണ്. പുതിയ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ലെന്നും രമ കുറ്റപ്പെടുത്തി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പില്‍ നടന്ന കസ്റ്റഡി കൊലപാതകങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, പിഞ്ചുകുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു. ചെറുപ്പക്കാരെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ചു. അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി. ഈ വിഷയങ്ങളില്‍ സര്‍ക്കാരിന്റേയും പോലീസിന്റേയും നയമെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഈ സര്‍ക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. കെ റെയില്‍ പോലുള്ള പദ്ധതി ആയിരക്കണക്കിന് മനുഷ്യരെ പുറന്തള്ളുന്നതാണ്. 20000 ത്തിലധികം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ഈ പദ്ധതി ആര്‍ക്ക് വേണ്ടിയാണ്. കിഫ്ബി കേരളത്തെ വന്‍ കടക്കെണിയിലേക്ക് തള്ളുന്നതാണ്. ഇതൊരു വായ്പാ കെണിയാണെന്ന് തുറന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണെമന്നും അവര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ കോവിഡ് മരണസംഖ്യയില്‍ അവ്യക്തതയുണ്ട്. ഇത് പരിശോധിച്ച് വ്യക്തത വരുത്തേണ്ടതാണ്. കണക്കുകള്‍ കുറച്ച് കാണിച്ച് സാധാരണക്കാരന് ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നു. പഞ്ചായത്തുകളില്‍ ഫണ്ടിന്റെ അഭാവമുണ്ട്. സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നയം പരിഹാസ്യമാണ്. സാധാരണ ജനത്തിന്റെ ദുരിതങ്ങള്‍ക്ക് മുഖം കൊടുക്കാത്ത സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോട് യോജിക്കാനാവില്ലെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: