മൂന്നാര്‍: ഇക്കാനഗറില്‍ പൊതുമരാമത്ത് വകുപ്പ് വക ഭൂമി കൈയേറി കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്റ്റോപ്പ് മെമ്മോ. നടപടി ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്. നിര്‍മാണം നടത്തിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ വിധിയുടെ മറവില്‍. മൂന്നാര്‍ വില്ലേജ് ഓഫീസറാണ് ഞായറാഴ്ച സ്ഥലം സന്ദര്‍ശിച്ച ശേഷം നടപടി സ്വീകരിച്ചത്.
മൂന്നാര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 62/9ല്‍പ്പെട്ട ഭൂമിയിലാണ് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ ഭാര്യയുടെ ബന്ധു നീര്‍ത്തടം നികത്തി കെട്ടിടം നിര്‍മ്മിച്ചത്. അടുത്തിടെ വരെ യാതൊരു നിര്മാണവുമില്ലാതിരുന്ന സ്ഥലത്ത് വളരെ വേഗത്തില്‍ കെട്ടിടം ഉയരുകയായിരുന്നു. ജന്മഭൂമി ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത് മെയ് 30നാണ്. ഈ സമയം ചതുപ്പില്‍ ബീം പണി പൂര്‍ത്തിയാക്കി വാര്‍ത്ത ശേഷം കട്ട കെട്ടുകയായിരുന്നു. കെട്ടിടം മേഞ്ഞിരുന്നില്ല. എന്നാല്‍, പിന്നാലെ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഷീറ്റ് സ്ഥാപിച്ച് ഏറെക്കുറെ പണി പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ പകല്‍ ഇവിടെ പാലുകാച്ചല്‍ ചടങ്ങും നടന്നു.
മുമ്പ് ഇവിടെ കെട്ടിടമുണ്ടായിരുന്നില്ലെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി. സമീപത്തൊരു താല്‍ക്കാലിക ഷെഡ് ഉണ്ടായിരുന്നു. ഇത് പ്രളയത്തില്‍ നശിച്ചതായി കാട്ടി പഞ്ചായത്തില്‍ നിന്ന് നവീകരണത്തിന് പെര്‍മിറ്റ് വാങ്ങി. പിന്നീട് ഈ പേപ്പര്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ച് ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ 23ന് കെട്ടിട നിര്‍മാണത്തിന് അനുമതി വാങ്ങിയത്. ഇക്കാര്യം ചിത്രങ്ങളില്‍ നിന്ന് പോലും വ്യക്തമാണ്. മാര്‍ച്ച് 25ന് ഇവിടെ നിന്ന് പകര്‍ത്തിയ ദൃശ്യത്തില്‍ യാതൊരു നിര്‍മാണവും കാണാനുമില്ല.
സംഭവത്തില്‍ സബ് കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് വില്ലേജ് ഓഫീസര്‍ സിദ്ധിഖ് അറിയിച്ചു. അതേസമയം, ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ കെട്ടിട പണി തടസപ്പെടുത്താന്‍ പാടില്ലെന്ന് കാട്ടിയുള്ള ഉത്തരവ് ഇവര്‍ വാങ്ങിയതായി സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. ഇതിനെതിരെ ഹൈക്കോടതിയില്‍ എതിര് സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതായും ജില്ലാ കളക്ടറുമായി ആലോചിച്ച് ഉടന്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
40 സെന്റോളം വരുന്ന ഈ സ്ഥലത്തിന്റെ അതിരിനോട് ചേര്‍ന്നാണ് എസ്. രാജേന്ദ്രന്റെ ഭൂമിയും. താല്‍ക്കാലിക ഷെഡ്ഡിനായി അനുമതി വാങ്ങിയ ശേഷം സമീപത്തെ സ്ഥലം കൂടി കൈയേറി കൂറ്റന്‍ കെട്ടിടമാണ് സ്ഥലത്ത് പണിതിരിക്കുന്നത്. ഈ സ്ഥലത്തെ മുഴുവന്‍ കെട്ടിടങ്ങളും അനധികൃതമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുള്ളതാണ്. കെഎസ്ഇബി-പൊതുമരാമത്ത് വക സ്ഥലത്താണ് നിരവധി കെട്ടിടങ്ങള്‍ ഇത്തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: