ഇടുക്കി: ഏറെക്കാലമായി സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് അതിവേഗം മാറുന്ന കാലാവസ്ഥ. ആര്‍ക്കും പിടിതരാതെ ഇത് മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാനത്തിന് ആവശ്യം ഭാവി മുന്നില്‍ക്കണ്ടുള്ള ബൃഹത്തായ പദ്ധതികള്‍.
2018ലെ പ്രളയം മുതല്‍ ഇങ്ങോട്ടുള്ള ഒരോ മാസങ്ങളും കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. കാലം തെറ്റിയുള്ള മഴയ്ക്കും തണുപ്പിനും ചൂടിനുമെല്ലാം പുറമെ ചുഴലിക്കാറ്റുകളും കടല്‍ ക്ഷോഭവുമെല്ലാം മലയാളികളെ അടിമുടി വലയ്ക്കുന്നു.
സംസ്ഥാനത്തിന്റെ സുരക്ഷിത ഭാവിക്ക് അനിവാര്യം കാലാവസ്ഥയിലെ മാറ്റം തിരിച്ചറിഞ്ഞുകൊണ്ടുള്ള നടപടികളാണെന്ന് കാലാവസ്ഥ ഗവേഷകന് ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. കേരളത്തില്‍ കാലാവസ്ഥ വ്യതിയാനം ഏറ്റവും പെട്ടെന്ന് ബാധിക്കുക സമുദ്ര നിരപ്പിലും താഴ്ന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാടിനെയാണ്. നെല്ലറയെന്നറിയപ്പെടുന്ന കുട്ടനാട്ടിലെ ഓരോ മാറ്റങ്ങളും കാര്‍ഷിക മേഖലയെ താറുമാറാക്കും. എല്ലാ വര്‍ഷവും വെള്ളപ്പൊക്കങ്ങള്‍. ബണ്ട് തകരുമെന്ന ഭയത്തിലാണ് അവര്‍. എന്നാല്‍ കഴിഞ്ഞ ഏതാനം വര്‍ഷമായി വെള്ളപ്പൊക്കം വലിയ ദുരിതത്തിലേക്കാണ് ഇവരെ തള്ളിവിടുന്നത്. സമാനമായി പ്രശ്നമുള്ള മേഖലയാണ് പാലക്കാട്. അവിടെ ചൂടാണ് പ്രശ്നമെങ്കില്‍ ഇവിടെ വെള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥയിലുണ്ടാകുന്ന തീഷ്ണമായ മാറ്റങ്ങള്‍ വര്‍ദ്ധിച്ച ആവര്ത്തിയോടെ ആവര്‍ത്തിക്കുമെന്ന ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ് ജനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടനാട്ടിലടക്കം ദീര്‍ഘകാല അടിസ്ഥാനത്തിലും ഹൃസ്വകാല അടിസ്ഥാനത്തിലും ശാസ്ത്രീയ പഠനങ്ങള്‍ നടത്തി പദ്ധതികള്‍ തയാറാക്കണം. 20 വര്‍ഷം വരെ മുന്‍കൂട്ടി കണ്ടുള്ള നടപടികളാണ് ആലോചിക്കേണ്ടത്.
കാലാവസ്ഥയിലെ മാറ്റങ്ങള്‍ അധികൃതരും മനസിലാക്കണം. ദുരന്തമുണ്ടായ ശേഷം നടപടിയെടുക്കുകയല്ല വേണ്ടത്. ഇതിനായി ശാസ്ത്രീയ അവബോധം വേണം, ജനങ്ങളെ ബോധവത്കരിച്ച് അടക്കം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം വേണം. ചെറിയ വെള്ളക്കെട്ട് പോലുള്ളവ ഒഴിവാക്കാന്‍ ജനങ്ങള്‍, സര്‍ക്കാര്‍, സന്നദ്ധ സംഘടനങ്ങള്‍ എന്നിവ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.
ചിലപ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാനാകും, മറ്റ് ചിലത് ലഘൂകരിക്കാനും എന്നാല്‍ മറ്റുള്ള പ്രശ്നങ്ങള്‍ ഒരു പരിധി വരെയെങ്കിലും പരിഹരിക്കാനുള്ള നടപടി വേണം. ഭൂമികുലുക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയും സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരികയാണ്. ആലപ്പുഴ ജില്ല കേരളത്തിലെ കാലാവസ്ഥയുടെ ഹോട്ട്സ്പോട്ട് ആണെന്ന് പറയാം. ഇവിടെ ഒഴികെയുള്ള എല്ലായിടത്തും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്.
സംസ്ഥാനത്തെ ഹൈറേഞ്ച് മേഖലകള്‍, ഇടുക്കി, വയനാട് ജില്ലകള്‍, തീരമേഖലകള്‍, പുഴയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഭാവിയിലും ഗുരുതര പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇവയെ എല്ലാം ഓരോ മേഖലയായി തിരിച്ച് മേല്‍ പറഞ്ഞതു പോലെ പഠനം നടത്തി ആവശ്യമായ നടപടികള്‍ എടുക്കുകയാണ് വേണ്ടതെന്നും ഗോപകുമാര്‍ ചോലയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: