കോഴിക്കോട്: വിപണിയില്ലാത്തതും വിലത്തകര്‍ച്ചയും… കൂപ്പുകുത്തി സംസ്ഥാനത്തെ കപ്പക്കൃഷി. വിലത്തകര്‍ച്ചയ്‌ക്കു പിന്നാലെ കാലാവസ്ഥയും പ്രതികൂലമായതോടെ തരിച്ചടി ഇരട്ടിയായി. വേനല്‍ മഴയില്‍ സംസ്ഥാനത്ത് 4459.540 ഹെക്ടര്‍ കപ്പക്കൃഷിയാണ് നശിച്ചത്. 579.74 ലക്ഷം രൂപയുടെ നഷ്ടം. വിലത്തകര്‍ച്ചയില്‍ കൂപ്പുകുത്തിനിന്ന കൃഷിക്കാരാണ് വേനല്‍മഴയില്‍ വീണ്ടും ദുരിതത്തിലായത്. താഴ്ന്ന പ്രദേശങ്ങളിലും പാടത്തും കൃഷി ചെയ്ത കപ്പയാണ് വ്യാപകമായി നശിച്ചത്.
കാലവര്‍ഷത്തിന് മുമ്പ് വിളവെടുക്കാവുന്ന രീതിയിലാണ് കപ്പ കൃഷി ചെയ്തത്. എന്നാല്‍, മെയ് പകുതിയോടെ അപ്രതീക്ഷിതമായി ഉണ്ടായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വെള്ളം കയറിയാല്‍ കപ്പയ്‌ക്ക് രുചിയില്ലാതാകും. നന്നായി വേവില്ല. വേനല്‍മഴ ശക്തി പ്രാപിക്കുന്നത് കണ്ട് ചിലരൊക്കെ മൂപ്പെത്താത്ത കപ്പ വെള്ളം കയറുന്നതിനു മുമ്പേ പറിച്ചുമാറ്റി. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിപണിയില്‍ യഥാസമയം എത്തിക്കാന്‍ കഴിയാത്തതും തിരിച്ചടിയായി.
ഇതോടെ 100 രൂപയ്‌ക്ക് 10 കിലോ കപ്പ എന്ന നിലയില്‍ വില്‍ക്കേണ്ട ഗതികേടിലായി കര്‍ഷകര്‍. ചിലരാകട്ടെ, പണം നല്‍കാതെ കപ്പ ആര്‍ക്കു വേണമെങ്കിലും പറിച്ചെടുക്കാമെന്ന നിലപാടുമെടുത്തു. നാടന്‍ കപ്പയ്‌ക്ക് വെറും 12 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് കിട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 18 മുതല്‍ 20 രൂപ വരെ കിട്ടിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് കപ്പക്കൃഷി വര്‍ധിച്ചതും തമിഴ്‌നാട്ടില്‍ നിന്ന് വ്യാപകമായി കപ്പ വിപണിയിലെത്തുന്നതുമാണ് വിനയായത്.
പച്ചക്കപ്പ വില ഇടിയുമ്പോഴും ഉണക്കക്കപ്പ വിറ്റായിരുന്നു കര്‍ഷകര്‍ പിടിച്ചുനിന്നിരുന്നത്. രണ്ടു വര്‍ഷം മുന്‍പ് 130 മുതല്‍ 140 രൂപ വരെ ഉണ്ടായിരുന്ന ഉണക്കക്കപ്പയ്‌ക്ക് ഇപ്പോള്‍ 45-55 രൂപ വരെയാണ് വില. കര്‍ഷകന് കിട്ടുന്നത് കഷ്ടിച്ച് 30 രൂപ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: