പൈതൃകത്തിന്റെ കാവ്യനാദപ്പെരുമയില്‍ കാളിദാസനും ഭാരവിക്കുമൊപ്പം ശിരസ്സുയര്‍ത്തി നില്ക്കുന്ന മഹാകവിയാണ് മാഘന്. ദത്തനെന്നോ ദത്തകനെന്നോ ആയിരുന്നു പിതൃനാമം. വര്‍മലതാ രാജാവിന്റെ കൊട്ടാരത്തിലെ സര്‍വ്വാധികാരിയായിരുന്ന സുപ്രദേവന്‍ കവിയുടെ മുത്തച്ഛനാണ്. ഭോജപ്ര ബന്ധത്തിലും മാഘമഹാകാവ്യത്തിലും ഊറിക്കൂടുന്ന ഐതിഹ്യങ്ങളും ഭാവാത്മക ചിത്രണങ്ങളും നിറഞ്ഞതാണ് മാഘന്റെ ജീവിതചിത്രം. ഭോജ് രാജാവിന്റെ സമകാലികനായിരുന്നു എന്ന പഴങ്കഥ പണ്ഡിതന്മാര് വിശ്വാസത്തിലെടുത്തിട്ടില്ല. ‘ശിശുപാലവധം’ എന്ന ഒറ്റ മഹാകാവ്യത്തിന്റെ ആകാശപ്പെരുമയിലാണ് മാഘമഹാകവി ‘അപാരമായ കാവ്യ സംസാരത്തില്‍ പ്രജാപതി’യാകുന്നത്.
മകരവും കുംഭവും ഉള്‍പ്പെടുന്ന മാസമാണ് ‘മാഘം’. ഈ വിചിന്തന പശ്ചാത്തലത്തില്‍ മാഘനേയും ഭാരവിയെയും രസകരമായി താരതമ്യപ്പെടുത്തുന്ന ഒരു ശ്ലോകസാരമുണ്ട്. മാഘം പിറക്കുന്നത് വരെ മാത്രം ഭാരവിയുടെ കാന്തി പരന്നൊഴുകും. മാഘം വന്നാല്‍ സൂര്യന്റെ വടക്കോട്ടുള്ള സഞ്ചാരത്തില്‍ ചൂടും പ്രതാപവും കുറയുന്നതുപോലെ ഭാരവിയുടെ പ്രതാപവും കുറയും. മാഘമാഹാത്മ്യത്തെ ധ്വന്യാത്മകമായി വാഴ്ത്തുകയാണ് ശ്ലോകരസം.
മഹാഭാരതത്തിലെ സഭാപര്‍വത്തില്‍ വര്‍ണിക്കുന്ന ശിശുപാലവധമാണ് ‘മാഘ’ത്തിലെ വിഷയം. ഇരുപത് സര്‍ഗങ്ങളില്‍ പൂര്‍ണമാകുന്ന കാവ്യം കല്പനാ ചാതുരിയിലും പ്രതീക ഭംഗിയിലും അലങ്കാരാദി ലാവണ്യ വര്‍ണങ്ങളിലും അദ്വിതീയമായ സ്ഥാനം നേടുന്നു. വിവിധ ശാസ്ത്രവിജ്ഞാനസാരങ്ങളുടെ ആകരഗ്രന്ഥം കൂടിയാണിത.് ‘മാഘത്തിലെ ഒമ്പത് സര്‍ഗം പിന്നിട്ടാല്‍ പിന്നെ പുതിയൊരു അറിവുമുണ്ടാകില്ല’ എന്ന മൂല്യ വചനം കാവ്യത്തിന്റെ ജ്ഞാനപ്രമാണമാണ്. വസുദേവ ഗൃഹത്തില്‍ വസിക്കുന്ന കൃഷ്ണന് മുന്നില്‍ ശിശുപാലനെ വധിക്കണമെന്ന ഇന്ദ്ര സന്ദേശവുമായെത്തുന്ന നാരദന്റെ ആഗമനത്തോടെ തുടങ്ങുന്ന കാവ്യം അവസാനിക്കുന്നത് ശിശുപാലവധത്തോടെയാണ്. വസ്തു നിര്‍േദശം കൊണ്ട് സമാരംഭിക്കുന്ന മാഘത്തില്‍ സര്‍ഗങ്ങളെല്ലാം വൈവിധ്യമേറുന്ന വര്ണനകളുടെ നിറമാലയാണ്. പര്‍വതം, കാട,് സൂര്യോദയം, ചന്ദ്രോദയം, ഋതുവിലാസങ്ങള്‍, ഉദ്യാനക്രീഡ, ജലക്രീഡ തുടങ്ങി മഹാകാവ്യലക്ഷണ സംയുക്തങ്ങളെല്ലാം ഇതില്‍ അണിചേരുന്നു. ബൃഹത്തായ ഈ കൃതി ദുര്‍ഗ്രഹമല്ലെങ്കിലും പാണ്ഡിത്യത്തിന്റെ സംവേദനാത്മകമായ സഹൃദയത്വം ആവശ്യപ്പെടുന്നു. മഹാകാവ്യ വ്യാഖ്യാനം നിര്‍വഹിച്ച മല്ലീനാഥന് ‘മാഘ’ത്തിലും ‘മേഘ’ത്തിലുമായി ആയുസ്സ് കഴിഞ്ഞു എന്ന അര്‍ത്ഥത്തില്‍ ‘മാഘേമേഘേ ഗതം വയഃ’ എന്ന് മധുരമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ശാസ്ത്രപാണ്ഡിത്യം കൊണ്ട് മാഘവും ലാവണ്യ സൗകുമാര്യം കൊണ്ട് മേഘസന്ദേശവും വ്യാഖ്യാനിച്ച് ആയുസ്സ് തീര്‍ന്നു എന്നാണ് ഫലിതമയമായ വാക്യധ്വനി. ‘കാളിദാസന് ഉപമ, ഭാരവിക്ക് അര്‍ഥപൂര്‍ണിമ, ദണ്ഡിക്ക് ലളിതപദപ്രയോഗം, മാഘനില്‍ ഈ മൂന്നു ഗുണങ്ങളും തിളങ്ങുന്നു’ എന്ന ഭാവസങ്കല്പത്തിലെ പ്രാചീന ശ്ലോകം പ്രസിദ്ധമാണ്. മാഘമഹാകാവ്യത്തില്‍ സര്‍ഗാന്ത്യങ്ങളിലോരോന്നിലും ‘ശ്രീ’ എന്ന കോര്‍ത്തു വയ്ക്കുക നിമിത്തം കൃതി ക്ക് ‘ശ്ര്യങ്ക’മെന്നും വിളിപ്പേരുണ്ട്. ‘ദീപശിഖാ കാളിദാസന്’ ‘ഛത്രഭാരതി’ എന്നെല്ലാമുള്ള ബിരുദ നാമം പോലെ രൈവതക പര്‍വത വര്‍ണനയെ മുന്‍നിര്‍ത്തി ഘണ്ഡാമാഘന്‍ (മണി മാഘന്) എന്ന ബിരുദമുദ്രയില്‍ ഈ മഹാകവി പ്രതിഭ കാലങ്ങളില്‍ സഞ്ചരിക്കുന്നു.
ഭാരതീയ കാവ്യ ഗംഗാപ്രവാഹത്തിന്റെ മായികമായ ചാലകശക്തിയാണ് മാഘന്. പുരാണ സന്ദര്‍ഭമോരോന്നും മഹാകാവ്യത്തിന്റെ മാറ്റില്‍ തെളിയാന്‍ യോഗ്യമാണെന്ന മഹാശയം കൂടിയാണ് മാഘപൗര്‍ണമി ഉണര്‍ത്തിയെടുക്കുന്നത.് കവി കര്‍മ്മത്തിന്റെ സൂക്ഷ്മ ദര്‍ശനമാനങ്ങളിലും ജ്ഞാനസരണിയുടെ മഹിത മാര്‍ഗങ്ങളിലും മാഘന്റെ ഉത്തരായന പ്രതിഭ ഉത്തേജനമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: