മക്കളേ,
ജീവിതത്തില്‍ എപ്പോഴും സുഖവും സന്തോഷവും അനുഭവിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. ദുഃഖങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും മോചനം തേടിയുള്ള ഒരു നീണ്ട യാത്രയാണ് നമ്മുടെ ജീവിതം. ജീവിതത്തില്‍ പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോള്‍ ചിലര്‍ വിധിയെ പഴിക്കും. ചിലര്‍ കഷ്ടപ്പാടുകളില്‍നിന്ന് രക്ഷപ്പെടാന്‍ കുറുക്കുവഴികള്‍ തേടും. എന്നാല്‍ ജീവിതദുഃഖങ്ങളെ പൂര്‍ണമായി ഒഴിവാക്കാന്‍ ആര്‍ക്കും സാധിക്കില്ല. നമ്മള് മുന്‍പു ചെയ്ത കര്‍മങ്ങളുടെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
ഒരു പശുക്കുട്ടി അനേകം പശുക്കളുടെ ഇടയില്‍നിന്നും തള്ളപ്പശുവിനെ കൃത്യമായി കണ്ടെത്തി പ്രാപിക്കുന്നതുപോലെ ഒരാള്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം അയാളില്‍ തന്നെ എത്തിച്ചേരും. ശരിയായ മേല്‍വിലാസമെഴുതിയ കത്ത് മേല്‍വിലാസക്കാരനു കിട്ടുന്നതുപോലെ കര്‍മഫലം കര്‍ത്താവില്‍ത്തന്നെ വന്നുചേരുന്നു.
ഒരാള്‍ ദിവസവും ഈശ്വരനോട് ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു, ”ദൈവമേ, കഷ്ടകാലം വരുമ്പോള്‍ ഒന്നു മുന്‍കൂട്ടി അറിയിക്കണേ”.
അങ്ങനെയിരിക്കെ ഒരു ദിവസം ആരോ ഒരാള്‍ അയാളുടെ വീട്ടുവാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ അതിഥി പറഞ്ഞു, ”ഞാന്‍ കഷ്ടകാലത്തിന്റെ ദേവതയാണ്. കഷ്ടകാലം വരുന്നതിനുമുമ്പേ അറിയിക്കണമെന്ന് നിങ്ങള്‍ ദിവസവും ഈശ്വരനോടു പ്രാര്‍ഥിക്കാറുണ്ടല്ലോ. ഒരു മാസം കഴിഞ്ഞാല്‍ നിങ്ങളുടെ കാഴ്ചശക്തി നഷ്ടമാകും.” ഇതുകേട്ട് അയാള്‍ ഭയന്നുവിറച്ചു. തന്നെ ഈ ആപത്തില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണേയെന്ന് അയാള്‍ കഷ്ടകാലത്തിന്റെ ദേവതയോട് കേണപേക്ഷിച്ചു. അപ്പോള്‍ ആ ദേവത പറഞ്ഞു, ”ഞാന്‍ നിസ്സഹായനാണ്. എന്റെ കര്‍ത്തവ്യം ചെയ്യാതിരിക്കാന്‍ എനിക്കു സാദ്ധ്യമല്ല.” അപ്പോള്‍ അയാള്‍ക്ക് ഒരു ഉ
പായം തോന്നി. അയാള്‍ പറഞ്ഞു, ”എന്നാലങ്ങനെയാകട്ടെ. നിങ്ങള്‍ നിങ്ങളുടെ കര്‍ത്തവ്യം നിറവേറ്റൂ. ഞാനതിന് തടസ്സം നില്ക്കുന്നില്ല. നിങ്ങള്‍ എന്റെ അതിഥിയാണ്. വരൂ, നമുക്കു ചായ കുടിക്കാം.” ദേവത അതിനു സമ്മതിച്ചു. അയാള്‍ രണ്ടു കപ്പ് ചായയുണ്ടാക്കി. അതിലൊന്നില്‍ വിഷം ചേര്‍ത്തു. വിഷം ചേര്‍ത്ത ചായ കഷ്ടകാലത്തിന്റെ ദേവതയ്ക്കു കൊടുത്താല്‍ അയാള്‍മൂലമുള്ള ശല്യം എന്നെന്നേയ്ക്കുമായി ഒഴിവാകും എന്നു കരുതി. എന്നാല്‍ ഒരബദ്ധം പറ്റി. ബദ്ധപ്പാടിനിടയില്‍ വിഷംചേര്‍ക്കാത്ത ചായ അയാള്‍ ദേവതയ്ക്കു നല്കി. വിഷംചേര്‍ത്ത ചായ താനും കുടിച്ചു. അതിഥി പോയി അധികം താമസിയാതെ തന്നെ അയാള്‍ക്ക് കലശലായ അസുഖം അനുഭവപ്പെട്ടു. ബന്ധുക്കള്‍ അയാളെ ആശുപത്രിയിലാക്കി. ചികിത്സയൊന്നും ഫലിച്ചില്ല. ഒടുവില്‍ അയാളുടെ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. അങ്ങനെയിരിക്കെ കഷ്ടകാലത്തിന്റെ ദേവത അയാളെ വീണ്ടും സന്ദര്‍ശിച്ചു. ദേവത പറഞ്ഞു,”നിങ്ങള്‍ കഷ്ടകാലത്തില്‍നിന്ന് മോചനം നേടുവാന്‍ ദുഷ്കര്‍മങ്ങളെ ആശ്രയിച്ചു. അതിനുപകരം കിട്ടിയ ഒരു മാസം നിങ്ങള്‍ സത്കര്‍മങ്ങളും ഈശ്വരഭജനവും ചെയ്തിരുന്നെങ്കില്‍ നിങ്ങളുടെ ഒരു കണ്ണിന്റെയെങ്കിലും കാഴ്ച നഷ്ടപ്പെടാതിരിക്കുമായിരുന്നു.”
വിധി എന്നത് പൂര്‍വ്വകര്‍മങ്ങളുടെ ഫലമാണ്. ആ കര്‍മഫലങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കും സാധിക്കില്ല. എന്നുവെച്ച് എല്ലാം വിധിയാണെന്നു പറഞ്ഞ് കൈയ്യുംകെട്ടിയിരിക്കേണ്ട ആവശ്യവുമില്ല. നമ്മുടെ പ്രയത്നത്തിന് അതിന്റേതായ സ്ഥാനമുണ്ട്. അസുഖം വന്നാല്‍ മരുന്നു കഴിച്ച് നമ്മള് ദുരിതം കുറയ്ക്കാറുണ്ടല്ലോ. അതുപോലെ ശരിയായ പ്രയത്നംകൊണ്ടും സത്കര്‍മ്മങ്ങള്‍കൊണ്ടും നമ്മള് അനുഭവിക്കേണ്ടുന്ന ദുരിതങ്ങളുടെ തീവ്രത കുറയ്ക്കാന്‍ കഴിയും.
എന്നാല്‍ ഒരുകാര്യം നമ്മള് മനസ്സിലാക്കിയിരിക്കണം, നമ്മുടെ പ്രയത്നത്തിന് പരിധിയുണ്ട്. ചില കര്‍മ്മഫലങ്ങള്‍ പ്രയത്നംകൊണ്ടു ലഘൂകരിക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍ മറ്റുചിലവ നമുക്കു സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ല. ഉദാഹരണത്തിന് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഉയരം അഞ്ചടിയേയുള്ളൂ എന്നു കരുതുക. ഉയരം ആറടിയാക്കാന്‍ അയാള്‍ എന്തൊക്കെ ചെയ്താലും പ്രയോജനമുണ്ടാവില്ല. എന്തു മരുന്നു കഴിച്ചാലും, തലകീഴായി കെട്ടിത്തൂങ്ങിയാലും ഫലമുണ്ടാകില്ല. അപ്പോള്‍ അതിനെ വിധിയെന്നു സ്വീകരിക്കാനേ നിവര്‍ത്തിയുള്ളൂ. എന്നാല്‍ പരീക്ഷയ്ക്കു തോറ്റാല്‍ നമ്മള് വിധിയെന്നു പറഞ്ഞിരിക്കുമോ? ഇല്ല. പിന്നെയും പ്രയത്നിക്കും. ഇന്റര്‍വ്യൂവിനുപോയി ജോലി കിട്ടിയില്ല എന്നുവച്ചു വിധിയെന്നും പറഞ്ഞു വെറുതെയിരിക്കില്ലല്ലോ.
വീണ്ടും വീണ്ടും പ്രയത്നിച്ചുകൊണ്ടിരുന്നാല്‍ തീര്‍ച്ചയായും വിജയം ലഭിക്കുകതന്നെ ചെയ്യും.
സ്വന്തം കര്‍മ്മങ്ങളിലൂടെ ഓരോരുത്തരും സ്വയം എഴുതുന്നതാണ് വിധി. നമ്മുടെ വിധി നമ്മുടെ പൂര്‍വകര്‍മ്മങ്ങളുടെ ഫലമാണ്, അത് നമ്മള് തന്നെ വിധിച്ചതാണ്. അതിന് മറ്റാരെയും പഴിച്ചിട്ട് കാര്യമില്ല.
അത് അവനവന്റെ അഹന്തയുടെ സൃഷ്ടിയാണ്. എന്നാല്‍ വിധിയെ ഓര്‍ത്ത് ദുഃഖിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല. അത് ഒന്നിനും പരിഹാരമല്ല. ഇപ്പോള്‍ നമ്മള് അനുഭവിക്കുന്നത് നമ്മള് മുമ്പു ചെയ്ത കര്‍മങ്ങളുടെ ഫലമാണെങ്കില്‍ ഇപ്പോഴത്തെ നമ്മുടെ കര്‍മങ്ങള്‍ നന്നാക്കിയാല്‍ നമ്മുടെ ഭാവി തീര്‍ച്ചയായും ശോഭനമാകും. തെറ്റുകള്‍ തിരുത്താനുള്ള ശരിയായ മഷി ഇവിടെയാണ്; ഈ നിമിഷത്തില്‍. വിവേകബബബബബപൂര്‍വ്വം ചെയ്യുന്ന കര്‍മങ്ങളാണ് ആ മഷി.
ധര്‍മബോധത്തോടെ സത്കര്‍മങ്ങള്‍ ചെയ്യുക, ഈശ്വരനെ ഉപാസിക്കുക. അങ്ങനെയായാല്‍ വര്‍ത്തമാനകാലത്തിലെ ദുഃഖങ്ങള്‍ കുറയും, ഭാവി നമ്മുടെ ഉത്തമ സുഹൃത്താകുകയുംചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: