1. ‘മുപ്പത് ശതമാനം മുസ്ലിങ്ങള്‍ ഒന്നിച്ചാല്‍ മതി, നമുക്ക് ഇവിടെ മറ്റൊരു പാക്കിസ്ഥാന് ഉണ്ടാക്കാം……’ പറയുന്നത് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് അലാം.
2.’ആദ്യം തന്റെ ഭാര്യയെ കുറച്ചുദിവസം എന്നോടൊപ്പം അയക്കൂ, അതിനുശേഷം ഗ്രാമത്തിലേക്ക് പോകാന്‍ നിങ്ങളുടെ കുടുംബത്തിന് അനുമതി നല്‍കാം’. മമത ബാനര്‍ജിയുടെ പാര്‍ട്ടി ഗുണ്ടകളും ജിഹാദികളും കൊലവിളി ഉയര്‍ത്തിയപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം പ്രവര്‍ത്തിച്ച ദളിത് നേതാവിനെ കുടുംബത്തോടെ നാടുവിടേണ്ടിവന്നു. തിരികെ നാട്ടിലെത്തണമെങ്കില്‍ ടിഎംസി യുടെ അനുമതി വേണം! ടിഎംസി നേതാവായ മുസഫറിനെ സമീപിച്ചപ്പോള്‍ നല്കിയ മറുപടിയാണിത്. 24 പര്‍ഗാന ജില്ലയിലെ മിനാഖാന്‍ നിയോജകമണ്ഡലത്തിലെ നേതാവാണ് മുസഫര്‍.
3. നന്ദിഗ്രാം: ബിജെപിയുടെ പ്രവര്‍ത്തകയായിരുന്ന യുവ വനിതയെ ഒരു കൂട്ടം അക്രമികള്‍ വീട്ടുകാരുടെ മുന്നിലിട്ട് ആക്രമിക്കുന്നു, അപമാനിക്കുന്നു, സ്ത്രീത്വം ചോദ്യം ചെയ്യപ്പെടുന്നു. ടിഎംസിക്കാരാണ് ആക്രമണം നടത്തിയത്. മമത ബാനര്‍ജി പരാജയപ്പെട്ട മണ്ഡലമാണ് നന്ദിഗ്രാം.
4. ജിഹാദികളും ടിഎംസിക്കാരും ആക്രമണവും തീവെപ്പും കൊള്ളയും തുടര്‍ന്നപ്പോള്‍ പോലീസ് കണ്ണുംകെട്ടി നിന്നു. ജീവന് വേണോ നാട് വേണോ എന്നതായി പ്രശ്നം. അവസാനം കയ്യില്‍ കിട്ടിയതും കൊണ്ട് അവര്‍ അടുത്ത സംസ്ഥാനത്തേക്ക് കടന്നു, ജീവന് സംരക്ഷിക്കണേ എന്ന നിലവിളിയുമായി. അവക്ക് കൈത്താങ്ങായത് അസമിലെ ബിജെപി സര്‍ക്കാര്‍.
5. അക്രമം നടന്ന സ്ഥലങ്ങളും അക്രമത്തിനിരയായവരെയും സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് പോലീസ് സാന്നിധ്യത്തില്‍ ആക്രമിക്കപ്പെടുന്നു.
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഒരു സൂചന മാത്രമാണ്. മെയ് രണ്ടിനുശേഷം ബംഗാളില്‍ നടന്ന നരനായാട്ടിന്റെ ഒരു പ്രതിരൂപം. ഇതുപോലെ നൂറുകണക്കിന് സംഭവങ്ങള്‍. പതിനായിരങ്ങളാണ് ജീവനും കൊണ്ട് ആ സംസ്ഥാനത്തുനിന്ന് പലായനം ചെയ്തത്; അസമിലേക്ക്. ഏറെയും അതിര്‍ത്തി ജില്ലകളില്‍നിന്നുള്ളവര്‍; അതായത് മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ നിന്ന്. മുസ്ലിം മേഖലകളില്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നാണ് മമത ബാനര്‍ജിയുടെ സര്‍ക്കാരും പാര്‍ട്ടിയും നല്കിയ മുന്നറിയിപ്പ്. ഈ പാവപ്പെട്ട ഗ്രാമീണര്‍ ചെയ്ത അപരാധമെന്താണ് ? ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വത്തിന്റെ പ്രതീകമായി തങ്ങള്‍ കണ്ട ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടുചെയ്തു, അവര്‍ക്കായി പ്രവര്‍ത്തിച്ചു. ഇനി ബിജെപി എന്ന് മിണ്ടിക്കൂടാ എന്നതാണ് ടിഎംസിയും അവരുടെ ജിഹാദിപ്പടയും നല്കുന്ന സന്ദേശം. ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് ജീവനും കൊണ്ട് ഓടേണ്ടിവരുന്ന സ്ഥിതി വീണ്ടും ഉണ്ടാവുന്നു, ബംഗാളില്‍.
ഏതാണ്ട് മൂന്ന് പതിറ്റാണ്ടിനപ്പുറമാണ് ഇതുപോലെ മറ്റൊരു വലിയ പലായനത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്; ജമ്മുകശ്മീരില്‍. 70,000-ഓളം കാശ്മീരി പണ്ഡിറ്റുമാരുടെ കുടുംബങ്ങള്‍ക്ക് (മൂന്നര ലക്ഷം പേര് എന്നതാണ് അക്കാലത്ത് കേട്ട ഒരു കണക്ക്) ജീവനും കൊണ്ടോടേണ്ടിവന്നു; സര്‍വ്വതും നഷ്ടപ്പെട്ടു അവര്‍ക്ക്. ഇസ്ലാമിക ജിഹാദി ഭീകരരാണ് അവരെ കശ്മീര്‍ താഴ്വരയില് നിന്ന് അന്ന് ആട്ടിപ്പായിച്ചത്. ‘ജീവന് വേണോ ഇസ്ലാം മതം സ്വീകരിക്കൂ; അല്ലെങ്കില്‍ ജീവനുംകൊണ്ട് നാട്വിട്ടോളൂ’ എന്നതായിരുന്നു സന്ദേശം. കോണ്‍ഗ്രസ് – ഷെയ്ഷ് അബ്ദുള്ള കൂട്ടുകെട്ട് കണ്ണടച്ചു. ആ പണ്ഡിറ്റുകളെയൊക്കെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. താഴ്വരയെ അതിനു സജ്ജമാക്കേണ്ട ചുമതല കശ്മീര്‍ ഭരണകൂടത്തിനാണ്. ഇത് സൂചിപ്പിച്ചു എന്നുമാത്രം. പാക് ഭീകരരാണ് അന്ന് പണ്ഡിറ്റുകളെ കൊന്നൊടുക്കാന്‍ തയ്യാറായതെങ്കില്‍ ഇന്നിപ്പോള്‍ ബംഗാളില്‍ ആ ജോലി ഏറ്റെടുത്തത് അവിടത്തെ മുഖ്യമന്ത്രിയുടെ കക്ഷിയാണ്, അതിന് സര്‍വവിധ പിന്തുണയും കൊടുക്കുന്നത് ജിഹാദികളാണ്, സഹായത്തിന് പൊലീസും. ആക്രമിക്കപ്പെട്ടത് ഹിന്ദുക്കള്‍; അവരിലേറെയും ദളിത് വിഭാഗങ്ങളില്‍ പെട്ടവരും. 1978 ല്‍ സിപിഎം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യക്കുരുതി ചരിത്രത്തിലുണ്ട്, സുന്ദര്‍ബനില്‍, മാരീചജാപി ദ്വീപില്‍. ഇടതുസര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊലയാണിത്.
ബംഗാള്‍ എങ്ങോട്ടാണ്?
ബംഗാള്‍ ഏത് കാലത്തും ദേശീയതക്കൊപ്പം നിലകൊണ്ടവര്‍. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ വിദേശികള്‍ക്ക് ഭയപ്പാട് നല്കിയ ദേശാഭിമാനികള്‍. ലോകാരാധ്യരായ സന്യാസിമാര്‍, വിശ്വ സാഹിത്യകാരന്മാര്, ചലച്ചിത്ര -സാംസ്കാരിക- കായിക -പ്രതിഭകള്‍. രാഷ്ട്രീയത്തിലും അത്തരത്തിലുള്ള എത്രയോ പേരുണ്ടായിരുന്നു ബംഗാളിന്റെ അഭിമാന സ്തംഭങ്ങളായിട്ട്. ആ പേരുകള്‍ പരാമര്‍ശിക്കാന്‍ പോയാല്‍ അതിന് സ്ഥലമേറെ വേണ്ടിവരും, അത്രയേറെയുണ്ടല്ലോ. എന്നാല്‍ ചിലതൊക്കെ പറയാതെ പോകാനുമാവുകയില്ല. ശ്രീരാമകൃഷ്ണപരമഹംസനും സ്വാമി വിവേകാനന്ദനും ശാരദാ ദേവിയും ബേലൂര്‍ മഠവും മഹര്‍ഷി അരവിന്ദനും ബംഗാളുമായി എന്നും ഇഴുകി നില്ക്കുന്നുണ്ടല്ലോ. ഇന്ത്യക്ക് വിസ്മരിക്കാന്‍ കഴിയാത്ത നേതാജി ബോസ്; ചൈതന്യ മഹാപ്രഭുവും ടാഗോറും ബങ്കിം ചന്ദ്ര ചാറ്റര്‍ജിയും ബിസി റോയ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ശ്യാമപ്രസാദ് മുഖര്‍ജി, സത്യജിത് റേ, മഹേശ്വതാ ദേവി ഏറ്റവുമൊടുവില്‍ നമ്മുടെ സൗരവ് ഗാംഗുലി വരെ. ഇന്നിപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞുവെങ്കിലും ജ്യോതി ബസു, സിദ്ധാര്‍ഥ ശങ്കര്‍ റേ എന്നിവരൊക്കെ മനസിലുണ്ടായല്ലേ പറ്റൂ; ഈ ലിസ്റ്റിലുമുണ്ടാവണം. ഇത് പൂര്‍ണ്ണമല്ല, മനസ്സിലോടിയെത്തിയ കുറെ പേരുകള്‍ സൂചിപ്പിച്ചുവെന്നുമാത്രം. അത്രത്തോളം സമ്പുഷ്ടമായ, പ്രൗഢമായ മണ്ണാണ് ബംഗാളിന്റേത്.
അവിടെയാണിപ്പോള്‍ ഭരണത്തിന്റെ തലപ്പത്ത് മമത വീണ്ടും കയറിക്കൂടിയിരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി സഹായഹസ്തവുമായി സ്വന്തം സംസ്ഥാനത്തെത്തുമ്പോള്‍ അരമണിക്കൂര്‍ ചെലവിടാന്‍ തയ്യാറില്ലാത്ത ഒരു മുഖ്യമന്ത്രി. അവിടെ നരേന്ദ്ര മോദിയാണ് ആക്ഷേപിക്കപ്പെട്ടത് എന്ന് ചിലര്‍ കരുതുന്നുണ്ടാവണം; എന്നാല്‍ അപ്പോഴും ബംഗാളി ജനതക്ക് കയ്യയച്ച് സഹായമേകുന്ന പ്രധാമന്ത്രിയെയാണ് രാജ്യം കണ്ടത് എന്നതോര്‍ക്കണം. അതാണ് ഫെഡറല്‍ സംസ്കാരം; ബിജെപി സമ്പ്രദായം; അതാണ് മോദി. പക്ഷെ ഈ മുഖ്യമന്ത്രി അധികപ്പറ്റാണ് എന്നോ രാജ്യത്തിന് അപമാനമാണ് എന്നൊക്കെ ചിന്തിച്ചവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീര്‍ച്ചയായും ആ സംഭവം ഇടയാക്കിയിട്ടുണ്ട്.
ബംഗാളില്‍ ഇനിയെന്ത്
ഇത് അനിതര സാധാരണമായ സാഹചര്യമാണ് എന്നതില്‍ സംശയമില്ല. ബംഗാളില്‍ കേന്ദ്രത്തിന് ചില ഇടപെടലുകള്‍ നടത്താനാവും. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അനുഛേദം -356 പ്രയോഗിക്കലല്ല കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. മനുഷ്യാവകാശ പ്രശ്നമാണിത് എന്നതില്‍ സംശയമില്ല; അത് സുപ്രീം കോടതി പരിശോധിക്കുന്നുണ്ട്. ദേശീയ മനുഷ്യാവകാശ – വനിതാ കമ്മീഷനുകള്‍ക്ക് ഈ വിഷയത്തില്‍ ഇടപെടാനാവും; അവരെയൊക്കെ സുപ്രീംകോടതിയും കക്ഷിചേര്‍ത്തു കഴിഞ്ഞു. ഗവര്‍ണര്‍ക്കും ചില റോളുണ്ട്; ശരിയാണ്, അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ ഗവര്‍ണറോട് നിഷേധാത്മക സമീപനമാണ് സംസ്ഥാന മന്ത്രിസഭ സ്വീകരിച്ചത്; സര്‍ക്കാര്‍ വക ഹെലികോപ്റ്റര്‍ വിട്ടുകൊടുത്തില്ല; പോലീസ് അകമ്പടിയുടെ കാര്യത്തിലും പ്രശ്നങ്ങളുണ്ടായി. ബിഎസ്എഫിന്റെ ഹെലികോപ്റ്റര്‍ വാങ്ങിയാണ് ഗവര്‍ണര്‍ പര്യടനം നടത്തിയത്. തീര്‍ച്ചയായും ഗവര്‍ണ്ണരുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തിന്റെയും റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിനുമുന്നിലുണ്ട്. അതിനൊക്കെ ശേഷമാണ് അവിടത്തെ ചീഫ് സെക്രട്ടറിയെ ഡല്‍ഹിക്ക് സ്ഥലം മാറ്റിയത്. അവസാനമായി, ഇതൊക്കെ ചെയ്യുന്ന ബംഗാള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇനിയൊരിക്കലും ഒന്നിനും ഡല്‍ഹിയിലേക്ക് വരേണ്ടിവരില്ല എന്ന് കരുതാനുമാവുകയില്ലല്ലൊ. ഇതിനെ രാഷ്ട്രീയമായി ജനശ്രദ്ധയില്‍ കൊണ്ടുവരാനാണ് ബിജെപി ശ്രമമെന്ന് വ്യക്തം. ജൂണ്‍ 3ന് രാജ്യവ്യാപകമായി വലിയൊരു പ്രചാരണ പരിപാടി നടക്കുന്നു എന്നതും ശ്രദ്ധിക്കുക. എന്നാല്‍ നമ്മളെയൊക്കെ ഇന്ന് ഭയപ്പെടുത്തുന്നത് ഇത്തരം മനുഷ്യത്വരഹിതമായ രാഷ്ട്രീയ- ഭരണകൂട നീക്കങ്ങളോട് നമ്മുടെ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടാണ്. അക്രമിക്കപ്പെടുന്നത് ഹിന്ദുക്കളാണെങ്കില്‍, മാധ്യമ ഭാഷയില്‍ സംഘികള്‍, എന്തിന് അതൊരു വര്‍ത്തയാക്കണം എന്നതാണ് കേരളത്തിലെ മാധ്യമങ്ങള്‍ ചിന്തിച്ചത്. അങ്ങകലെ, ബിജെപി ഭരിക്കുന്ന ഏതെങ്കിലും ഗ്രാമ പഞ്ചായത്തില്‍ ഒരു തീവണ്ടിയില്‍ വെച്ച് രണ്ടുപേര്‍ തമ്മിലടിച്ചാല്‍ അതില്‍ മതവും രാഷ്ട്രീയവുമൊക്കെ കുത്തിനിറക്കുന്നവരും ജിഹാദി താല്പര്യം തലയിലേറ്റി നടക്കുന്നവരുമാണ് ഈ സമീപനം കൈക്കൊണ്ടത്. വേദനിപ്പിക്കുന്നതാണ്, ഇത് ധാര്‍മ്മികമല്ല എന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: