2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചത് പ്രധാനമായും മൂന്ന് ഘടകങ്ങളാണ്. മോദിയുടെ വ്യക്തിപ്രഭാവം, താഴെത്തട്ട് മുതല്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും സംയുക്തമായി നടത്തിയ പരിശ്രമങ്ങള്‍, മന്മോഹന് സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണ പരാജയം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ എന്നത് ഒരു ഘടകമേ ആല്ലാതായി. 2014 ലെ ജനവിധിയിലേക്കാള് വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു 2019 ല്‍ മോദിയുടെ രണ്ടാം വരവ്.
മോദിയുടെ വ്യക്തിപ്രഭാവം തുടരുകയും അമിത്ഷായുടെ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാവുകയും വിപുലമാവുകയും ചെയ്തു. ആദ്യ മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രകടനം തന്നെയായിരുന്നു പ്രധാന ഘടകം. രണ്ട് സവിശേഷതകളാണ് മോദിസര്‍ക്കാരിനെ വ്യതിരിക്തമാക്കുന്നത്. നിശ്ചയദാര്‍ഢ്യവും പ്രായോഗികതയും. അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ പലരും നിഷ്ക്രിയരായപ്പോള്‍ മോദി മുന്‍നിരയില്‍ നിന്ന് നയിച്ചു. ശക്തവും പ്രായോഗികവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ധൈര്യം പ്രകടിപ്പിക്കുക മാത്രമല്ല, മേധാവിയുമാണെന്ന് തെളിയിക്കുകയും ചെയ്തു.
വന്‍ഭൂരിപക്ഷത്തോടെയുള്ള തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടാമതും അധികാരത്തിലെത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിശ്ചയദാര്‍ഢ്യവും പ്രായോഗികതാ സിദ്ധാന്തവും തുടര്‍ന്നു. മുത്തലാഖ് നിര്‍ത്തലാക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുകയും 2019 ജൂലൈയില്‍ പാസാക്കുകയും ചെയ്തു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം 35 എ യും റദ്ദാക്കുക എന്ന ചരിത്രപരമായ തീരുമാനത്തിനും ഭാരതം സാക്ഷ്യം വഹിച്ചു. 2019 ന്റെ അവസാനമായിരുന്നു പൗരത്വ ഭേദഗതി നിയമം പാസാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്. അതേവര്‍ഷം നവംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ അന്തിമ വിധിയും വന്നു. മോദി സമയം പാഴാക്കാതെ, ക്ഷേത്ര നിര്‍മ്മാണത്തിന് ജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റ് രൂപീകരിച്ചു. അദ്ദേഹം പതിറ്റാണ്ടുകളായി രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഭാഗവുമായിരുന്നു.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ വികസനം, വിശ്വാസം, വന്‍ മാറ്റങ്ങള്‍ എന്നിവ അടയാളപ്പെടുത്താന്‍ ആ കാലയളവില്‍ സാധിച്ചു എന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ജനം മോദിയെ വിശ്വസിക്കുന്നു എന്നത് തര്‍ക്കങ്ങള്‍ക്ക് അതീതമായ വസ്തുതയാണ്. ആര്‍ക്കും തടുക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള പിന്തുണയാണ് രാജ്യം മോദിക്ക് നല്‍കുന്നത്. ഇതിലൂടെ പരമോന്നത നേതാവ് എന്ന ഔന്നത്യമാണ് അദ്ദേഹം ആര്‍ജ്ജിച്ചിരിക്കുന്നത്.
എന്നിരുന്നാലും പ്രധാനമായും നാല് വെല്ലുവിളികളാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നിരിക്കുന്നത്. ഒന്ന് കൊവിഡ് മഹാമാരി. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ വികസന കുതിപ്പിന് തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഈ മഹാമാരിയുടെ കടന്നുവരവ്. മറ്റ് ലോകരാഷ്ട്രങ്ങളേയും കൊവിഡ് പിടിച്ചുലച്ചു. ലോക്ഡൗണ്‍ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുക വഴി കൊവിഡിന്റെ ഒന്നാം തരംഗത്തെ വിജയകരമായി പ്രതിരോധിക്കാന്‍ നമുക്ക് സാധിച്ചു. വാക്സിന് നിര്‍മാണത്തിലെ മുന്‍ നിര രാജ്യമാണ് ഇന്ന് ഇന്ത്യ. നിരവധി രാജ്യങ്ങളിലേക്ക് വാക്സിന് കയറ്റുമതിയും ചെയ്യുന്നു. മാരകമായ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള തീവ്ര യജ്ഞത്തിലുമാണ്. താഴെത്തട്ടിലുള്ള സ്ഥാപനങ്ങളേയും ശാക്തീകരിക്കുക എന്ന പാഠമാണ് ഈ കൊറോണ പ്രതിസന്ധി നമ്മെ പഠിപ്പിച്ചത്.
രണ്ട്: സമ്പദ് വ്യവസ്ഥ. തുടര്‍ഭരണത്തിലെത്തിയപ്പോള്‍, പരിഷ്കരണങ്ങള്‍ അതിവേഗത്തിലാക്കാന്‍ നടപടി കൈക്കൊണ്ടു. കൃഷി, ബാങ്കിങ് മേഖലകളില്‍ നൂതനവും വിശാലവുമായ പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതിനുള്ള തീരുമാനം, സാമ്പത്തിക ഉദാരവത്കരണത്തിന് സര്‍ക്കാര്‍ എത്രത്തോളം പ്രതിജ്ഞാബന്ധമാണെന്നതിന്റെ സൂചനയാണ്. ഒരു വിഭാഗം കര്‍ഷകര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനങ്ങള്‍ നല്കാന് ഈ പരിഷ്കരണങ്ങളിലൂടെ സാധ്യമാകും. രാജ്യത്തെ കര്‍ഷകര്‍ക്ക് അതൊരു വഴിത്തിരിവാകുകയും ചെയ്യും.
ഇന്ത്യന്‍ സമ്പദ് രംഗം ഒരു കുതിച്ചുച്ചാട്ടത്തിന് തയ്യാറെടുക്കുന്ന സമയത്താണ് കൊവിഡ് അതിനെല്ലാം ഭംഗം വരുത്തിയത്. രണ്ടാം തരംഗം തിരിച്ചുവരവിനും കാലതാമസം വരുത്തി. എന്നിരുന്നാലും മഹാത്തായ ഉദാരവത്കരണ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് സാധ്യമാക്കും.
ഒന്നാം മോദി സര്‍ക്കാര്‍ ശ്രദ്ധയൂന്നിയ മേഖലകളായിരുന്നു സുരക്ഷയും വിദേശ നയവും. ആദ്യ നാല് വര്‍ഷം കൊണ്ടുതന്നെ മോദിയുടെ വിദേശ നയം വിജയകരമാണെന്ന് തെളിഞ്ഞു. മോദിയും ഇന്ത്യയും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നു.
എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിന് മുന്നില്‍ വിദേശ നയവും രാജ്യ സുരക്ഷയും വെല്ലുവിളിയുയര്‍ത്തി. ഊര്‍ജ്ജസ്വലവും സുസ്ഥിരവുമായ സൈനിക ബലം, പാക്കിസ്ഥാന്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഏതൊരു വെല്ലുവിളിയേയും ഫലപ്രദമായി നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നു.
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെക്കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റി, പ്രതിച്ഛായ കൂട്ടാനുള്ള തീവ്രശ്രമങ്ങളും മോദി നടത്തി. അതെല്ലാം ലോക നേതാക്കളില്‍ മതിപ്പുളവാക്കി. നിരവധി അന്താരാഷ്ട്ര മാഗസിനുകള്‍ മോദിയെ ഗ്ലോബല്‍ സ്റ്റേറ്റ്സ്മാന് എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടുകയുമുണ്ടായി.
എല്ലാത്തരത്തിലുമുള്ള വെല്ലുവിളികള്‍ക്കിടയിലും മോദി ജനകീയനായി തന്നെ തുടരുന്നു. ജനങ്ങളുമായി നേരിട്ടാണ് അദ്ദേഹം സംവദിക്കുന്നത്. രാജ്യത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍ ജനം കാണുന്നുമുണ്ട്. എല്ലാ വെല്ലുവിളികളേയും മറികടന്ന് മുന്നോട്ട് പോവേണ്ടതുണ്ട്. ഇതിനായി വികേന്ദ്രീകരണം, കോ- ഓപ്പറേറ്റീവ് ഫെഡറലിസം, ആഗോളതലത്തിലുള്ള ഉടമ്പടികള്‍ എന്നിവയില്‍ ഊന്നി മുന്നോട്ട് പോവേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: